Image

ചെറുവള്ളി എസ്റ്റേറ്റ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി; ശബരിമല വിമാനത്താവള പദ്ധതി പ്രതിസന്ധിയില്‍

Published on 05 March, 2021
ചെറുവള്ളി എസ്റ്റേറ്റ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി; ശബരിമല വിമാനത്താവള പദ്ധതി പ്രതിസന്ധിയില്‍
തിരുവനന്തപുരം: ശബരിമല വിമാനത്താവള പദ്ധതിയെ അനിശ്ചിതത്വത്തിലാക്കി ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. വിദേശ പണമിടപാട് നിയമലംഘനത്തിന്റെ പേരിലാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുളള ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്.

500 കോടി രൂപയുടെ വിദേശ പണമിടപാട് നിയമലംഘനമെന്ന് ആദായനികുതിവകുപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയിലാണ് ചര്‍ച്ചിന്റെ ആസ്തിവകകള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടുന്നത്.

നികുതികുടിശിക അടച്ചില്ലങ്കില്‍ ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പിന്റെ കൈയിലാകാനാണ് സാദ്ധ്യത. അങ്ങനെ സംഭവിച്ചാല്‍ വിമാനത്താവള പദ്ധതിയും അവതാളത്തിലാകും.

ശബരിമല വിമാനത്താവള പദ്ധതി പ്രദേശം കൂടി ഉള്‍പ്പെട്ട 2000 ഏക്കര്‍ ഭൂമിയാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്. ഹാരിസണ്‍ മലയാളവുമായി ഉടമസ്ഥാവകാശ തര്‍ക്കമുള്ള ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളത്തിനായി പണം കൊടുത്ത് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് നേരത്തെ വിവാദമായിരുന്നു. വിമാനത്താവള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് ആദായനികുതി വകുപ്പ് എസ്റ്റേറ്റ് കണ്ടുകെട്ടിയിരിക്കുന്നത്.

അനധികൃത വിദേശ സഹായം കൈപ്പറ്റിയ സംഭവത്തില്‍ മൊഴിയെടുപ്പിന് ഹാജരാകാന്‍ ആദായ നികുതി വകുപ്പ് ബിലീവേഴ്‌സ് ചര്‍ച്ച്‌ ബിഷപ്പ് കെ.പി. യോഹന്നാന് നോട്ടീസ് അയച്ചിരുന്നു. യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഡിസംബര്‍ ആദ്യവാരത്തോടെ മൊഴിയെടുപ്പിന് എത്താമെന്നും കാണിച്ച്‌ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍കം ടാക്‌സിന് യോഹന്നാന്‍ നോട്ടീസ് അയച്ചിരുന്നു.

ബിഷപ്പ് ഇപ്പോള്‍  ടെക്‌സസിലെ ഗോസ്പല്‍ ഫോര്‍ ഏഷ്യ ആസ്ഥാനത്താണളളത്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പല സ്ഥാപനങ്ങളില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും സാമ്ബത്തിക ഇടപാടിനെക്കുറിച്ചുള്ള രേഖകളും റെയ്ഡില്‍ കണ്ടെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക