Image

പ്രിയപ്പെട്ട സി.എച്ച്‌....?

ബിനോയി സെബാസ്റ്റ്യന്‍ Published on 19 June, 2012
പ്രിയപ്പെട്ട സി.എച്ച്‌....?
പത്രപ്രവര്‍ത്തകനായ മെഹബൂബ്‌ സമാഹരിച്ച്‌ ആലുവയിലെ പാര്‍ക്‌സണ്‍സ്‌ പ്രസിദ്ധീകരിച്ച അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ലീഗ്‌ നേതാവുമായിരുന്ന സി.എച്ച്‌.മുഹമ്മദ്‌ കോയയുടെ നിയമസഭയിലെ സമ്പൂര്‍ണ്ണ പ്രസംഗങ്ങളുടെ ചരിത്ര രേഖ ഞാന്‍ വായിക്കുന്നതിനിടയിലാണ്‌ വീണ്ടും അദേഹത്തിന്റെ പേരില്‍ ആരംഭിച്ചിരിക്കുന്ന ട്രസ്റ്റിനോടനുബന്ധിച്ചുള്ള ധനസമാഹരണവിവാദം മാദ്ധ്യമങ്ങളില്‍ പൊട്ടിയൊഴുകുന്നത്‌! കേരളത്തിലെ തദേശസ്വയംഭരണസ്ഥാപനങ്ങളിലൂടെ ട്രസ്റ്റിലേക്കു മുന്നു ലക്ഷം വരെ പിരിച്ചു നല്‍കണം എന്ന മുസ്‌ളീംലീഗ്‌ ഭരിക്കുന്ന സ്വയംഭരണവകുപ്പിന്റെ സര്‍ക്കാര്‍ ആജ്‌ഞ അക്ഷരാര്‍ത്‌ഥത്തില്‍ എന്നെ ഞെട്ടിച്ചു. വികസനവും കരുതലും മനസില്‍ മാത്രംകൊണ്ടു നടക്കുന്ന സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്തി സഭ ഈ ആജ്‌ഞ അംഗീകരിച്ചുപോലും? ശ്രദ്ധിക്കുക! ഇടതുപക്ഷത്തിന്റെ അക്രമരാഷ്‌ട്രീയപ്രവണതയെ വിമര്‍ശിക്കുന്നതിനു തുല്ല്യമായിത്തന്നെ വലതുപക്ഷ ന്യൂനപക്ഷപ്രീണനനയത്തെയും വിമര്‍ശിക്കേണ്ടതല്ലേ?

ഇന്‍ഡ്യയുടെ ചരിത്രം വായിച്ചാല്‍ അടിമ വംശം മുതല്‍ മുഗളസാമ്രാജ്യവികാരവികാസങ്ങള്‍ വരെ നാമം പഠിക്കേണ്ടി വരും. ജാതികളെ അഥവാ മതങ്ങളെ സമതുല്ല്യമായി കാണുന്നു എന്നു ലോകസമക്ഷം പ്രഖ്യാപിക്കുവാന്‍ ദിന്‍ ഇലാഹി എന്ന കിത്താബ്‌ വരെ രചിച്ച അക്‌ബര്‍ രജപുത്രവനിതകളെ പത്‌നികളായി സ്വീകരിച്ച ചരിത്രവും ഇന്‍ഡ്യയുടെ വികല ചരിത്രപേടകത്തില്‍ നിന്നും നമ്മുടെ ഭരണാധികാരികള്‍ നമ്മെക്കൊണ്ടു ബാല്യത്തില്‍ പഠിപ്പിച്ചിട്ടുണ്ട്‌. എന്തായിരുന്നു നടന്നതെന്ന്‌ ചരിത്രം സത്യസന്ധമായി അഖണ്‌ഡലോകത്തോടു പറയുന്നുണ്ടോ? ഇല്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. എങ്കിലും മരിച്ചു മണ്ണടിഞ്ഞുപോയ ആ രാജകീയസുഖഭോഗാത്‌മാക്കളുടെ മരണങ്ങള്‍ക്കു മുമ്പില്‍ സ്വീകാര്യതയില്ലാതെ നമസ്‌ക്കരിച്ചിട്ടു പറയട്ടെ. ചരിത്രം എന്നും ഒരുപോലെയാണ്‌! സാഹചര്യവും അവതരണരംഗവും മാത്രം ഭിന്നമായിരിക്കും. ഉമ്മന്‍ ചാണ്ടിയുടെ ഭരണമടക്കം. ഇതിന്‌ അപവാദമുണ്ടോ?

വര്‍ഗീയവിഷം ചീറ്റുന്ന ആര്‍എസ്‌എസിനെ കുറ്റപ്പെടുത്താത്തവരുണ്ടോ? ഉണ്ടായിരിക്കാം. ഇല്ലായിരിക്കാം. മതേതരത്വത്തിന്റെ ജനാധിപത്യപരമായ സ്വര്‍ഗീയകാന്തി പ്രദര്‍ശിപ്പിച്ചു കേരളത്തിന്റെ ഭരണസ്വാധീനരംഗത്തു മതവികാരം തുളൂന്ന സ്വജനനേട്ടങ്ങള്‍ ആക്രമിച്ചു നേടുന്ന മുസ്‌ളിംലീഗിന്റെ ഇരുപതു എംഎല്‍എ മാരുടെ നിയമസഭാബലത്തില്‍ നട്ടെല്ലു നഷ്ടപ്പെട്ട ഉമ്മന്‍ ചാണ്ടി മന്ത്രിസഭ എത്ര നാള്‍ മുന്നോട്ടുപോയാലും അതു ഇന്‍ഡ്യന്‍ ജനാധിപത്യത്തിനു നാണക്കേടു മാത്രമാണ്‌ എന്ന സത്യം പ്രവാസി മലയാളികളും തിരിച്ചറിയണം. വൈവിധ്യമാര്‍ന്ന സമുദായങ്ങള്‍ ഒരുമിച്ചു ജീവിക്കുന്ന കേരളീയ സമുഹത്തില്‍ ഓരോ സമുദായത്തിനും പ്രത്യേകമായ രാഷ്‌ട്രീയ സംരക്ഷണവും സംവരണവുമുണ്ടാകുന്നതു ഇന്‍ഡ്യന്‍ ജനാധിപത്യത്തിനു ഭൂഷണമല്ല എന്നതല്ലേ സത്യം? സ്വന്തം പേരിന്റെ വികസനത്തിനായി കേഴുന്ന അമേരിക്കയിലെ എഴുത്തുകാര്‍(അങ്ങനെ ഒരു വംശമുണ്ടെങ്കില്‍ പ്രതികരിക്കട്ടെ) മിഴികളും മനസും തുറന്നു ചിന്തിക്കുക!

സി.എച്ച്‌ മുഹമ്മുകോയ എന്ന അത്യുന്നതനായ ഒരു രാഷ്‌ട്രീയ നേതാവിനോടുള്ള അത്യുന്നതമായ ബഹുമാനാദരങ്ങളോടെ പറയട്ടെ. ലീഗിനു ശ്രീ കോയയുടെ പേരില്‍ ജീവകാരുണ്യപ്രവര്‍ത്തനം നടത്തുവാന്‍ പണമില്ലെങ്കില്‍ ആ സത്യം തുറന്നു പറഞ്ഞു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന ജാതിമതസമുദായവിഭാഗങ്ങള്‍ക്കതീതമായി പണം പിരിക്കാമായിരുന്നു. അതിനു പകരം ദരിദ്രചുറ്റുപാടില്‍ ജീവിക്കുന്ന ഒരു സര്‍ക്കാരിനെ ബാധ്യതയാക്കി ഈ പണി നടത്തേണ്ടതില്ലായിരുന്നു ലീഗ്‌ നേതാക്കള്‍.

ഇത്‌ ഒരു തരത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ ബ്‌ളാക്‌മെയില്‍ ചെയ്യുകയായിരുന്നു. മഹാനായ ഒരു രാഷ്‌ട്രീയ നേതാവിന്റെ പേരില്‍ ലീഗ്‌ നേതാക്കള്‍ ഇത ചെയ്യരുതായിരുന്നു എന്നാണ്‌ എന്റെ അഭിപ്രായം. മാലാഖമാരുടെ പേരില്‍ സാത്താന്മാര്‍ വീണ്ടും മേളിക്കുന്നു. ഒന്നോര്‍മ്മിക്കുക!

മൂക്കിനു താഴെ പാതി വടിച്ച മേല്‍മീശയും കറുത്ത തൊപ്പിയുമണിഞ്ഞ്‌ അര്‍ദ്ധസുസ്‌മേരവദനത്തോടെ എന്നെ നോക്കി ഇതാ സിഎച്ച്‌ പറയുന്നു മകനേ.. ഈ വിവരംകെട്ടവര്‍ എന്റെ പേരില്‍ പിരിക്കട്ടെ. പണം കൂട്ടട്ടെ. വര്‍ഗീയയുദ്ധം നയിക്കട്ടെ. ഞാന്‍ പ്രവര്‍ത്തിച്ച, ഞാന്‍ ജീവിതം നല്‍കി ഊട്ടി നല്‍കിയ കേരളമല്ല ഇന്നുള്ളത്‌. അതെല്ലാം പോയ കാലത്തിന്റെ സ്‌മരണകളാണ്‌! ഇന്ന്‌ രാഷ്‌ട്രീയം സര്‍വ്വതോന്മുഖമായ അമാശയസുഖത്തിനുള്ള ഭൗതീകോപാധിയാണ്‌. കുഞ്ഞാലിക്കുട്ടിയെക്കുറിച്ചും ഹൈദരലിയെക്കുറിച്ചം ഞാന്‍ എന്തു പറയുവാനാണ്‌!

പ്രിയപ്പെട്ട സി.എച്ച്‌.. ഞാനിവിടെ നമസ്‌ക്കരിക്കുന്നു. രാഷ്‌ട്രീയവും സാംസ്‌ക്കാരികവുമായ അത്‌മാഭിമാനത്തിന്റെ കണികപോലും തിരിച്ചറിയാത്ത കേരളത്തിന്റെ പല വ്യാജ നേതാക്കളേയും ഞങ്ങള്‍ ഈ അമേരിക്കയില്‍ ആദരിച്ചണയുന്നതു താങ്കള്‍ കാണുന്നുവല്ലോ? എന്താണു ഞങ്ങള്‍, ഈ പ്രവാസികളുടെ കുറ്റം? അന്താരാഷ്‌ട്ര പത്രപ്രവര്‍ത്തകരും കലാകാരന്മാരും എഴുത്തുകാരുമായ (എന്നു ഞങ്ങള്‍ ഭാവിക്കുന്നു) ഞങ്ങളുടെ സൃഷ്ടികളില്‍ പൂര്‍വ്വമഹിതാക്കളായ നിങ്ങള്‍ തെറ്റുകള്‍ കാണുന്നുണ്ടോ? എങ്കില്‍ പ്രിയ സഖേ.. ക്ഷമിക്കുക! യൂഡിഎഫിനും ലീഗിനും വേണ്ടി മാത്രമല്ല ജീവിതം തേടി പ്രവാസത്തിലേക്കു യാത്ര ചെയ്‌ത, ജീവിതസംഘര്‍ഷങ്ങള്‍ തുള്ളി തുള്ളികളായി അനുഭവിച്ചു തീര്‍ക്കുന്ന ഞങ്ങള്‍ പ്രവാസികള്‍ ക്ഷമ ചോദിക്കുന്നു! പ്രവാസത്തിന്റെ ഈ അസാസാധാരണ രക്തസാമ്പിളുകള്‍ കാലത്തിന്റെ സുഷ്‌മവിശകലശാലകളില്‍ പരിശോധിച്ചു വിധിക്കട്ടെ! ഓം..ശാന്തി..! ശാന്തി..!
(To be continued)
പ്രിയപ്പെട്ട സി.എച്ച്‌....?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക