Image

1.9  ട്രില്യൺ സഹായ ബിൽ പാസായി; 1400 ഡോളർ ഉടൻ ; മുഴുവൻ തുക കിട്ടാൻ  ചെയ്യേണ്ടത് 

Published on 06 March, 2021
1.9  ട്രില്യൺ സഹായ ബിൽ പാസായി; 1400 ഡോളർ ഉടൻ ; മുഴുവൻ തുക കിട്ടാൻ  ചെയ്യേണ്ടത് 

വാഷിംഗ്ടൺ, ഡി.സി: വെള്ളിയാഴ്ച പകൽ തുടങ്ങി  രാത്രിയും കടന്ന് ശനിയാഴ്ച (ഇന്ന്) ഉച്ച വരെ തുടർന്ന സമ്മേളനത്തിന് ശേഷം സെനറ്റ്,  പ്രസിഡന്റ് ബൈഡന്റെ 1.9 ട്രില്യൺ കോവിഡ്  സഹായ ബിൽ പാസാക്കി.

സെനറ്റിലെ 50 പേര് ബില്ലിന് അനുകൂലമായും 49  പേർ  എതിരായും വോട്ട് ചെയ്തു. ബിൽ പാസായതായി ചെയർ പ്രഖ്യാപിച്ചതോടെ ആഹ്ലാദാരവങ്ങൾ ഉയർന്നു.

പ്രസിഡന്റ് ബൈഡൻ സെനറ്റിനും വൈസ് പ്രസിഡന്റിനും മജോറിറ്റി ലീഡർ ചക്ക് ഷുമറിനും  നന്ദി  പറഞ്ഞു. ജനങ്ങൾ ഏറെ ദുരിതം   അനുഭവിച്ചു. അവർക്ക് സഹായം ഇനി അകലെയല്ല-പ്രസിഡന്റ് പറഞ്ഞു 

ചർച്ച ഏകദേശം 26 മണിക്കൂർ നീണ്ടുനിന്നു .

റിപ്പബ്ലിക്കനായ അലാസ്ക സെനറ്റർ ഡാൻ സള്ളിവൻ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഭാര്യാപിതാവിന്റെ മരണം കാരണം അദ്ദേഹം അലാസ്കയിലേക്കു മടങ്ങി. അദ്ദേഹം ഉണ്ടായിരുന്നുവെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്കും 50 വോട്ട് കിട്ടുമായിരുന്നു. എങ്കിലും വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ  കാസ്റ്റിങ് വോട്ടോടെ ബിൽ പാസാകുമായിരുന്നു.

ബില്ലിലെ പ്രധാന നിർദേശങ്ങളിലൊന്ന് 1400 ഡോളർ സ്റ്റിമുലസ് ചെക്ക് അർഹരായവർക്ക് നൽകുകയാണ്. 75000 ഡോളർ വരെ വരുമാനം ഉള്ളവർക്ക് അത് കിട്ടും. 80000 ഡോളർ വരെ വരുമാനമുള്ളവർക്ക് ഭാഗികമായി തുക കിട്ടും .അതിൽ കൂടുതൽ ഉള്ളവർക്ക് ഒന്നുമില്ല. ഒരുമിച്ച് ടാക്സ് ഫയൽ ചെയ്യുന്ന ദമ്പതികൾക്ക് വരുമാനം 150,000  വരെ മുഴുവൻ തുക കിട്ടും. 160,000 വരെ ഭാഗികമായി തുക കിട്ടും.

തൊഴിലില്ലായ്മാ  വേതനം കിട്ടുന്നവർക്ക് ആഴ്ചയിൽ 400-നു പകരം 300 ഡോളരെ  ഫെഡറൽ സഹായം കിട്ടു.

അത് പോലെ മിനിമം വേതനം 15  ഡോളർ ആക്കാൻ കഴിഞ്ഞതുമില്ല.

എങ്ങനെ കോവിഡ് സ്റ്റിമുലസ് ചെക്ക് പൂർണമായി നേടാം?

മൂന്നാമത്തെ കൊറോണ വൈറസ് സ്റ്റിമുലസ് ചെക്ക് നേടുന്നതിനുള്ള യോഗ്യത കോൺഗ്രസ് കർശനമാക്കിയതോടെ, ചില അമേരിക്കക്കാർ അവരുടെ അടുത്ത നികുതി റിട്ടേൺ തന്ത്രപരമായി ഫയൽ ചെയ്ത്  1,400 ഡോളർ നേടാൻ ആഗ്രഹിക്കുന്നു.

സ്റ്റിമുലസ് തുക ടാക്സ് സീസണിന്റെ മധ്യത്തിൽ തന്നെ ലഭിക്കാൻ സാധ്യതയുണ്ട്.  ഇത് നിർണായകമാണ്. കാരണം, ഏറ്റവും പുതിയ നികുതി വരുമാനത്തെ അടിസ്ഥാനമാക്കിയാണ് സ്റ്റിമുലസ്  പേയ്‌മെന്റ്  നിശ്ചയിക്കുന്നത്.

കഴിഞ്ഞ  ടാക്സിൽ  (2019) വരുമാനം കൂടുതലും ഈ വര്ഷത്തേത്തിൽ (2020) വരുമാനം കുറവും ആണെങ്കിൽ ഈ വർഷം  ടാക്സ് ഫയൽ ചെയ്യുന്നവർക്ക് ഗുണം ലഭിക്കും. അവരുടെ ഈവർഷത്തെ വരുമാനമാണ് കണക്കാക്കുക. പക്ഷെ ബൈഡൻ ബില്ലിൽ  ഒപ്പിടുന്നതിനു മുൻപ് ടാക്സ് ഫയൽ ചെയ്തിരിക്കണം.

ഇനി കഴിഞ്ഞ വര്ഷം വരുമാനം കുറവും ഈ വര്ഷം കൂടുതലും ആണെങ്കിൽ ടാക്സ് പതിയെ ഫയൽ ചെയ്‌താൽ മതി. ഐ ആർ.എസ് കഴിഞ്ഞ വർഷത്തെ വരുമാനം നോക്കി സ്റ്റിമുലസ് തുക നൽകും!

അർഹരെങ്കിലും തുക ഇപ്പോൾ കിട്ടാത്തവർക്ക് അത് അടുത്ത ടാക്സിൽ കാണിക്കാം.

 2020 റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ഏപ്രിൽ 15 വരെ ആയതിനാൽ ഇനിയും കൂടുതൽ സമയം മാറ്റിവയ്ക്കരുത്.

തീർച്ചയായും, 2019 ലും 2020 ലും 80,000 ഡോളറിൽ കൂടുതൽ സമ്പാദിച്ച ആർക്കും തന്നെ നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ സ്റ്റിമുലസ്  ചെക്കിനുള്ള അർഹത ഉണ്ടായിരിക്കുന്നതല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക