Image

മന്ത്രിമാര്‍ രാജിക്കത്ത് നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തൃണമൂല്‍

Published on 18 June, 2012
മന്ത്രിമാര്‍ രാജിക്കത്ത് നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് തൃണമൂല്‍
ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ കേന്ദ്ര മന്ത്രിമാര്‍ രാജിക്കത്ത് നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി തൃണമൂല്‍ നിര്‍ദേശിച്ച എ.പി.ജെ അബ്ദുള്‍ കലാമിന്റെ പേര് നിരസിച്ച കോണ്‍ഗ്രസ,് പ്രണാബ് മുഖര്‍ജിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തൃണമൂലിന്റെ കേന്ദ്ര മന്ത്രിമാര്‍ പാര്‍ട്ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിക്ക് രാജിക്കത്ത് നല്‍കിയതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് കോല്‍ക്കത്തയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ അടിയന്തര യോഗത്തിലാണ് മന്ത്രിമാര്‍ രാജിക്കത്ത് നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കേന്ദ്ര മന്ത്രിസഭയ്ക്ക് പിന്തുണ പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിമാര്‍ രാജിക്കത്ത് നല്‍കിയതെന്നായിരുന്നു റിപ്പോര്‍ട്ട്. കേന്ദ്ര മന്ത്രിസ്ഥാനം രാജിവെയ്ക്കാന്‍ തയാറാണെന്ന് റെയില്‍വെ മന്ത്രി മുകുള്‍ റോയ് നേരത്തെ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രപതി സ്ഥാനാര്‍ഥിയായി മമത നിര്‍ദേശിച്ച ഡോ.എ.പി.ജെ അബ്ദുള്‍ കലാമിനെ സമാജ്‌വാദി പാര്‍ട്ടിയും ആദ്യം പിന്തുണച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് പ്രണാബിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ നിലപാട് മാറ്റിയത് മമതയ്ക്ക് തിരിച്ചടിയായിരുന്നു. ഇതോടെ മമതയെ തഴഞ്ഞ് കോണ്‍ഗ്രസ് സമാജ്‌വാദി പാര്‍ട്ടിയെ യുപിഎ സഖ്യത്തിലെടുത്തേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക