Image

ഐസ്‌ക്രീം കേസ് അട്ടിമറിച്ചതിന് തെളിവില്ലെന്ന റിപ്പോര്‍ട്ടിനെതിരെ റൗഫ് വീണ്ടും കോടതിയിലേക്ക്

Published on 18 June, 2012
ഐസ്‌ക്രീം കേസ് അട്ടിമറിച്ചതിന് തെളിവില്ലെന്ന റിപ്പോര്‍ട്ടിനെതിരെ റൗഫ് വീണ്ടും കോടതിയിലേക്ക്
കോഴിക്കോട്: വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അട്ടിമറിച്ചുവെന്ന ആരോപണം തള്ളിക്കൊണ്ട് അന്വേഷണസംഘം കോഴിക്കോട് ഒന്നാംക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെതിരെ വ്യവസായി കെ.എ.റൗഫ് വീണ്ടും കോടതിയെ സമീപിക്കുന്നു.

മുസ്‌ലിംലീഗ് നേതാവും വ്യവസായമന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കുറ്റപത്രം നല്‍കാന്‍ പര്യാപ്തമായ തെളിവില്ലെന്ന് എഡിജിപി വിന്‍സെന്‍ എം. പോള്‍ അധ്യക്ഷനായ പ്രത്യേക അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിനെതിരെയാണ് റൗഫ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച രേഖയുടെ പൂര്‍ണ വിവരം ലഭിച്ചു കഴിഞ്ഞാല്‍ രണ്ടു ദിവസത്തിനകം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് താനെന്ന് റൗഫ് 'ദീപിക'യോടു പറഞ്ഞു.

കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു തെളിവും അന്വേഷണ സംഘത്തിനു കണെ്ടത്താന്‍ സാധിച്ചിട്ടില്ല. ജഡ്ജിമാരായ കെ.നാരായണകുറുപ്പ്, തങ്കപ്പന്‍ എന്നിവര്‍ക്ക് കൈക്കൂലി നല്‍കി ഐസ്‌ക്രീം കേസ് അട്ടിമറിച്ചതാണെന്ന കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരി ഭര്‍ത്താവും വ്യവസായിയുമായ കെ.എ റൗഫ് ഉന്നയിച്ച ആരോപണം തെളിയിക്കാനായില്ലെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്തിമ റിപ്പോര്‍ട്ടാണ് ഒരാഴ്ചമുമ്പ് ഡിവൈഎസ്പി ജെയ്‌സണ്‍ കെ. എബ്രഹാം സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടു പരിഗണിക്കുന്ന കോടതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. എന്നാല്‍ താന്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണെന്നും കേസ് അട്ടിമറിക്കപ്പെട്ടിട്ടുണെ്ടന്നും റൗഫ് ആവര്‍ത്തിച്ചു പറഞ്ഞു.

ഐസ്‌ക്രീം പെണ്‍വാണിഭ കേസ് അട്ടിമറിക്കാന്‍ കുഞ്ഞാലിക്കുട്ടി താന്‍ മുഖേന പണം നല്‍കിയെന്നതുള്‍പ്പെടെയുള്ള ഒട്ടേറെ വെളിപ്പെടുത്തലുകളാണ് റൗഫ് നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 28നു കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആദ്യമായി ഇത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. തുടര്‍ന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ വിന്‍സെന്‍ എം. പോളിനെ അധ്യക്ഷനാക്കി കേസ് അട്ടിമറി സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. 

താമരശേരി ഡിവൈഎസ്പി ജെയ്‌സണ്‍ കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. 1997 -ല്‍ നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അട്ടിമറി സംബന്ധിച്ചാണ് 2011 -ല്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചുകൊണ്ടു അന്വേഷണം നടത്തിയത്. റൗഫിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുക്കുകയായിരുന്നു. ഗൂഢാലോചന, വ്യാജരേഖയുണ്ടാക്കല്‍, പണം നല്‍കി സ്വാധീനിക്കല്‍, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ ആറു കുറ്റങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണു കേസെടുത്തിരുന്നത്. എന്നാല്‍ ഈ കേസുകളിലൊന്നും തന്നെ തെളിവുകള്‍ കണെ്ടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. പുതിയതായി ഒന്നും കണെ്ടത്താന്‍ സാധിച്ചില്ലെന്നു കാണിച്ചാണു പ്രത്യേക അന്വേഷണ സംഘം 17 മാസത്തെ ഐസ്‌ക്രീം കേസ് അട്ടിമറി അന്വേഷണം അവസാനിപ്പിച്ചത്. 

കേസിലെ അട്ടിമറി സാധ്യത പൂര്‍ണമായും തള്ളിക്കൊണ്ടാണു റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതികളൊന്നും ഇല്ലാത്തതിനാല്‍ കുറ്റപത്രമായല്ല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 
കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം രണ്ട് ജഡ്ജിമാരുള്‍പ്പെടെ 150 പേരില്‍നിന്ന് മൊഴിയെടുക്കുകയും 100 ലധികം രേഖകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം പൊലീസ് അന്വേഷണ റിപ്പോര്‍ട്ടും പിന്നീട് കേസ് ഡയറിയും സമര്‍പ്പിച്ചു. 

ഇതുമായി ബന്ധപ്പെട്ട് വിഎസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയും തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണസംഘം റൗഫ് ആരോപിച്ച കാര്യങ്ങളില്‍ തെളിവില്ലെന്ന് കണെ്ടത്തിയത്. റൗഫിന്റെ വെളിപ്പെടുത്തലിനുശേഷം പീഡനത്തിന് ഇരയായെന്ന് ആരോപിക്കപ്പെട്ട ബിന്ദു, റോസ്‌ലിന്‍ എന്നിവര്‍ തങ്ങളെ ഭീഷണിപ്പെടുത്തിയാണ് മൊഴിമാറ്റിപ്പറഞ്ഞതെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇത് റൗഫിന്റെ ആരോപണത്തിന് പിന്‍ബലമായി കണക്കാക്കിയിരുന്നെങ്കിലും ഇതിനെപ്പറ്റിയും വ്യക്തമായ തെളിവുകള്‍ കണെ്ടത്താനായില്ലെന്നും അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക