Image

പാതിവൃത്യബലവും മൂക്കിന്റെ പാലവും (മിനി കഥ: സുധീര്‍ പണിക്കവീട്ടില്‍)

Published on 19 June, 2012
പാതിവൃത്യബലവും മൂക്കിന്റെ പാലവും (മിനി കഥ: സുധീര്‍ പണിക്കവീട്ടില്‍)
തലക്കെട്ടിലെ രണ്ടു വാക്കുകളും തമ്മില്‍ പ്രത്യക്ഷത്തില്‍ ഒരു ബന്ധവും കാണാതെ വായനക്കാരന്‍ അമ്പരക്കുമായിരിക്കും. വാസ്‌തവത്തില്‍ എഴുത്തുകാരന്റെ ഭാവനയില്‍ കൂടി ഉരുത്തിരിഞ്ഞുവരുന്ന കഥകള്‍ വായിക്കുമ്പോഴാണ്‌ വായനക്കാരനു സംശയങ്ങള്‍ ഉണ്ടാകുന്നതും സംശയങ്ങള്‍ തീരുന്നതും. പാതിവൃത്യബലം എന്നാല്‍ കുലീനയായ സ്ര്‌തീ അവള്‍ ഭര്‍ത്താവില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റേയും ഫലമായി ആര്‍ജ്‌ജിച്ചെടുക്കുന്നതാണ്‌. ആര്‍ഷഭാരതത്തില്‍ ഭര്‍ത്താവിനെ ഈശ്വരനെപ്പോലെ കാണുന്ന സ്‌ത്രീ ഏഴാം കടലിന്നക്കരെയെത്തിയിട്ടും ആ ധാരണയില്‍ നിന്നും വ്യതിചലിക്കുന്നില്ല. പരപുരുഷനെ നോക്കുന്നത്‌ പോലും പാപമാണെന്ന്‌ അത്തരം സ്ര്‌ത്രീകള്‍ വിശ്വസിക്കുന്നു.

പാതിവ്രുത്യബലം കൊണ്ട്‌ സൂര്യനെ ഉദിപ്പിക്കാതിരിപ്പിക്കുകയും, അനാവശ്യമായി അടുത്ത്‌ കൂടിയ വേടനെ കരിച്ച്‌ ചാമ്പലാക്കുകയും, കൂടെ കിടക്കാന്‍ വന്നവരെ ശിശുക്കളാക്കുകയും ചെയ്‌തിട്ടുണ്ട്‌ ഭാരതസ്ര്‌ത്രീകള്‍ . അത്തരം അത്ഭുതങ്ങള്‍ കാണിക്കാന്‍ ഇപ്പോള്‍ പ്രയാസമാണെങ്കിലും ആ പതിവൃതകളുടെ മനസ്സ്‌ അമേരിക്കന്‍ മണ്ണില്‍ വച്ച്‌ ഒരു മലയാളി സ്ര്‌ത്രീ പതിവൃത കാണിക്കുകയും അനേകരെ അതിശയിപ്പിക്കുകയും ചെയ്‌തു,

കാലത്തെ റഷ്‌ ഹൗര്‍ (തിരക്കുള്ള സമയം) എന്ന മുഹുര്‍ത്തം. മനുഷ്യരുടെയൊക്കെ രക്‌ത സമ്മര്‍ദ്ദം നിന്ന നില്‍പ്പില്‍ അടിച്ച്‌ കയറുന്ന തിരക്കും, വെപ്രാളവും സമയത്തിന്റെ പുറകെ ഓട്ടവും. അങ്ങനെ ഒരു ഒളിമ്പിക്‌സ്‌ കളിയുടെ സന്നാഹങ്ങള്‍ സമയത്തിന്റെ ചിലവില്‍ അരങ്ങേറുന്ന ശുഭമുഹുര്‍ത്തം. പെട്ടെന്ന്‌ റോഡില്‍ സ്‌തംഭനാവസ്‌ഥ. ആംബുലന്‍സുകള്‍ ചീറി പാഞ്ഞുവരുന്നു. പോലിസ്‌ കാറുകള്‍ സൈറന്‍ മുഴക്കി വരുന്നു. ക്യാമറയുമായി ഫ്രീലാന്‍സ്‌ പത്ര പ്രവര്‍ത്തകര്‍... അങ്ങനെ ഒരു ബഹളം. സംഭവ സ്‌ഥലത്ത്‌ നിന്ന്‌ പിരിഞ്ഞ്‌ പോകുന്നവര്‍ പൊട്ടിച്ചിരിക്കുകയും ഇന്ത്യക്കാരെ കാഴ്‌ച്ച ബംഗ്ലാവില്‍ നിന്നു ഇറങ്ങിയ ചിമ്പാന്‍സികളെ പോലെ കൗതുകത്തോടെ നോക്കുകയും ചെയ്യുന്നു. വാഹനങ്ങളില്‍ ഇരിക്കുന്നവര്‍ കയ്യും തലയും പുറത്തേക്ക്‌ നീട്ടി സംഭവം എന്താണെന്നു അന്വേഷിക്കുന്നുണ്ട്‌. ആളുകളുടെ അന്വേഷണത്തില്‍ അപകടം പിണഞ്ഞിരിക്കുന്നത്‌ മലയാളി പുരുഷനും സ്ര്‌ത്രീക്കുമാണെന്ന്‌ അറിഞ്ഞു. മലയാളികള്‍ ഉടനെ ഒരു നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്‌തു. മലയാളി അച്ചായന്‍ ഏതെങ്കിലും മല്ലു പെണ്ണൂമ്പിള്ളയെ ബസ്സില്‍ വച്ച്‌ പീഢിപ്പിക്കാന്‍ ശ്രമിച്ച്‌ കാണും. ആംബുലന്‍സ്‌ അപ്പോഴേക്കും ചീറി പാഞ്ഞ്‌ പോയത്‌കൊണ്ട്‌ വാഹനതടസ്സം നീങ്ങി ബസ്സ്‌ സ്‌റ്റൊപ്പില്‍ നിര്‍ത്തി.

അവിടെ ഒരു മലയാളി സ്ര്‌ത്രീയെ വട്ടംചുറ്റി ആളുകള്‍ നിന്നിരുന്നു. ചിലര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നു. ചിലര്‍ തമാശകള്‍ പൊട്ടിക്കുന്നു. സ്ര്‌ത്രീ ഒട്ടും കൂസാതെ സെല്‍ഫോണില്‍ അവരുടെ ഭര്‍ത്താവുമായി സംസാരിക്കുന്നത്‌ കേള്‍ക്കാം. അച്ചായ വേഗം കാറു കൊണ്ട്‌ വരു, എന്റെ കുപ്പായത്തിലൊക്കെ ചോര തെറിച്ച്‌ വൃത്തികേടായി. അവര്‍ നില്‍ക്കുന്നതിനടുത്തായി ന്യൂയോര്‍ക്ക്‌ ഗതാഗത വകുപ്പിന്റെ എഞ്ചിനീയറൊ, ടെക്‌നീഷ്യനോ ഒരു ബസ്സിന്റെ പിന്‍ വാതില്‍ പരിശോധിക്കുന്നു. അതിന്റെ പ്രവര്‍ത്തനം അവര്‍ തുറന്നും അടച്ചും ഉറപ്പുവരുത്തുന്നു. ബസ്സിന്റെ മുന്‍ വശത്തെ വാതില്‍ ഡ്രൈവര്‍ക്ക്‌ മുഴുവാനായി തുറക്കാമെങ്കിലും പുറകിലെ വാതിലുകകളില്‍ ചിലത്‌ യാത്രക്കാര്‍ തള്ളിയാലെ തുറക്കുകയുള്ളു. അത്തരം വാതിലുകള്‍ യാത്ര്‌ക്കാരന്‍ ഇറങ്ങമ്പോള്‍ താനെ അടയുന്നു. അതുകൊണ്ട്‌ ആദ്യം ഇറങ്ങുന്നവര്‍ പുറകെ വരുന്നവര്‍ ഡോറില്‍ പിടിക്കുന്നത്‌വരെ ഡോര്‍ തുറന്നു പിടിക്കാറുണ്ട്‌. ഇതൊക്കെ പെട്ടെന്നു കഴിയുന്ന കാര്യങ്ങളായത്‌കൊണ്ട്‌ ആര്‍ക്കും ഡോര്‍ പിടിച്ച്‌ നില്‍ക്കേണ്ടി വരുന്നില്ല. ആരും ഇതൊന്നും ശ്രദ്ധിക്കാറില്ല. വസ്ര്‌തത്തില്‍ ചോരതുള്ളികളുമായി നില്‍ക്കുന്ന സ്ര്‌ത്രീ വന്നിറങ്ങിയ ബസ്സാണു പരിശോധിക്കപ്പെടുന്നത്‌. അതിന്റെ പിന്‍ വാതില്‍ ശക്‌തിയായി തുറന്ന്‌ അവര്‍ പുറത്തേക്ക്‌ കടക്കുമ്പോള്‍ പുറകില്‍ ഒരാളുണ്ടായിരുന്നു. ഓരോ കയ്യിലും ബാഗും കുടയും പുസ്‌തകകെട്ടുകളുമായി ഒരു മലയാളി അച്ചായന്‍. ആ സ്ര്‌ത്രീ അതു ഗൗനിക്കാതെ ഡോര്‍ കൈവിട്ടു പുറത്ത്‌ കടക്കലും അത്‌ പ്രതീക്ഷ്‌ക്കാതിരുന്ന അച്ചായന്റെ മുഖത്ത്‌ ഡോര്‍ ശക്‌തിയിലിടിക്കുകയും അദ്ദേഹത്തിന്റെ കണ്ണട പൊട്ടിച്ചിതറുകയും മൂക്കിന്റെ പാലം തകരുകയും ചെയ്‌തു. ഡോറിന്റെ വിടവിലൂടെ ചീറി പാഞ്ഞ്‌പോയ ചോര തുള്ളികള്‍ സ്ര്‌ത്രീയുടെ കുപ്പായത്തില്‍ പതിഞ്ഞു. മലയാളി അച്ചായന്‍ ബോധം കെട്ടു വീഴാന്‍ പോയെങ്കിലും പുറകിലുള്ളവര്‍ അദ്ദേഹത്തെ താങ്ങി പിടിച്ചു. അവര്‍ ശബ്‌ദം വച്ച്‌ ആ സ്ര്‌ത്രീയെ തടഞ്ഞ്‌ നിര്‍ത്തുകയും മലയാളി അച്ചായനെ ആംബുലന്‍സില്‍ കയറ്റി വിടുകയും ചെയ്‌തു. സ്ര്‌ത്രീയുടെ പേരില്‍ ശിക്ഷയൊന്നും നടപ്പാക്കാനുള്ള വകുപ്പില്ലെങ്കിലും ചുറ്റും കൂടിയിരുന്ന ആളുകള്‍ അവരോട്‌ ചോദിച്ചു.`ആ വാതില്‍ ഒന്നു തുറന്നു പിടിച്ച്‌ കൊടുത്തിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കുമായിരുന്നോ?' അവര്‍ കണ്ണകിയെപോലെ ജ്വലിച്ചുകൊണ്ട്‌ പറഞ്ഞു. `പരപുരുഷനുവേണ്ടി വാതില്‍ തുറന്നു പിടിച്ച്‌ കൊടുക്കുക എന്നത്‌ പതിവൃതയായ ഒരു സ്‌ത്രീയെ സമ്പന്ധിച്ചേടത്തോളം എത്രയൊ ആഭാസകരം. ഞാനൊരു ഭാരത്‌ സ്ര്‌തീയാണു.എന്റെ ഊണിലും ഉറക്കത്തിലും എന്റെ ഭര്‍ത്താവാണു. ഞാന്‍ ഭര്‍ത്താവിനെ ധ്യാനിച്ച്‌ കഴിയുന്ന പതിവൃതയാണ്‌.

ശ്രീ എന്‍.എന്‍ പിള്ളയുടെ നാടകങ്ങളിലെ ദ്വയാര്‍ഥമുള്ള സംഭാഷണം പോലെ ഒരു മലയാളി അപ്പോള്‍ സ്വകാര്യം പറഞ്ഞു. `പെങ്ങളെ അകത്തോട്ട്‌ കയറ്റാനല്ലല്ലോ വാതില്‍ തുറന്ന്‌ കൊടുക്കേണ്ടിയിരുന്നത്‌ പുറത്തോട്ട്‌ പോകാനല്ലേ.'

ഒരു സ്‌ത്രീയുടെ പാതിവൃത്യബലം മൂലം മൂക്കിന്റെ പാലം തകരാറിലായ സാധു മനുഷ്യന്‍ ശസ്ര്‌തക്രിയ ഒക്കെ കഴിഞ്ഞ്‌ സുഖം പ്രാപിച്ച ശേഷം ഒരിക്കല്‍ പോലും ബസ്സിന്റെ പുറകില്‍ കൂടി ഇറങ്ങിയിട്ടില്ലത്രെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക