Image

പണിപ്പുരയില്‍ അണിഞ്ഞൊരുങ്ങുന്ന ‘അനന്തദീപം’: ഫൊക്കാന സുവെനീര്‍

മണ്ണിക്കരോട്ട് Published on 18 June, 2012
പണിപ്പുരയില്‍ അണിഞ്ഞൊരുങ്ങുന്ന ‘അനന്തദീപം’: ഫൊക്കാന സുവെനീര്‍
ഹ്യൂസ്റ്റന്‍ : പതിനഞ്ചാമത് ഫൊക്കാന കണ്‍വന്‍ഷന്‍ ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹ്യൂസ്റ്റനില്‍ അരങ്ങേറുമ്പോള്‍, അമേരിക്കയിലെ മലയാളികളെ സ്മരണകളുടെ മടിത്തട്ടിലേക്ക് കൈപിടിച്ചുനടത്താന്‍ ഇതാ, അതിവിപുലവും അതിമനോഹരവുമായ ഒരു സ്മരണിക തയ്യാറായിക്കൊണ്ടിരിക്കുന്നു: അനന്തദീപം. അമേരിക്കയിലെ മലയാളികളുടെ സാംസ്‌ക്കാരിക കേന്ദ്രമായ ഹ്യൂസ്റ്റന്‍ന്റെയും മൂന്നു പതിറ്റാണ്ട് പിന്നിടുന്ന ഫൊക്കാനയുടെയും അന്തസും പ്രൗഡിയും വിളിച്ചോതുന്നതായിരിക്കും ഈ സ്മരണിക.

പ്രവാസ ജീവിതത്തിന്റെ സ്പന്ദനങ്ങളും നിശ്വാസങ്ങളും, ഗൃഹാതുരത്വത്തിന്റെ തേങ്ങലുകളും നെടുവീര്‍പ്പുകളും ഈ സ്മരണികയില്‍ പ്രതിധ്വനിയ്ക്കും. അതോടൊപ്പം നാടിന്റെ നാനാമുഖങ്ങളും ഈ സ്മരണികയിലൂടെ കണ്ടെത്താന്‍ കഴിയും. മലയാളികലുടെ നാഭീനാളബന്ധങ്ങളായിരിക്കും താളുകളില്‍ തെളിയുന്നത്. കേരളത്തില്‍തന്നെ മലയാളം മരിക്കുമൊ എന്നു ശങ്കിയ്ക്കുന്ന സമയത്ത് സുന്ദരമായ മലയാളഭാഷയിലും ശൈലിയിലും തയ്യാറാക്കിയിട്ടുള്ള കവിതകള്‍, ലേഖനങ്ങള്‍, ചെറുകഥകള്‍ അങ്ങനെ ഭാഷയെ പരിപോഷിപ്പിക്കുന്ന സാഹിത്യശകലങ്ങളാണ് ഈ സ്മരണികയുടെ ഊടും പാവും.
 
ഏതാണ്ട് മൂന്നൂറ്റമ്പതോളം താളുകളുള്ള ഈ ബൃഹത്തായ സ്മരണികയില്‍ ഇന്‍ഡ്യയിലെയും അമേരിക്കയിലെയും രാഷ്ട്രീയ-സാംസ്‌ക്കാരിക രംഗങ്ങളിലെ വളരെ ശ്രേഷ്ഠരായിട്ടുള്ളവരുടെ സന്ദേശങ്ങളും ഫൊക്കാനയുടെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചവരുടെയും പ്രവര്‍ത്തിക്കുന്നവരുടെയും വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിപുലമായ ഈ സംരംഭത്തിന്റെ ചെയര്‍മന്‍ ജിനു തോമസും ചീഫ് എഡിറ്റര്‍ തോമസ് വൈക്കത്തുശ്ശേരിയും ബോഡ് മെമ്പേഴ്‌സ് ജോര്‍ജ് മണ്ണിക്കരോട്ടും മാത്യു നെല്ലിക്കുന്നും എ.സി. ജോര്‍ജുമാണ്.

മലയാളത്തിന്റെ മണവും മാഹാത്മവുമുള്ള ഈ സ്മരിണിക കണ്‍വന്‍ഷന്റെ രണ്ടാം ദിവസം പൊതുജന സമക്ഷം സമര്‍പ്പിക്കുന്നതാണ്.
പണിപ്പുരയില്‍ അണിഞ്ഞൊരുങ്ങുന്ന ‘അനന്തദീപം’: ഫൊക്കാന സുവെനീര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക