Image

ഫെയ്‌സ്‌ ബുക്ക്‌ (റീനി മമ്പലം)

Published on 19 June, 2012
ഫെയ്‌സ്‌ ബുക്ക്‌ (റീനി മമ്പലം)
`ഹലോ, എനിക്ക്‌ നിങ്ങളുടെ കവിത ഇഷ്ടമായി. ആ കവിത എന്റെ ആത്മാവിനെ തൊട്ടു. കൂടുതല്‍ പരിചയപ്പെടണമെന്ന്‌ തോന്നി'.

`ശരിയോ? എനിക്കും വളരെ ഇഷ്ടപ്പെട്ട കവിതയാണ്‌'

ഫെയ്‌സ്‌ ബുക്കിലെ അവളുടെ പേരിനടുത്ത പച്ച ലൈറ്റ്‌ തെളിഞ്ഞപ്പോള്‍ അവന്‍ അവളുമായി ചാറ്റ്‌ ചെയ്‌തു. അവള്‍ മറുപടി എഴുതി. അവന്‌ സന്തോഷം.

`നിങ്ങളുടെ കവിതകള്‍ എന്നെ ഏതോ മാസ്‌മരലോകത്തില്‍ എത്തിക്കുന്നു.'

`ശരിക്കും?' അവളൊരു `സ്‌മൈലി' ഇടുവാന്‍ മറന്നില്ല.

അക്ഷരങ്ങള്‍ പക്ഷിവേഗത്തില്‍ സ്‌ക്രീനില്‍ വന്നുകൊണ്ടിരുന്നു. അതിനൊടുവില്‍ അവളൊരു നല്ല സൗഹൃദം എന്ന്‌ അവന്‌ തോന്നി. അവള്‍ `നീ' ആയി.

`നീ ഇപ്പോള്‍ എവിടെ?'

`ഞാന്‍ ഇപ്പോള്‍ യുഎസില്‍ എന്റെ പേരന്റ്‌സിന്റെ വീട്ടില്‍. എന്റെ ഫ്രെണ്ടിനോടൊപ്പം വീക്കെന്റില്‍ വന്നിരിക്കുകയാണ്‍. ഇവിടെ ഒരു സിറ്റിയില്‍ ജോലിചെയ്യുന്നു'.

`നിനക്ക്‌ യുഎസില്‍ വളര്‍ന്നിട്ട്‌ എങ്ങനെ മലയാളം ഇത്ര സുന്ദരമായി എഴുതുവാന്‍ സാധിക്കുന്നു?'

`ഞാന്‍ ജനിച്ചതും വളര്‍ന്നതും സ്‌കൂളില്‍ പോയതുമെല്ലാം കേരളത്തില്‍. അഛനും അമ്മേം ഇങ്ങോട്ടു ഇമിഗ്രേറ്റ്‌ ചെയ്‌തിട്ട്‌ നാലഞ്ചു വര്‍ഷമേ ആയിട്ടുള്ളു. മലയാളം ഞാന്‍ എങ്ങനെ മറക്കും?'

`അല്‍പ്പം ധൃതിയുണ്ട്‌. പോട്ടെടാ?'

`നീ വീണ്ടും വരണം, എനിക്ക്‌ കാണണം'

`ഞാന്‍ വരാം. ബൈ' അവളുടെ പച്ച ലൈറ്റ്‌ മറഞ്ഞു.

ദിവസം മണിക്കൂറുകളുമായി പറന്നുപോയി. വീണ്ടും അവളുടെ പച്ച ലൈറ്റ്‌ തെളിഞ്ഞപ്പോള്‍ അവന്‌ സൂര്യന്‍ ഉദിച്ചിരുന്നു.

`ഗുഡ്‌ മോണിങ്ങ്‌' അവന്റെ അഭിവാദ്യം.

`എനിക്കിപ്പോള്‍ രാത്രിയാ. ഇവിടെ ഓടിത്തളര്‍ന്ന സൂര്യന്‍ അവിടെ ഉദിച്ചിരിക്കുന്നു.'

`സഹിച്ചോളു'

വീണ്ടും അക്ഷരങ്ങള്‍ കൂട്ടമായി കടല്‍ കടന്ന്‌ സ്‌ക്രീനില്‍ വന്നിരുന്നു.

അടുത്ത കുറെ ദിവസങ്ങളില്‍ അവളുടെ പച്ച ലൈറ്റ്‌ കത്തിയില്ല. അവന്‍ അക്ഷമനായി.

`നീ എവിടെയായിരുന്നു?' വീണ്ടും കണ്ടപ്പോള്‍ അവന്‍ ചോദിച്ചു. `നിന്നെ `മിസ്‌' ചെയ്‌തു'.

`ഞാന്‍ എന്റെ ഫ്രെണ്ടുമായി വെക്കേഷന്‌ പോയിരുന്നു'

`നിന്റെ ഫ്രെണ്ടിന്റെ പേര്‌ എന്താ?'

`ക്രിസ്റ്റീന'

`നിന്റെ കവിതകള്‍ എന്നെ നിന്നിലേക്ക്‌ വലിക്കുന്നു. എന്തോ നിന്നോട്‌ ഒരു ഇഷ്ടം. എന്നും ഫെയ്‌സ്‌ ബുക്കിലൂടെ കാണണമെന്ന്‌ തോന്നുന്നു.'

`നന്നായി ഒരു ആരാധകനും കൂടിയായല്ലോ! ഇഷ്ടം, ജീവിതസഹജമായ ശിക്ഷ അര്‍ഹിക്കാത്ത അപരാധമാണ്‌, ഞാനൊരിക്കല്‍ വായിച്ചപോലെ. നിന്റെ സൗഹൃദത്തില്‍ എനിക്ക്‌ സന്തോഷം. പോട്ടേടാ? ബൈ'.

അവള്‍ മറഞ്ഞു. ഒരു വാല്‍ നക്ഷത്രം ഭ്രമണപഥം വിട്ടതുപോലെ. അവന്‌ അടുത്ത രണ്ടാഴ്‌ച, ആറുമാസത്തേക്ക്‌ സൂര്യന്‍ ഉദിക്കാത്ത അലാസ്‌ക്കന്‍ വിന്റര്‍ ദിവസങ്ങള്‍ ആയിരുന്നു. അവസാനം അവള്‍ ഉദിച്ചുയര്‍ന്നു.

`നീയെവിടെ ആയിരുന്നു? എനിക്ക്‌ ശരിക്കും നിന്നെ മിസ്‌ ചെയ്‌തെടാ'.

`സോറിടാ, പറയാന്‍ മറന്നു. എന്റെ വിവാഹം കഴിഞ്ഞു, കുറച്ചു ദിവസങ്ങള്‍ക്ക്‌ മുമ്പ്‌. ഹണിമൂണ്‍ കഴിഞ്ഞ്‌ എത്തിയതേയുള്ളു'.

അവന്റെ ലോകം ഇരുണ്ടു. എന്നിട്ടും ചോദിച്ചു `ആരാണാ ഭാഗ്യവാന്‍?'

`ഭാഗ്യവതി. ക്രിസ്റ്റീന'

നാക്കു വരണ്ടു, റ്റൈപ്പ്‌ ചെയ്യുന്ന വിരലുകള്‍ വിറച്ചു.

`എന്നിട്ടും നീയെന്തേ എന്നോടൊന്നും....'

`നീ എന്റെ ഫെയ്‌സ്‌ ബുക്ക്‌ ഫ്രെണ്ട്‌ മാത്രമല്ലേ? ക്രിസ്റ്റീന എന്റെ കൂട്ടുകാരിയായിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു.'

`പിന്നെ നീയെന്തിന്‌ എന്നെ വെറുതെ?......'

`ഞാനൊരു കവയത്രിയല്ലേ? അക്ഷരവള്ളികള്‍ മുന്നിലേക്ക്‌ എറിഞ്ഞുതന്നാല്‍ പിടിച്ച്‌ കയറാതിരിക്കുമോ?'

reenimambalam@gmail.com
ഫെയ്‌സ്‌ ബുക്ക്‌ (റീനി മമ്പലം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക