Image

ഇന്ന് പത്രം വായിക്കാത്ത പത്രപ്രവര്‍ത്തകരുണ്ട്

അഭിമുഖം (തുടര്‍ച്ച) തോമസ് ജേക്കബ് / കെ.പി. റെജി Published on 22 June, 2012
ഇന്ന് പത്രം വായിക്കാത്ത പത്രപ്രവര്‍ത്തകരുണ്ട്

സ്വാതന്ത്ര്യസമരത്തിന്‍െറയും സാമൂഹിക നവോത്ഥാനങ്ങളുടെയും പിന്തുടര്‍ച്ചയായി വന്ന പത്രങ്ങള്‍ വ്യവസായമായി മാറിയപ്പോള്‍ വാര്‍ത്താസമീപനങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണുണ്ടായത്?
* ഇന്ത്യയിലെങ്ങും പത്രങ്ങള്‍ ആരംഭിച്ചത് സ്വാതന്ത്ര്യസമരത്തിന്‍െറ ഭാഗമായാണ്. ബ്രിട്ടീഷുകാരുടെ ഉടമസ്ഥതയിലുള്ള പത്രങ്ങള്‍ ഒരുഭാഗത്തുനില്‍ക്കുമ്പോള്‍ നമ്മുടെ ദേശീയവികാരവുമായാണ് ഈ പത്രങ്ങള്‍ രംഗപ്രവേശം ചെയ്തത്. അവയുടെ പത്രാധിപന്മാര്‍ മിക്കവരും സ്വാതന്ത്ര്യസമര ഭടന്മാര്‍തന്നെയായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം അവരില്‍ പലയാളുകളും സ്വാഭാവികമായും രാഷ്ട്രീയത്തിലേക്കു വന്നു. അങ്ങനെ രാഷ്ട്രീയത്തിലേക്കു പോകാതിരുന്ന ഒരു ഗ്രൂപ്പാണ് മനോരമയുടേത്. മനോരമയില്‍നിന്ന് ഏതെങ്കിലും തെരഞ്ഞെടുപ്പിന് മത്സരിച്ച ഏകയാള്‍ കെ.സി. മാമ്മന്‍മാപ്പിളയാണ്. അതും സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലത്താണ്്, പാര്‍ട്ടി ടിക്കറ്റിലൊന്നുമല്ലാതെ. മനോരമ ഉമ്മന്‍ചാണ്ടിക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നൊക്കെ രാഷ്ട്രീയമായ ആക്ഷേപങ്ങളുണ്ടെങ്കിലും മാമ്മന്‍മാപ്പിളയെ അവസാനം തോല്‍പിച്ചത് ഉമ്മന്‍ചാണ്ടിയുടെ മുത്തച്ഛനാണ്. ആ തോല്‍വിയോടെ അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുകയായിരുന്നു.
രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്ന പത്രങ്ങള്‍ മാത്രമാണ് പ്രഫഷനല്‍ മികവ് കാണിച്ചത്. അന്നത്തെ വാര്‍ത്തകള്‍ മിക്കവാറും പ്രസ്താവനകളായിരുന്നു. അക്കാലത്ത് നടന്നതായി പിന്നീട് അറിഞ്ഞ ചില സംഭവങ്ങള്‍ അക്കാലത്തെ പത്രങ്ങള്‍ പരതിനോക്കിയപ്പോള്‍ അവയൊന്നും വാര്‍ത്തയായി കാണാനേ കഴിഞ്ഞില്ല.
സ്വാതന്ത്ര്യത്തിനു മുമ്പ് പത്രങ്ങളെല്ലാം ദേശീയപ്രക്ഷോഭത്തിന്‍െറ കൂടെയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ആദ്യത്തെ നാലഞ്ചുവര്‍ഷം അവര്‍ ഭരണകൂടത്തിനൊപ്പംതന്നെ നിന്നു. അതുകഴിഞ്ഞ് അഴിമതി വ്യാപകമാവുകയും കുടുംബവാഴ്ച വരുകയും ചെയ്തപ്പോഴാണ് പത്രങ്ങള്‍ ക്രമേണ സര്‍ക്കാറില്‍നിന്ന് അകന്നുപോയത്. ഇന്ത്യയില്‍ ആദ്യത്തെ പ്രതിപക്ഷം വാസ്തവത്തില്‍ പത്രങ്ങള്‍തന്നെയായിരുന്നു. ആന്‍റി എസ്റ്റാബ്ളിഷ്മെന്‍റ് ആവുമ്പോഴാണ് പത്രങ്ങള്‍ക്ക് കൂടുതല്‍ മികവും ശ്രദ്ധയുമൊക്കെ വരുന്നത്.

പഴയ പത്രങ്ങളില്‍ കാണാതെപോയ ചില സംഭവങ്ങളെപ്പറ്റി സൂചിപ്പിച്ചല്ളോ? ശ്രദ്ധേയമായ ഒന്നുരണ്ടെണ്ണം പറയാമോ?
* കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായി ഇ.എം.എസ് സത്യപ്രതിജ്ഞ ചെയ്തത് പവനന്‍െറ വാച്ചുകെട്ടിയാണെന്ന് പാര്‍വതി പവനന്‍ അടുത്ത് എഴുതുന്നതുവരെ ആര്‍ക്കുമറിയില്ലായിരുന്നു. പത്തു മണിക്കാണ് സത്യപ്രതിജ്ഞ. വാസ്തവത്തില്‍, 11 മണിക്കോ മറ്റോ ആണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത്. പിന്നീടാണത് രാഹുകാലമാണെന്ന് അറിയുന്നത്. പക്ഷേ, രാഹുകാലം പറഞ്ഞ് മാറ്റിയാല്‍ പാര്‍ട്ടിക്ക് വലിയ അവമതിയാണ്. അപ്പോള്‍ ഇ.എം.എസിന്‍െറ ബുദ്ധിയില്‍ ഒരു ആശയംതോന്നി. രാവിലെ ആലപ്പുഴ വലിയ ചുടുകാട്ടില്‍പോയി രക്തസാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചിട്ട് സത്യപ്രതിജ്ഞ ചെയ്യാം. ആലപ്പുഴയില്‍നിന്ന് തിരിച്ചുവന്ന് ഇ.എം.എസ് വാച്ച് നോക്കി. വാച്ച് നിന്നുപോയ കാര്യം അപ്പോഴാണറിയുന്നത്. ശര്‍മാജിയാണ് ഇ.എം.എസിന്‍െറ സെക്രട്ടറി. ശര്‍മ നോക്കിയപ്പോള്‍ പത്രക്കാരുടെ കൂട്ടത്തില്‍ പവനന്‍ ഇരിക്കുന്നു. പവനാ ആ വാച്ച് ഇങ്ങഴിക്ക് എന്നുപറഞ്ഞ് ശര്‍മാജി അത് ഇ.എം.എസിന്‍െറ കൈയില്‍ കെട്ടിക്കൊടുത്തു. ഇന്നാണെങ്കില്‍ എല്ലാ പത്രങ്ങളിലും വലിയ പെട്ടിക്കോളം വാര്‍ത്തയല്ളേ ഇത്?
ഇ.എം.എസ് കൊച്ചിയില്‍നിന്ന് സത്യപ്രതിജ്ഞക്കു പോയതിലുമുണ്ട് കൗതുകം. വളഞ്ഞമ്പലത്തിനടുത്ത് ആലപ്പാട് എന്ന വാടകവീട്ടിലാണ് ഇ.എം.എസ് താമസിച്ചിരുന്നത്. അവിടെനിന്ന് രാവിലെ ട്രെയിനിലാണ് തിരുവനന്തപുരത്തേക്കു പോകുന്നത്. യാത്രക്കു തയാറായി ഷര്‍ട്ട് എടുത്തിട്ടപ്പോള്‍ ബട്ടന്‍സില്ല. ആര്യേ, ഇതിനു ബട്ടന്‍സില്ലല്ളോ എന്നു പറഞ്ഞ് അദ്ദേഹം ഭാര്യയെ വിളിച്ചു. ആര്യ  ബ്ളൗസില്‍നിന്ന് രണ്ടു സേഫ്റ്റി പിന്‍ എടുത്ത് ഷര്‍ട്ടില്‍ കുത്തിക്കൊടുത്തു. പോകാനിറങ്ങുമ്പോഴാണ് വാവ എന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ വരുന്നത്. ഇതെന്തു പൈത്യമാണ്. മുഖ്യമന്ത്രിയാവാന്‍ പോവുന്നയാള്‍ പിന്നുകുത്തിയ ഷര്‍ട്ടുമിട്ടുകൊണ്ടാണോ പോകുന്നത്? ഇത് ഇസ്തിരിയിട്ടിട്ടില്ലല്ളോ? വാവ ഉടന്‍ ഷര്‍ട്ട് ഊരി വാങ്ങി വളഞ്ഞമ്പലത്തു കൊണ്ടുപോയി ഒരു തയ്യല്‍ക്കാരനെക്കൊണ്ട് ബട്ടന്‍സ് പിടിപ്പിച്ച് ഇസ്തിരിയിടീച്ച്  നല്‍കുകയായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് വടക്കൂട്ട് വിശ്വനാഥമേനോന്‍ ആത്മകഥ എഴുതിയപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. അപൂര്‍വമായ വാര്‍ത്ത പണ്ടും ഉണ്ടായിരുന്നു. ഇന്ന് നാം ഗംഭീരമായി കൊടുക്കുന്ന പല വാര്‍ത്തകളും പത്തോ ഇരുപതോ വര്‍ഷം മുമ്പ് ഒരു പത്രക്കാരനും തിരിഞ്ഞുനോക്കില്ലായിരുന്നു.
മാധ്യമരംഗത്തെ നിലവാരത്തകര്‍ച്ച ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണല്ളോ? മലയാള മാധ്യമരംഗത്ത് 50 വര്‍ഷം മുമ്പുള്ള തുടക്കക്കാരനെയും ഇപ്പോഴത്തെ തുടക്കക്കാരനെയും എങ്ങനെ താരതമ്യം ചെയ്യാം?
വായനയുടെ അഭാവംതന്നെയാണ് ഏറ്റവും വലിയ കുറവ്. സ്വന്തം പത്രംപോലും വായിക്കാതെ ജോലിക്കുവരുന്ന ചില ആളുകള്‍ പല പത്രസ്ഥാപനങ്ങളിലുമുണ്ട്. ഇന്നു ഞാന്‍ വാര്‍ത്താസമ്മേളനം നടത്തി കേരളത്തിന്‍െറ മുഖ്യമന്ത്രിയായിരുന്ന ടി.വി. തോമസ് എന്നു പറയുകയാണെങ്കില്‍ അങ്ങനെതന്നെ അച്ചടിച്ചുവരും. ടി.വി. തോമസ് മുഖ്യമന്ത്രിയായിട്ടില്ല എന്നറിയാത്ത തലമുറ പത്രപ്രവര്‍ത്തനത്തിലേക്കു വരുന്നു. പഠിക്കാനോ വിവരം തേടിപ്പിടിക്കാനോ ഉള്ള ശ്രമംപോലും നടക്കുന്നില്ല. സമയക്കുറവ് കാരണം ഞാന്‍ കഥയും നോവലും കവിതയും വായിക്കാറില്ല. പക്ഷേ, ശ്രദ്ധേയമായ ഒരു കഥയെക്കുറിച്ചോ കവിതയെക്കുറിച്ചോ എവിടെനിന്നെങ്കിലും വിവരം കിട്ടിയാല്‍ അത് തേടിപ്പിടിച്ചു വായിക്കും. പൊക്കമില്ലാത്തതാണ് എന്‍െറ പൊക്കം എന്ന് കുഞ്ഞുണ്ണി മാഷ് എഴുതിയകാര്യം അറിയുമ്പോള്‍ കൊള്ളാമല്ളോ, എവിടെയെങ്കിലും ഉപയോഗിക്കാന്‍ കഴിയുമെന്നു കരുതി തേടിപ്പിടിക്കും. ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ നന്നായി വായിക്കും. ആത്മകഥകള്‍ ഏതു കിട്ടിയാലും വായിക്കും. എല്ലാ ആത്മകഥയിലും എന്തെങ്കിലും പുതിയ വിവരമുണ്ടാവും. കൊല്ലം എസ്.എന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് ആര്‍. ശങ്കറിനെതിരായ സമരം ചെയ്തയാളാണ് താനെന്ന് അടുത്തകാലത്ത് ആത്മകഥാംശമുള്ള ലേഖനപരമ്പരയില്‍ പുതുശ്ശേരി രാമചന്ദ്രന്‍ എഴുതി.  പക്ഷേ, ഒന്നാം ക്ളാസോടെ ജയിച്ചു എന്നറിഞ്ഞപ്പോള്‍ പുതുശ്ശേരി രാമചന്ദ്രനെ വിളിച്ച് അതേ കോളജില്‍ ജോലി കൊടുത്തത് ശങ്കര്‍തന്നെയാണ്. ശങ്കര്‍ കൊല്ലത്ത് കോളജ് തുടങ്ങിയില്ലായിരുന്നെങ്കില്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് കോളജ് വിദ്യാഭ്യാസമുണ്ടാവില്ലായിരുന്നു എന്നാണ് പുതുശ്ശേരി എഴുതിയത്. അന്നു കോളജില്‍ പോകണമെങ്കില്‍ ഒന്നുകില്‍ തിരുവനന്തപുരത്തു പോകണം. അല്ളെങ്കില്‍ കോട്ടയത്ത് സി.എം. എസില്‍ വരണം. അതു പോയിവരാവുന്ന ദൂരമല്ല. ഒറ്റ താലൂക്കുകൊണ്ട് ഒരു ജില്ലയായതാണ് കാസര്‍കോട്.  അന്ന് ഹോസ്ദുര്‍ഗ് മുതല്‍ വടക്കോട്ട് ഒറ്റ ഹൈസ്കൂളാണ് ഉണ്ടായിരുന്നതെന്ന്  സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ചെയര്‍മാനായിരുന്ന എ.എം. ദാമോദരന്‍ നായരുടെ  ആത്മകഥയില്‍ പറയുന്നു. ഇക്കാലത്ത് ആലോചിക്കുമ്പോള്‍തന്നെ അദ്ഭുതം തോന്നുന്ന കാര്യങ്ങളാണിത്. തിരുവനന്തപുരം, കോട്ടയം,  എറണാകുളം, പാലക്കാട്, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ മാത്രമാണ് ഒരു കാലത്ത് മലയാളികള്‍ക്ക് കോളജ് പഠനസൗകര്യമുണ്ടായിരുന്നത്. എവിടെയെങ്കിലും നമുക്ക് ഉപയോഗിക്കാന്‍ പറ്റുന്ന വിഭവമാണിത്. പണ്ട് ഒരു കോളജ് മാത്രമുണ്ടായിരുന്ന ജില്ലയില്‍ ഇപ്പോള്‍ 15 കോളജായി. അല്ളെങ്കില്‍ കാസര്‍കോട് ജില്ലയില്‍ ഒരു കോളജിലും മലയാളം പഠിക്കാന്‍ അവസരമില്ല എന്നറിയുമ്പോള്‍ ഒന്നാം പേജിലേക്കു പറ്റുന്ന ഫീച്ചറായില്ളേ? അങ്ങനത്തെ വായന കുറഞ്ഞുവരുകയാണ്.

രാജ്യത്തെതന്നെ ഏറ്റവും മികച്ച പത്രപ്രവര്‍ത്തകനെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും സാധാരണക്കാരനിലേക്ക് അധികമൊന്നും എത്താത്ത പേരായിരുന്നു തോമസ് ജേക്കബ് എന്നത്. ബൈലൈനുകളില്ലായ്മ എന്നെങ്കിലും ഒരു പോരായ്മയായി തോന്നിയിട്ടുണ്ടോ?
* ഒരിക്കലും തോന്നിയിട്ടില്ല.  ഞാന്‍ ജോലി ചെയ്യുന്ന പത്രത്തില്‍ എന്‍േറതായ കോളം എഴുതില്ല എന്നു തീരുമാനിച്ചിരുന്നയാളാണ് ഞാന്‍. പത്രാധിപരായിരിക്കുമ്പോള്‍ നമ്മുടെ കോളത്തിന്‍െറ അപ്രമാദിത്വത്തെപ്പറ്റി നമുക്കങ്ങു തോന്നിപ്പോകും. നമ്മുടേതു വായിക്കാനാണ് ആളുകള്‍ പത്രം വാങ്ങുന്നതെന്നുവരെ ഒരു ഘട്ടത്തില്‍ ചിന്തിച്ചുപോവും. എന്‍െറ പല സഹപ്രവര്‍ത്തകരും മനോരമയില്‍ കോളം എഴുതിയിട്ടുണ്ട്. ആഴ്ചപ്പതിപ്പ് എഡിറ്റര്‍ കെ.എ. ഫ്രാന്‍സീസ് ആണ് കോളമെഴുതണമെന്ന നിര്‍ദേശവുമായി എന്നെ സമീപിച്ചത്. മനോരമ ആഴ്ചപ്പതിപ്പിന്‍െറ വായനക്കാര്‍ വളരെ സാധാരണക്കാരാണ്. കഷ്ടിച്ച് അക്ഷരം കൂട്ടിവായിക്കാന്‍ മാത്രം കഴിയുന്നവര്‍വരെ അതിലുണ്ട്. അവര്‍ക്കെല്ലാം വായിക്കാന്‍ കഴിയുന്നതാവണം കോളം. അതിനു പറ്റിയ ഫോര്‍മുലയിലേക്കു ഞാന്‍ പോയി. രണ്ടു മൂന്നാഴ്ച എഴുതിയപ്പോള്‍ ഇതങ്ങനെ നടക്കില്ല എന്ന് എനിക്ക് മനസ്സിലായി. അതോടെ ഞാന്‍ കുറെ ആളുകളെ ഉപേക്ഷിച്ചു. ആഴ്ചപ്പതിപ്പിലെ കഥയോ കവിതയോ ഒന്നും വായിക്കാത്ത ചില ആളുകളുണ്ട്. അവര്‍ക്കുവേണ്ടിയുള്ള ഒരു കോളമാക്കി. അങ്ങനെ അതിന്‍െറ ചേരുവയില്‍ ഒരു മാറ്റംവരുത്തി. സമാനമായ ചില പഴയ കാര്യങ്ങള്‍ അല്ളെങ്കില്‍ സമാനമല്ലാത്ത ഒരേ സാഹചര്യത്തിലുള്ള ചില സംഭവങ്ങള്‍  കോര്‍ത്തിണക്കിയാണ് കോളം പോകുന്നത്. ഏഴെട്ടു വര്‍ഷമായി അതങ്ങനെ പോകുന്നു. സത്യത്തില്‍ എനിക്കുതന്നെ അതില്‍ അദ്ഭുതമാണ്.  ചരിത്രത്തില്‍ പേരു വരണമെന്ന ആഗ്രഹമൊന്നും എനിക്കില്ല. അജ്ഞാതനായിത്തന്നെ അവസാനിക്കാമെന്നുവെച്ചിരിക്കുമ്പോഴാണ് ഈ കോളം വന്നുപെടുന്നത്. അതിലൊരു പടം വരുന്നുണ്ട്. എവിടെയെങ്കിലും ചെന്നാല്‍ ആളുകള്‍ തിരിച്ചറിയും.
 മലയാള മാധ്യമരംഗത്തെ ഏറ്റവും മികച്ച പ്രഫഷനല്‍ എന്നു വിശേഷിപ്പിക്കാവുന്ന ആളാണല്ളോ തോമസ് ജേക്കബ്. പക്ഷേ, ആ പ്രഫഷനലിന്‍െറ നേതൃത്വം ഉണ്ടായിരുന്നിട്ടും മനോരമക്ക് ഒരു നിഷ്പക്ഷ പത്രം എന്ന പേര്‍ നേടാനാവാതെ പോയത് എന്തുകൊണ്ടാണ്?
* ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കാനാണ് മനോരമ നോക്കുന്നതെന്ന് കഴിഞ്ഞ 20 വര്‍ഷമായുള്ള പ്രചാരണമാണ്. ഇപ്പോള്‍ പറയുന്നത് അദ്ദേഹത്തെ നിലനിര്‍ത്താനുള്ള ശ്രമമാണെന്നാണ്. ഒന്നുകില്‍ ഉമ്മന്‍ചാണ്ടി കഥാവശേഷനാകണം, അല്ളെങ്കില്‍ മനോരമ പൂട്ടണം. അതുവരെ ഇതു പറഞ്ഞുകൊണ്ടിരിക്കും. മനോരമയുടെ ബാലജനസഖ്യത്തില്‍ ഉണ്ടായിരുന്നതാണെങ്കിലും മനോരമയുടെ ഒരു പ്രോത്സാഹനവുമില്ലാതെ സ്വന്തമായി വളര്‍ന്നുവന്നയാളാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹം ട്രേഡ് യൂനിയന്‍ നേതാവായി എം.ആര്‍.എഫിലെ തൊഴിലാളികളെ നയിച്ചുകൊണ്ട് പോയപ്പോള്‍ കെ.എം. മാത്യു മനോരമയുടെ മുന്നില്‍ നില്‍പുണ്ടായിരുന്നു. ആ സമയം ഒരു വടിയെടുത്ത് അവിടേക്ക് എറിഞ്ഞ ജാഥയില്‍ അദ്ദേഹവുമുണ്ടായിരുന്നു. അദ്ദേഹം ഓര്‍ത്തഡോക്സുകാരനാണ്. കോട്ടയംകാരനാണ്. അതുകൊണ്ടായിരിക്കാം അങ്ങനെ പറയുന്നത്. അതിനു മുമ്പ് പറഞ്ഞിരുന്നത് മനോരമ എ.കെ. ആന്‍റണിക്കുവേണ്ടിയാണ് നില്‍ക്കുന്നതെന്നാണ്. മനോരമ ഏറ്റവും കൂടുതലായി കോണ്‍ഗ്രസുകാരെ സഹായിച്ചത് ’67ലാണ്. അന്ന് ഒമ്പതു സീറ്റാണ് പാര്‍ട്ടിക്ക് കിട്ടിയത്. മനോരമ ആദ്യമായി ഗ്രാഫിക്സ് വരക്കുന്നത് എങ്ങനെ വോട്ട് ചെയ്യണമെന്നാണ്. കാളപ്പെട്ടിയില്‍ എങ്ങനെ വോട്ട് കുത്തണമെന്നാണ് അന്ന് വരച്ചുകൊടുത്തത്. പത്രത്തിന്‍െറ സ്വാധീനമെന്നുപറയുന്നത് ഇത്രയേയുള്ളൂ. തെരഞ്ഞെടുപ്പുകാലത്ത് എത്രയോ മെത്രാന്മാരും സമുദായ സംഘടനാ നേതാക്കളും പ്രസ്താവന കൊടുക്കുന്നു. പക്ഷേ, ആരെങ്കിലും അതനുസരിച്ച് വോട്ട് ചെയ്യുന്നുണ്ടോ?

ഐ.എസ്.ആര്‍.ഒ ചാരക്കേസ് മനോരമ ഇന്നും ഏറെ വിമര്‍ശിക്കപ്പെടുന്ന വിഷയമാണല്ളോ?
* ഐ.എസ്.ആര്‍.ഒ ചാരക്കേസിനെപ്പറ്റി ഇന്ന് ആരോടെങ്കിലും ചോദിച്ചാല്‍ അതു മനോരമയുടെ സൃഷ്ടിയാണെന്നേ പറയൂ. പ്രചാരവും സ്വാധീനവുംകൊണ്ടാണിതു സംഭവിക്കുന്നത്. ആദ്യത്തെ മൂന്നാഴ്ച മനോരമ അതു തൊട്ടിരുന്നില്ല. പൊലീസ് പറഞ്ഞ ചില വിവരങ്ങള്‍ കൊടുത്തില്ളെന്നല്ല. ഇന്നു ഞങ്ങളെ ആക്ഷേപിക്കുന്ന പത്രങ്ങളടക്കം ചാരക്കേസില്‍ കയറി മേഞ്ഞുകൊണ്ടിരിക്കുകയാണ്. എല്ലാ പത്രങ്ങളും ആഘോഷിക്കുമ്പോള്‍ മനോരമയില്‍ കൊടുക്കാതിരിക്കുന്നതിനെപ്പറ്റി ചിലര്‍ സംശയങ്ങള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. സര്‍ക്കുലേഷന്‍ വിഭാഗത്തില്‍നിന്ന് സമ്മര്‍ദങ്ങളായി. എങ്കില്‍പിന്നെ അതില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. അതുവരെ എല്ലാ പത്രങ്ങളിലും വന്ന റിപ്പോര്‍ട്ടുകളുടെ ഫോട്ടോകോപ്പിയെടുത്തു.  അതില്‍ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കാന്‍ തീരുമാനിച്ചു. നമ്പി നാരായണന് തൃശ്ശിനാപ്പള്ളിയില്‍ ഒരു ഫാംഹൗസ് ഉണ്ടെന്നായിരുന്നു  റിപ്പോര്‍ട്ട്. അവിടത്തെ വയലില്‍ ഒരു കുളമുണ്ട്്. കുളത്തിനടിയില്‍ വലിയ കണ്ടെയ്നറിലാണ് രഹസ്യവിവരങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നത്. പാലക്കാടുനിന്നും തിരുവനന്തപുരത്തുനിന്നും ഓരോ ടീമിനെ അങ്ങോട്ടയച്ചു. വിതുരയില്‍ അദ്ദേഹത്തിന് ഒരു എസ്റ്റേറ്റുണ്ട്. എസ്റ്റേറ്റിനകത്ത് ഡിഷ് ആന്‍റിന വെച്ചിട്ടാണ് വിവരങ്ങള്‍ ട്രാന്‍സ്മിറ്റ് ചെയ്തുകൊണ്ടിരിക്കുന്നതെന്നായിരുന്നു മറ്റൊരു കഥ. വിതുരയിലേക്കും ഒരു സംഘത്തെ അയച്ചു. ഇവിടെ ഒരു എസ്റ്റേറ്റിലും ഡിഷുമില്ല, നമ്പി നാരായണനുമില്ല എന്ന് വിതുരയില്‍ പോയയാള്‍ വിവരം നല്‍കി. ബിനാമി പേരിലായിരിക്കും എസ്റ്റേറ്റ്, കൂടുതല്‍ അന്വേഷിച്ചിട്ടു പോന്നാല്‍ മതിയെന്ന് അദ്ദേഹത്തിന് നിര്‍ദേശംകൊടുത്തു. വിതുരയില്‍ എസ്റ്റേറ്റുള്ള ചില സുഹൃത്തുക്കളെ വിളിച്ചപ്പോള്‍ നമ്പി നാരായണന്‍ ആ പ്രദേശത്തു ചെന്നിട്ടേയില്ളെന്നും അങ്ങനെയൊരു സംഭവമേയില്ല എന്നും പറഞ്ഞു. വില്ളേജ് ഓഫിസിലടക്കം അന്വേഷിച്ചെന്നും അവിടെയെങ്ങും ഫാംഹൗസ് ഇല്ളെന്നും തൃശ്ശിനാപ്പള്ളിയില്‍നിന്ന് വിളി വന്നു. ഇത്തരം സംഭവങ്ങളില്‍ ആരെങ്കിലും സ്വന്തം പേരില്‍ ഫാംഹൗസ് വാങ്ങിയിടുമോ? കനാലും കുളവുമുള്ള എല്ലായിടത്തും തിരക്കാന്‍ അവര്‍ക്കു നിര്‍ദേശം നല്‍കി. ആറു ദിവസം തങ്ങി അന്വേഷിച്ചിട്ടും ഫാംഹൗസ് കണ്ടത്തൊനായില്ല. അവര്‍ തിരിച്ചുപോന്നു. മാലദ്വീപിലേക്ക് ആളെ അയക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. തിരുവനന്തപുരത്തുനിന്ന് 30-35 മിനിറ്റുകൊണ്ട് ചെല്ലാവുന്ന സ്ഥലമാണ് മാലദ്വീപ്. ജോണ്‍ മുണ്ടക്കയത്തെ അവിടേക്കയച്ചു. അതുവരെ ഒരു പത്രവും അത് ആലോചിച്ചിരുന്നില്ല. കേസില്‍ കഥാപാത്രങ്ങളായ രണ്ടു സ്ത്രീകളെയും ജോണ്‍ അവിടെച്ചെന്നു കണ്ടുപിടിച്ചു. മറിയം റഷീദയുടെ മുഴുനീള ചിത്രവുമായാണ് ജോണ്‍ വാര്‍ത്ത അയച്ചത്. പടം ഒന്നാം പേജില്‍ രണ്ടു കോളത്തില്‍ കൊടുത്തു. അന്നു മുതല്‍ ജോണിന്‍െറ പരമ്പര തുടങ്ങി. അതുവരെ മറിയം റഷീദ എന്ന പേരു മാത്രം കേട്ടിരുന്നവര്‍ പടം കണ്ടപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയില്‍ പിറ്റേന്നുമുതല്‍ മനോരമ തേടിപ്പിടിച്ചു വായിക്കാന്‍ തുടങ്ങി. അങ്ങനെ, മറ്റാര്‍ക്കുമില്ലാത്ത വാര്‍ത്തകള്‍ കുറെദിവസം വന്നപ്പോള്‍ ചാരക്കേസ് മനോരമയുടെ സൃഷ്ടിയായി എസ്റ്റാബ്ളിഷ് ചെയ്യപ്പെടുകയായിരുന്നു. അങ്ങനെ അതു ഞങ്ങളുടെ തോളില്‍വന്നു വീഴുകയായിരുന്നു.

മറിയം റഷീദ കിടപ്പറയിലെ ട്യൂണ മത്സ്യം തുടങ്ങി പരമ്പരയിലെ ചില വിശേഷണങ്ങള്‍ അത്യുക്തിയായിപ്പോയിട്ടില്ളേ?
* അത്തരം പ്രയോഗങ്ങള്‍ ഉണ്ടായിരുന്നിരിക്കാം. ഇല്ളെന്നു പറയുന്നില്ല. ഇപ്പോഴത്തെ രാജ്യാന്തരബന്ധങ്ങളുടെ കാര്യമെടുത്താല്‍ ഇത്തരം കേസുകളിലെ സത്യാവസ്ഥ എങ്ങനെ അറിയാനാണ്? ഇവിടെ വേറൊരു ചാരക്കേസുണ്ടായി. ആ കേസില്‍ ഉള്‍പ്പെട്ടവര്‍ നിരപരാധികളാണെന്ന് കോടതി വിധിക്കുകയുണ്ടായി. കോടതിവിധിയുണ്ടായ പശ്ചാത്തലത്തെപ്പറ്റി ഇപ്പോഴും സംശയമുണ്ട്. വിദേശികളായ മൂന്നുനാലു പേരെപ്പറ്റിയായിരുന്നു. ആ രാജ്യത്തിന്‍െറ തലവനെ റിപ്പബ്ളിക് ദിന പരേഡിന്‍െറ മുഖ്യാതിഥിയായി കൊണ്ടുവരേണ്ട ആവശ്യം ഇന്ത്യക്കുണ്ടായിരുന്നു. ആയുധ ഇടപാടിലോ മറ്റോ അവരെക്കൊണ്ട് എന്തോ കാര്യം നേടാനുണ്ടായിരുന്നു. കേസ് തീര്‍ക്കണം എന്ന ഒറ്റ ഉപാധിയിലാണ് അദ്ദേഹം വരാന്‍ സമ്മതിച്ചത്. ആനന്ദമാര്‍ഗികള്‍ക്ക് വിമാനത്തില്‍ ആയുധങ്ങള്‍ ഒളിച്ചുകടത്തിക്കൊണ്ടുവന്ന കിം ഡേവി ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുകയായിരുന്നു. ഒരു സുപ്രഭാതത്തില്‍ അദ്ദേഹം മോചിതനായി. ബ്രിട്ടനില്‍നിന്ന് നമുക്ക് അനുകൂലമായ എന്തോ തീരുമാനമുണ്ടാക്കുന്നതിനായിരുന്നു ഡേവിയുടെ മോചനം. ഇന്ദിരഗാന്ധി അധികാരത്തിലിരുന്നപ്പോള്‍ ഒരു ഗള്‍ഫ് രാജ്യത്ത് അവിടത്തെ ഒരു പ്രമുഖ  കുടുംബത്തില്‍ ഒരു കല്യാണം നടന്നു. വിദേശത്തു ഡിസൈന്‍ ചെയ്യിപ്പിച്ച പ്രത്യേക ആഭരണങ്ങളാണ് വധുവിന് ഒരുക്കിയിരുന്നത്. കല്യാണത്തിന് ഒരാഴ്ച മുമ്പ് അവരുടെ ഏറ്റവും വിശ്വസ്തനായ മലയാളി  മുഴുവന്‍ ആഭരണങ്ങളുമായി കടന്നുകളഞ്ഞു. തൃശൂര്‍ ജില്ലക്കാരനായിരുന്നു ഇയാള്‍. എങ്ങനെയെങ്കിലും കല്യാണത്തിനു മുമ്പ് ആഭരണം കണ്ടെടുക്കുന്നതിന് ഊര്‍ജിത അന്വേഷണമായി. ഇന്ത്യ ഉടനീളം ജാഗ്രതപാലിക്കാനും തിരച്ചില്‍ നടത്താനും പ്രധാനമന്ത്രി പ്രത്യേക ഉത്തരവ് നല്‍കി. ഒടുവില്‍ തൃശൂര്‍ ജില്ലയില്‍നിന്നുതന്നെ ഇയാളെ പിടികൂടി. ആഭരണങ്ങള്‍ കൈയോടെ കോടതിയില്‍ നിക്ഷേപിച്ചു. ഗള്‍ഫിലേക്ക് വിവരം നല്‍കി. പ്രധാനമന്ത്രി ക്ഷുഭിതയായി. കോടതിയില്‍ കൊടുക്കാന്‍ ആരു പറഞ്ഞു, ഇന്നു രാത്രി ഗള്‍ഫിലേക്ക് അയക്കേണ്ടതാണ്. അന്നു രാത്രിതന്നെ അയക്കുകയുംചെയ്തു. കോടതിയില്‍നിന്ന് എങ്ങനെ വിട്ടുകിട്ടിയെന്നോ കേസിന് എന്തു സംഭവിച്ചുവെന്നോ ഇന്നും എനിക്കറിയില്ല. എല്ലായിടത്തും രാജ്യതാല്‍പര്യത്തിനുവേണ്ടി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.

സാമുദായിക സൗഹാര്‍ദത്തിനുവേണ്ടി ചില വാര്‍ത്തകള്‍ വേണ്ടെന്നുവെക്കുമെന്നു പറഞ്ഞല്ളോ? ഉദാഹരണം പറയാമോ?
* ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ ഏഴിമല നാവിക അക്കാദമിയെക്കുറിച്ചാണ് മുഖപ്രസംഗമെഴുതിയതെന്ന് മനോരമയെ ചില മുസ്ലിം സഹോദരന്മാര്‍ ആക്ഷേപിക്കാറുണ്ട്. അതു ശരിയായിരുന്നു. വളരെ നേരത്തേ തയാറാക്കിയതായിരുന്നു. വേണമെങ്കില്‍ അതു പിന്നീട് മാറ്റാമായിരുന്നു. കോഴിക്കോടുതന്നെ കമ്പോസ്ചെയ്ത് വേണമെങ്കില്‍ പുതിയ മുഖപ്രസംഗം കൊടുക്കാമായിരുന്നു. ഇന്നാണെങ്കില്‍ വൈകിയുണ്ടാവുന്ന സംഭവത്തെപ്പറ്റിയും മുഖപ്രസംഗമെഴുതാന്‍ സംവിധാനമുണ്ട്. എന്നാല്‍, കേരളത്തില്‍ സാമുദായിക സംഘര്‍ഷം എങ്ങനെയെങ്കിലും ഒഴിവാക്കുന്നതിനായിരിക്കണം മനോരമയുടെ ശ്രമമെന്നാണ് അന്നു ചീഫ് എഡിറ്റര്‍ എടുത്ത തീരുമാനം. വാര്‍ത്താവിന്യാസത്തിലടക്കം എല്ലാറ്റിലും ശ്രദ്ധിക്കണമെന്ന് ഞങ്ങള്‍ നിശ്ചയിച്ചത് അങ്ങനെയാണ്്. അതുകൊണ്ടാണ് ബാബരി മസ്ജിദ് തകര്‍ത്തു എന്ന തലക്കെട്ടുപോലും മനോരമ കൊടുക്കാതിരുന്നത്. മിനാരങ്ങള്‍ തകര്‍ന്നു എന്നോ മറ്റോ ആയിരുന്നു അന്നത്തെ തലക്കെട്ട്. അതിനെപ്പറ്റിയും ആക്ഷേപമുണ്ട്. വായിക്കുന്ന സമുദായങ്ങള്‍ക്ക് പരസ്പരം വികാരവിക്ഷോഭമുണ്ടാകരുതെന്ന ശ്രദ്ധയോടെയാണ്് ഞങ്ങളതു ചെയ്തത്. ദക്ഷിണേന്ത്യയില്‍ ബാബരി തകര്‍ച്ചയുടെ പടം കൊടുക്കാന്‍ കഴിയുന്ന ഏക പത്രം മനോരമയായിരുന്നു. ദല്‍ഹിയില്‍നിന്ന് പടം ഇവിടേക്ക് ട്രാന്‍സ്മിറ്റ് ചെയ്യാനുള്ള മെഷീന്‍ മനോരമക്കു മാത്രമാണുണ്ടായിരുന്നത്. ഈയിടെ മനോരമയില്‍നിന്നു വിരമിച്ച പി. മുസ്തഫയാണ് അയോധ്യയിലേക്കു പോയത്. അവിടെ ചെല്ലുമ്പോഴും ബാബരി മസ്ജിദ് തകര്‍ക്കുമെന്ന ഒരു സൂചനപോലും റിപ്പോര്‍ട്ടര്‍മാര്‍ക്കാര്‍ക്കുമില്ലായിരുന്നു. കര്‍സേവകര്‍ മസ്ജിദ് ഇടിച്ചുതകര്‍ക്കുന്ന പടങ്ങളെല്ലാം മുസ്തഫ എടുത്തു. അപ്പോഴേക്കും സംഘര്‍ഷം ഉടലെടുത്തു. സുഹൃത്തുക്കള്‍ മുസ്തഫക്ക് ഒരു ഹിന്ദു പേരിട്ടു. ദേശാഭിമാനി ലേഖകനായി കൂടെ ഉണ്ടായിരുന്ന ജോണ്‍ ബ്രിട്ടാസ് ആണ് അതു ചെയ്തത്.  കര്‍സേവകര്‍ തലയില്‍ ചുറ്റുന്ന തുണിശ്ശീലയും ഒരെണ്ണം സംഘടിപ്പിച്ച് മുസ്തഫയുടെ തലയില്‍ കെട്ടി. മുസ്തഫ എന്ന പേരുപോലും ആരും പറഞ്ഞേക്കരുതെന്ന് ബ്രിട്ടാസ് എല്ലാവരെയും ചട്ടംകെട്ടി. ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് മുസ്തഫയും സംഘവും പുറത്തേക്കു കടന്നത്. കാമറയുംകൊണ്ട് ഇത്രയും ദൂരം നടന്നുപോയാല്‍ പിടിക്കപ്പെടുമെന്നുള്ളതുകൊണ്ട് ബ്രിട്ടാസിന്‍െറ നേതൃത്വത്തിലാണ് പോകുന്നവഴി വലിയ അപകടസാധ്യതയില്ലാത്ത വീട് കണ്ടപ്പോള്‍ കാമറ അവിടെ ഏല്‍പിച്ചത്. ഫിലിംറോള്‍ മുസ്തഫ കൂടെക്കരുതി. പക്ഷേ, ആ പടം കൊടുക്കേണ്ടെന്നാണ് ഞങ്ങള്‍ തീരുമാനിച്ചത്. കൊടുക്കുകയായിരുന്നെങ്കില്‍ ആ പത്രം കിട്ടാന്‍ പിടിച്ചുപറിയാവുമായിരുന്നു. വാര്‍ത്താ ഏജന്‍സികളായ പി.ടി.ഐക്കോ യു.എന്‍.ഐക്കോ പോലും മെഷീനില്‍ക്കൂടി പടം അയക്കാനുള്ള സംവിധാനമില്ലായിരുന്നു. അന്ന് ടെലിവിഷന്‍ എന്നു പറയുന്നത് ദൂരദര്‍ശന്‍ മാത്രമാണ്. അവര്‍ സെലക്ടീവായ വാര്‍ത്തയും പടവും മാത്രമേ കൊടുക്കൂ. പള്ളി തകര്‍ച്ച ആരും അതിന്‍െറ ഭീകരാവസ്ഥയില്‍ കണ്ടിട്ടില്ല. സാമുദായിക സംഘര്‍ഷം ഒഴിവാക്കുന്നതിനാണ് പടം കൊടുക്കേണ്ടെന്നു തീരുമാനിച്ചത്. ഇന്നും മുസ്തഫയോടു ചോദിച്ചാല്‍ കരിയറിലെ ഏറ്റവും വലിയ സങ്കടമായി പറയുക ബാബരി മസ്ജിദ് തകര്‍ച്ചയുടെ എക്സ്ക്ളൂസിവ് പടങ്ങളെക്കുറിച്ചായിരിക്കും. മുഖപ്രസംഗം എന്തെഴുതിയാലും വളരെ സൂക്ഷിച്ചേ ചെയ്യൂ. വൈകാരികമായി വളരെ ചൂടുപിടിച്ചുനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ എഴുതേണ്ട എന്നായിരുന്നു ചീഫ് എഡിറ്ററുടെ തീരുമാനം. പ്രതികരണങ്ങള്‍ നോക്കി അന്തരീക്ഷം മയപ്പെടുത്താനുതകുന്ന നിലപാട് സ്വീകരിക്കാമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇന്നിപ്പോള്‍ അത് ആരോപണമായാണ് വരുന്നത്. കേരളത്തിലെ എല്ലാ പത്രങ്ങളുടെയും നിയന്ത്രണംകൊണ്ടും മുസ്ലിംലീഗ് അധികാരത്തിലിരുന്നതുകൊണ്ടും കേരളം ഒരു വര്‍ഗീയ ലഹളയില്‍നിന്ന് രക്ഷപ്പെട്ടതാണ്. മുസ്ലിംലീഗ് അന്ന് പ്രതിപക്ഷത്തായിരുന്നെങ്കില്‍ ഇങ്ങനെയാവുമായിരുന്നോ സ്ഥിതി എന്നു പറയാനാവില്ല. സാമുദായിക സംഘര്‍ഷം ഇല്ലാതാക്കുക എന്നൊരു ദൗത്യം അന്ന് ലീഗിനുണ്ടായിരുന്നു. പിന്നെ പാണക്കാട് ശിഹാബ് തങ്ങളുടെ ഇടപെടല്‍. രാഷ്ട്രീയപാര്‍ട്ടി നേതാവ് എന്നതിനെക്കാള്‍ ആധ്യാത്മിക നേതാവ് എന്ന പരിവേഷവുംകൂടി അദ്ദേഹത്തിനുണ്ടായിരുന്നല്ളോ. അദ്ദേഹത്തിന്‍െറ വളരെ സാന്ത്വനസ്പര്‍ശമുള്ള പ്രസ്താവനകളും മറ്റും സമാധാനത്തിന്‍െറ അന്തരീക്ഷമൊരുക്കി.

മനോരമയുമായി ആശയപരമായ കടുത്ത വിയോജിപ്പുകള്‍ പുലര്‍ത്തിയിരുന്ന നേതാക്കള്‍ വ്യക്തിപരമായി മനോരമയോടും പത്രാധിപരോടും എന്തു സമീപനമാണ് സ്വീകരിച്ചത്?
* വളരെ ഊഷ്മളമായ ബന്ധമാണ് എല്ലാവരുമായി ഉണ്ടായിരുന്നത്. കമ്യൂണിസ്റ്റ് നേതാക്കളുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. കെ.സി. മാമ്മന്‍മാപ്പിളയും പി. കൃഷ്ണപിള്ളയും തമ്മിലുള്ള സൗഹൃദത്തെപ്പറ്റി നേരത്തേ പറഞ്ഞല്ളോ. മാമ്മന്‍ മാപ്പിളയുടെ സഹോദരന്‍ കെ.സി. ഈപ്പന്‍ മരിക്കുന്നത് കൃഷ്ണപിള്ളയുടെ മടിയില്‍ കിടന്നാണ്. ജയില്‍മോചിതനായശേഷവും കൃഷ്ണപിള്ള മാമ്മന്‍മാപ്പിളയെ കാണാന്‍ കോട്ടയത്തു വരുമായിരുന്നു. കമ്യൂണിസ്റ്റ് നേതാവ് പി.ടി. പുന്നൂസ് മാമ്മന്‍ മാപ്പിളയുടെ ബന്ധുകൂടിയാണ്. കോട്ടയത്തുവരുമ്പോള്‍ മനോരമയില്‍വന്ന് മാമ്മന്‍മാപ്പിളയെ കണ്ട് ഒരുമിച്ച് ഭക്ഷണം കഴിച്ചാണ് അദ്ദേഹം പാര്‍ട്ടി ചടങ്ങുകള്‍ക്ക് പോയിരുന്നത്. അങ്ങനെ ഒരു സന്ദര്‍ശനത്തില്‍ മാമ്മന്‍ മാപ്പിള പറഞ്ഞ കാര്യമാണ് പുന്നൂസ് വൈകുന്നേരം തിരുനക്കരയില്‍ പ്രസംഗിച്ചത്. സംസാരത്തിനിടെ ഞങ്ങള്‍ അധികാരത്തില്‍ വരാന്‍ പോവുകയാണ് എന്ന് പുന്നൂസ് പറഞ്ഞു. ‘‘നിങ്ങള്‍ വന്നാലുള്ള പ്രശ്നമെന്താണെന്നുവെച്ചാല്‍ നിങ്ങള്‍ എന്നെപ്പിടിച്ച് അകത്താക്കും. അകത്താക്കുന്നതില്‍ പ്രശ്നമില്ല. പക്ഷേ, എനിക്ക് ഇഷ്ടപ്പെട്ടതു വായിക്കാന്‍ നിങ്ങള്‍ തരില്ല. അവനവന് ഇഷ്ടമുള്ളത് വായിക്കാന്‍ കഴിയാത്തതിനെക്കാള്‍ നല്ലത് ആത്മഹത്യ ചെയ്യുകയാണ്’’ എന്ന് മാമ്മന്‍ മാപ്പിള പറഞ്ഞു. അതാണ് പുന്നൂസ് പ്രസംഗിച്ചത്. ഞാനിപ്പോള്‍ കെ.സി. മാമ്മന്‍ മാപ്പിളയുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് വരുകയാണ്. കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നാല്‍ ഞാനും എന്‍െറ കുടുംബവും വിഷം കഴിച്ചു മരിക്കുമെന്നാണ് അദ്ദേഹം പറയുന്നത് എന്ന മട്ടിലായിരുന്നു പ്രസംഗം. പിന്നീട് ദേശാഭിമാനിയുടെ കണ്ണൂര്‍ യൂനിറ്റ് ഉദ്ഘാടനത്തിന് കെ.എം. മാത്യുവാണ് ഈ കഥ പറയുന്നത്. ദേശാഭിമാനിയും അത് ബോക്സ് വാര്‍ത്തയായി കൊടുത്തു. എ.കെ.ജിയുമായിട്ടും ഇ.എം.എസുമായിട്ടുമൊക്കെ ഈ ഊഷ്മളബന്ധമുണ്ടായിരുന്നു. ഇ.എം.എസിന്‍െറ വിക്കിനെ കളിയാക്കിയതിന്‍െറ പേരില്‍ ഒരു പ്രസിദ്ധീകരണംതന്നെ മനോരമ നിര്‍ത്തി എന്നു പറയുന്നതുതന്നെ ആ ബഹുമാനത്തിന്‍െറ ആഴമാണ് വ്യക്തമാക്കുന്നത്. മാര്‍ക്സിസ്റ്റ് നേതാക്കളെക്കാള്‍ സി.പി.ഐ നേതാക്കളുമായിട്ടായിരുന്നു കൂടുതല്‍ അടുപ്പം.

അടിയന്തരാവസ്ഥയിലെ മനോരമയുടെ നിലപാടുകള്‍ ഏറെ വിമര്‍ശിക്കപ്പെട്ടതാണ്. മറ്റു പ്രമുഖ പത്രങ്ങളൊന്നും സ്വീകരിക്കാത്തത്ര ഭരണകൂട വിധേയത്വം മനോരമയുടെ ഭാഗത്തുനിന്നുണ്ടായത് എന്തുകൊണ്ടാണ്?
* അടിയന്തരാവസ്ഥ വന്നപ്പോള്‍ ചീഫ് എഡിറ്റര്‍ കെ.എം. മാത്യു ജീവനക്കാരുടെ യോഗം വിളിച്ചുകൂട്ടി. നമുക്ക് രണ്ടു വഴിയാണുള്ളത്. ഒന്ന്, അടിയന്തരാവസ്ഥയെ ശക്തമായി എതിര്‍ക്കുക. എതിര്‍ത്താല്‍ എത്ര ദിവസംകൂടി പ്രസിദ്ധീകരിക്കാനൊക്കും എന്നറിയില്ല. ഇതൊരു താല്‍ക്കാലിക പ്രതിഭാസമാണ്. അതുകൊണ്ട് ഏതാനും മാസത്തേക്കു നിയമത്തില്‍ പറയുന്ന കാര്യങ്ങള്‍ സമ്മതിച്ചുകൊണ്ട്  മുന്നോട്ടുപോകുകയാണ് രണ്ടാമത്തെ വഴി. പത്രം പൂട്ടിപ്പോയാല്‍ മാത്തുക്കുട്ടിച്ചായനല്ളേ ജീവിക്കാന്‍ പറ്റൂ. ഞങ്ങളൊക്കെ എന്തു ചെയ്യുമെന്ന് മുതിര്‍ന്ന പത്രാധിപന്‍ വി.കെ.ബി. നായര്‍ ചോദിച്ചു. വലിയ കമ്യൂണിസ്റ്റുകാരനാണ് വി.കെ.ബി. അടിയന്തരാവസ്ഥ ദീര്‍ഘകാലം രാജ്യത്ത് കൊണ്ടുപോകാന്‍ ഒക്കില്ല. അതുവരെ മുങ്ങിത്താഴാതെ പതച്ചുകിടന്നുപോകാന്‍ പറ്റുമോ എന്നു നോക്കാം എന്ന് വി.കെ.ബി തന്നെയാണ് പറഞ്ഞത്. സെന്‍സറിന്‍െറ പിടിയില്‍ വരാത്ത വാര്‍ത്തകളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. വെട്ടുക്കിളി ശല്യത്തെപ്പറ്റി മുഖപ്രസംഗമെഴുതി എന്നൊക്കെ കളിയാക്കുന്നത് അതിനാണ്. ഇപ്പോള്‍ ആഴ്ചപ്പതിപ്പിന്‍െറ എഡിറ്ററായ കെ.എ. ഫ്രാന്‍സീസ് ആണ് ആ വാര്‍ത്ത ചെയ്തത്. മനോരമയുടെ മലപ്പുറം എഡിഷനില്‍ ഒരാഴ്ച മുമ്പ് വന്ന ചെറിയ വാര്‍ത്തയായിരുന്നു. ടി. നാരായണനെയും ഫ്രാന്‍സീസിനെയും കൂടി അവിടേക്ക് അയച്ചു. ഡെസ്കില്‍ മാത്യു മണിമലയോട് ബൈബ്ളില്‍ വെട്ടുക്കിളിയെക്കുറിച്ചു പറയുന്നതു നോക്കാന്‍ ഏല്‍പിച്ചു. മഹാഭാരതത്തിലും ഖുര്‍ആനിലുമുണ്ടോ എന്നു പരതി. അങ്ങനെ വലിയൊരു പാക്കേജായാണ് അത് അവതരിപ്പിച്ചത്. സത്യത്തില്‍ മലയാളത്തില്‍ വികസനോന്മുഖ പത്രപ്രവര്‍ത്തനം ഏറ്റവും ത്വരിതവികസനം നേടിയ കാലഘട്ടമായിരുന്നു. ഒരു ദിവസം കോട്ടയം വെസ്റ്റ് പൊലീസ്സ്റ്റേഷനിലെ സി.ഐ കമ്പോസിങ് മുറിയില്‍ കയറുന്നത് കെ.എം. മാത്യു കണ്ടു. ഒരു വാര്‍ത്തയുടെ കാര്യം നോക്കാനാണെന്നു സി.ഐ പറഞ്ഞു. അതെന്‍െറ ഉത്തരവാദിത്തമാണ്. എഴുതിയതില്‍ വല്ല തെറ്റുമുണ്ടെങ്കില്‍ നാളെ നിങ്ങള്‍ നിയമനടപടി സ്വീകരിച്ചുകൊള്ളൂ, കമ്പോസിങ് മുറിയില്‍ കയറാന്‍ പറ്റില്ല എന്നു പറഞ്ഞ് അയാളെ ഇറക്കിവിട്ടു. സെന്‍സര്‍ ഇവിടെവന്ന് നടപടിയെടുക്കേണ്ട സാഹചര്യം വന്നതേയില്ല. മുഖപ്രസംഗത്തിന്‍െറ സ്ഥലം ഒഴിച്ചിട്ട് പ്രതിഷേധിച്ചതായി ദേശാഭിമാനി ഇപ്പോള്‍ വലിയ കാര്യമായി പറയുന്നുണ്ടല്ളോ? ആദ്യത്തെ ദിവസം ഒഴിച്ചിട്ടു. രണ്ടാമത്തെ ദിവസവും അങ്ങനെചെയ്തു. ഒഴിച്ചിടാന്‍ പറ്റില്ല, എഴുതിയാലേ ഒക്കൂ എന്ന് മൂന്നാമത്തെ ദിവസം സെന്‍സര്‍ പറഞ്ഞു. എന്തുകൊണ്ടാണ് ദേശാഭിമാനി പിന്നീട് വഴങ്ങിയതെന്ന് ഞാനന്വേഷിച്ചു. കെ.എഫ്.സിയില്‍ വായ്പയുണ്ട്. എല്ലാ മാസവും തിരിച്ചടയ്ക്കണം. തിരിച്ചടയ്ക്കണമെങ്കില്‍ പത്രം നടത്തണം. പരസ്യം കിട്ടണം. ഇന്നത്തെ ബക്കറ്റ് പിരിവൊന്നും അന്നില്ല. എന്നാല്‍, ഒറ്റപ്പെട്ട ചില ആളുകള്‍ പല എതിര്‍പ്പുകളും കാണിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍നിന്ന് നിങ്ങളാവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്യുമ്പോള്‍ നമ്മുടെ നേതാക്കള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായെന്നറിയിക്കാന്‍ ഒരാള്‍ ഒരു കത്തെഴുതി. പാട്ട് ആവശ്യപ്പെട്ടവരുടെ പേരെല്ലാം ജയിലില്‍ കിടക്കുന്ന നേതാക്കളുടേതായിരുന്നു.  ഓരോ പേരിനുശേഷവും വിയ്യൂര്‍ എന്നു ചേര്‍ത്തു. ജനത്തിനു കാര്യം മനസ്സിലായി.  My Father Dem O Cracy is dead എന്നു പറഞ്ഞ് ടൈംസ് ഓഫ് ഇന്ത്യയില്‍ പരസ്യം കൊടുത്തു പാലക്കാട്ടുകാരന്‍ മഹാദേവന്‍. അങ്ങനെയുള്ള സാമര്‍ഥ്യം വ്യക്തികള്‍ കാണിച്ചിട്ടുണ്ട്.
(തുടരും)

http://www.madhyamam.com/weekly/1389

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക