Image

ഐസ്‌ക്രീം കേസ്‌: വി.എസ്‌ നേരിട്ട്‌ ഹാജരാകണമെന്ന്‌ കോടതി‍‍

Published on 19 June, 2012
ഐസ്‌ക്രീം കേസ്‌: വി.എസ്‌ നേരിട്ട്‌ ഹാജരാകണമെന്ന്‌ കോടതി‍‍
കോഴിക്കോട്‌: ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ അട്ടിമറിച്ചുവെന്ന പരാതിയിലുള്ള അന്വേഷണം തള്ളാനുള്ള നീക്കത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ കോടതിയില്‍ നേരിട്ട്‌ ഹാജരാകണമെന്ന്‌ കോഴിക്കോട്‌ ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി നിര്‍ദ്ദേശിച്ചു. വി.എസിന്‌ ഹാജരാകാന്‍ കോടതി രണ്ടാഴ്‌ചത്തെ സമയം അനുവദിച്ചു. ഇതിനായി കേസ്‌ ജൂലൈ ആറിലേക്ക്‌ മാറ്റി.

വി.എസിന്റെ ഹര്‍ജി പരിഗണിക്കവേ ഹര്‍ജിക്കാരന്‍ എവിടെയെന്ന്‌ കോടതി ആരാഞ്ഞു. തിരക്കുകള്‍ കാരണം എത്താന്‍ കഴിഞ്ഞില്ലെന്ന്‌ വി.എസിന്റെ അഭിഭാഷകന്‍ പി.രാജീവ്‌ അറിയിച്ചു. സമയം അനുവദിച്ചാല്‍ നേരിട്ട്‌ ഹാജരാകുമെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. ഇതേ തുടര്‍ന്നാണ്‌ രണ്ടാഴ്‌ചത്തെ സമയം അനുവദിച്ചത്‌.

വി.എസിന്‌ ഈ കേസില്‍ ഇടപെടാന്‍ എന്തു സാഹചര്യമാണുള്ളതെന്നും കോടതി ആരാഞ്ഞു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ തുടക്കംമുതല്‍ വി.എസ്‌ ഇടപെട്ടിരുന്നുവെന്നും ഇതു സംബന്ധിച്ച്‌ ഹൈക്കോടതിയില്‍ കേസ്‌ നടത്തിയിരുന്നുവെന്നും അഭിഭാഷകന്‍ അറിയിച്ചു.

അതിനിടെ, അട്ടിമറിക്കേസ് തള്ളണമോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടതെന്ന് മജിസ്ട്രേറ്റ് അറിയിച്ചു. അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടേയുള്ളൂ. അത് പരിശോധി​ച്ച് നടപടി സ്വീകരിക്കേണ്ടത് കോടതിയാണ്. റിപ്പോര്‍ട്ട് സ്വീകരിക്കണ​​മോ പുനരന്വേഷണം വേണമോ എന്ന് കോടതി തീരുമാനിക്കുമെന്നും ജഡ്ജി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക