Image

പാക് പ്രധാനമന്ത്രി ഗീലാനിയെ സുപ്രീംകോടതി അയോഗ്യനാക്കി

Published on 19 June, 2012
പാക് പ്രധാനമന്ത്രി ഗീലാനിയെ സുപ്രീംകോടതി അയോഗ്യനാക്കി

ഇസ്ലാമാബാദ് : പാകിസ്താന്‍ പ്രധാനമന്ത്രി യൂസുഫ് റാസാ ഗീലാനി തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് പാക് സുപ്രീംകോടതി. കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ പാര്‍ലമെന്റംഗമായി തുടരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഗീലാനിയെ അയോഗ്യനാക്കിയത്.

'എപ്രില്‍ 26 ന് ശിക്ഷ പ്രഖ്യാപിച്ചതു മുതല്‍ പാര്‍ലമന്റ് അംഗത്വത്തിന് അയോഗ്യനാണ് യൂസുഫ് റാസാ ഗീലാനി. പാകിസ്താന്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും അദ്ദേഹം മാറി നില്‍ക്കണം'. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഇഫ്തികാര്‍ മുഹമ്മദ് ചൗധരി ഉത്തരവിട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത സംബന്ധിച്ച നോട്ടീസ് പുറപ്പെടുവിക്കണമെന്നും ജനാധിപത്യ പ്രക്രിയകള്‍ മുന്നോട്ട് കൊണ്ടുപോവുന്നതിന് അനിവാര്യമായ നടപടികള്‍ പ്രസിഡണ്ട് ഉറപ്പുവരുത്തണമെന്നും ചീഫ് ജസ്റ്റിസ് ഉത്തരവില്‍ വ്യക്തമാക്കി.

പ്രസിഡണ്ട് ആസിഫലി സര്‍ദാരിക്കെതിരായ അഴിമതി കേസുകള്‍ പുനരുജ്ജീവിപ്പിക്കണമെന്ന കോടതി നിര്‍ദേശം നടപ്പാക്കാന്‍ ഗീലാനി തയ്യാറായില്ല എന്നതായിരുന്നു അദ്ദേഹത്തിനെതിരായ കുറ്റം. ഈ കേസിലാണ് കോടതി ഗീലാനിയെ കോടതി പിരിയും വരെ പ്രതീകാത്മകമായി ശിക്ഷിച്ചത്. എന്നാല്‍ പ്രസിഡണ്ട് എന്ന നിലയില്‍ സര്‍ദാരിക്ക് കേസുകളില്‍ നിന്ന് ഭരണഘടനാപരമായ സംരക്ഷണമുണ്ടെന്നായിരുന്നു ഗീലാനിയുടെ നിലപാട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക