Image

ഭൂമി ഇടപാട്: തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സമന്‍സ്

Published on 18 June, 2012
ഭൂമി ഇടപാട്: തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സമന്‍സ്
ഹൈദരാബാദ്: ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും തമിഴ്‌നാട് ഗവര്‍ണറുമായ കെ.റോസയ്യയ്ക്ക് ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ സമന്‍സ്. റോസയ്യ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് കേസ്. സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ക്കായി പ്രത്യേകം വിജ്ഞാപനം ചെയ്ത് നല്‍കിയെന്നതാണ് കേസ്. ആന്ധ്രയിലെ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് സമന്‍സ്. 

ഹൈദരാബാദ് മെട്രോപൊളിറ്റന്‍ അതോറിറ്റിയുടെ അമീര്‍പേഠിലുള്ള പത്ത് ഏക്കറോളം വരുന്ന ഭൂമി 2010 ല്‍ സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനായി മുഖ്യമന്ത്രിയായിരുന്ന റോസയ്യ ഇടപ്പെട്ട് പ്രത്യേകം വിജ്ഞാപനം ചെയ്തു എന്നാരോപിച്ച് പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ മോഹന്‍ലാലാണ് ഹര്‍ജി നല്‍കിയത്. 

200 കോടി രൂപയുടെ നഷ്ടം ഈ ഇടപാട് സര്‍ക്കാരിനുണ്ടാക്കിയെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ പോലീസ് സംഘം 2011 മാര്‍ച്ചില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതില്‍ റോസയ്യയെ കുറ്റവിമുക്തമാക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കിയിരുന്നത്.

എന്നാല്‍ കോടതി റിപ്പോര്‍ട്ട് തള്ളുകയും വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തു. ഈ കേസിലാണ് ഇപ്പോള്‍ സമന്‍സ് അയച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരായ സി.വി.എസ്.കെ.ശര്‍മ്മ, ടി.എസ്.അപ്പാറാവു, ബി.പി.ആചാര്യ എന്നിവരേയും ചോദ്യം ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക