Image

ചെറിയ ചെറിയ കഥകള്‍

കെ.സി. ഫ്രാന്‍സീസ്‌ Published on 22 June, 2012
ചെറിയ ചെറിയ കഥകള്‍
സ്‌ത്രീധനയുദ്ധം

അയാള്‍ പൊരുതുന്ന സാഹിത്യകാരന്‍. സമുദായത്തിലെ മാലിന്യങ്ങള്‍ തുടച്ചുവെടിപ്പാക്കുന്ന ക്‌ളീനര്‍ ജോലിയാണ്‌ കലാകാരന്റേത്‌ എന്നുറച്ചു വിശ്വസിക്കുന്നവന്‍.

എഴുതി ഗ്രന്ഥമൊന്ന്‌, സ്‌ത്രീധന സമ്പ്രദായത്തിനെതിരെ. ഓണക്കാലത്ത്‌ പപ്പടംപോലെ പുസ്‌തകത്തിന്റെ പ്രതികള്‍ വിറ്റഴിഞ്ഞു. പ്രശംസാപത്രങ്ങള്‍, അഭിനന്ദനങ്ങള്‍ അവയ്‌ക്കെല്ലാം മകുടം ചാര്‍ത്താനെന്നോണം (കഥയുടെ പൊലിമയ്‌ക്ക്‌) ജ്ഞാനപീഠം അവാര്‍ഡ്‌. 2 ലക്ഷം രൂപ. സമ്മാനദാനച്ചടങ്ങില്‍ ഘോരഘോരം പ്രസംഗിച്ചു. സ്‌ത്രീധനത്തിനെതിരെ വിമര്‍ശിച്ച്‌ അത്‌ വാങ്ങുന്നവനും കൊടുക്കുന്നവനും ഒരുപോലെ സാമൂഹ്യവിരുദ്ധര്‍.

കുമ്പിട്ടുതൊഴുത്‌ സമ്മാനത്തുക വാങ്ങി ഭാര്യയെ ഏല്‍പിച്ചിട്ട്‌ അയാള്‍ പറഞ്ഞു, നമ്മുടെ മൂത്തമകള്‍ക്ക്‌ സ്‌ത്രീധനം കൊടുക്കാനുള്ള വകയായി. മറ്റു മക്കളുടെ കല്യാണത്തിന്‌ ഇനിയും ഗ്രന്ഥരചനയില്‍ ഏര്‍പ്പെടാമല്ലോ.

നിരാസം

ഷീല സുന്ദരി, ആഢ്യത്തവും ആഭിജാത്യവുമുള്ള കുടുംബം. അഭ്യസ്‌തവിദ്യ, സകലകലാവല്ലഭ.

ഒരു വിവാഹാലോചന വന്നു. പ്രേമമായിരുന്നുവെന്നും കേള്‍ക്കുന്നു. പക്ഷേ, വീട്ടുകാര്‍ സമ്മതിക്കില്ല. സത്യത്തില്‍ ഷീലാകാമുകന്‍ ഒരു പരമദരിദ്രനാണ്‌. പക്ഷേ പുറത്തുപറഞ്ഞ കാരണം മറ്റൊന്ന്‌, അയാളുടെ മൂക്ക്‌ പതിഞ്ഞതാണ്‌.

ഷീലയെ ഉയര്‍ന്ന മൂക്കുള്ള ഒരു തറവാടി തന്നെ കല്യാണം കഴിച്ചു. ജോലി സ്ഥലമായ സിംഗപ്പൂരിലേക്ക്‌ കൊണ്ടുപോയി.

അവധിക്ക്‌ വന്നത്‌ എട്ടുകൊല്ലങ്ങള്‍ക്കുശേഷമാണ്‌. ഷീലയ്‌ക്ക്‌ രണ്ട്‌ കുട്ടികള്‍. ഒരാണും ഒരു പെണ്ണും. രണ്ടും പതിമൂക്കന്‍ വര്‍ഗ്ഗത്തില്‍പെട്ടവര്‍. ഇതെങ്ങനെ? ഭര്‍ത്താവിന്റെ കമ്പനിയുടമ മാനേജര്‍ ഒരു മലയാക്കാരനായിരന്നു. പണം മൂക്ക്‌ കാണുന്നില്ലായിരിക്കും, അല്ലേ.

ഊര്‍ജ്ജം

ലെനിന്‍ പറഞ്ഞുവത്രെ, എനിക്ക്‌ വിദ്യുച്ഛക്തിയും സോവിയറ്റുകളും തരിക. ഒരു പുതിയ രാജ്യം ഞാന്‍ കെട്ടിപ്പടുക്കും.

കഴിഞ്ഞ ഒരാഴ്‌ചയായി ദൂരദര്‍ശനിലെ അറിയിപ്പും ഇതുപോലെത്തന്നെ. വിദ്യുച്ഛക്തി പ്രേക്ഷകരോട്‌ സംസാരിക്കാന്‍ പോകുന്നു, ഇലക്ട്രിസിറ്റി നമ്മുടെ നാട്ടില്‍ വരുത്തിയ വമ്പിച്ച മാറ്റങ്ങളെപ്പറ്റി.

കുടുംബത്തില്‍ പ്രത്യേകിച്ചൊരു പണിയില്ലാത്തവരെല്ലാം ടി.വി. സെറ്റിനു മുമ്പിലിരുന്നു. സമയം കൃത്യം 6.28. ദീര്‍ഘദൂരമുഖികളായ അനൗണ്‍സര്‍മാരിലൊരുത്തി വന്ന്‌ അറിയിച്ചു

ഇതാ വിദ്യുച്ഛ...

കഴിഞ്ഞു ആകെ അന്ധകാരം. വിദ്യുച്ഛക്തി പ്രവാഹം നിലച്ചു. ഇരുട്ടില്‍ തപ്പിത്തടഞ്ഞ്‌ പ്രേക്ഷര്‍ അടുക്കള ലക്ഷ്യമാക്കി നടന്നു. അവിടെ അടുപ്പില്‍ വെളിച്ചമുണ്ടാകുമല്ലോ!

ആദ്യത്തെ വാര്‍ത്ത

ഔസേപ്പുട്ടി ഉറക്കമുണര്‍ന്നു കഴിഞ്ഞു. എങ്കിലും പായില്‍ നിന്നെണീറ്റിട്ടില്ല. അയാള്‍ സ്വപ്‌നം കാണുന്ന പതിവുകാരനല്ല. എങ്കിലും അര്‍ദ്ധബോധാവസ്ഥയില്‍ അവ്യക്തമായ ചില ചിത്രങ്ങള്‍ അയാളുടെ മനോമുകുരത്തില്‍ തെളിഞ്ഞുമാഞ്ഞുകൊണ്ടിരുന്നു.

ഉറക്കം കഴിഞ്ഞാല്‍ ഔസേപ്പുട്ടിയുടെ പ്രഭാതവന്ദനം ദിനപത്രപാരായണത്തോടെയാണ്‌. ഓരോ വാര്‍ത്തയും ശ്രദ്ധിച്ചു വായിക്കും. അപ്പോള്‍ വെറുതെ ചിന്തിച്ചുപോയി: എന്തായിരിക്കും ഇന്നത്തെ ആദ്യത്തെ വാര്‍ത്ത? വല്ല അപകടവുമായിരിക്കും. ഒന്നുകില്‍ വിമാനം, അല്ലെങ്കില്‍ തീവണ്ടി, അതുമല്ലെങ്കില്‍ കാറോ ബസ്സോ... നിത്യവുമുണ്ടാകും. കണ്ണു തിരുമ്മിക്കൊണ്ട്‌ ഔസേപ്പുട്ടി ആലോചിച്ചു. താനെത്ര ഭാഗ്യവാന്‍ ഒരപകടത്തിലും കുടുങ്ങിയിട്ടില്ല. കയ്യോ കാലോ കണ്ണോ മൂക്കോ ഒന്നിനും പരിക്കേറ്റിട്ടില്ല.

പ്‌തോം

തുറന്ന ജനാലയില്‍ക്കൂടി പത്രം വീഴുന്നു. കൂടെ കനംകൂടിയ കലണ്ടറും. മലര്‍ന്നുകിടന്ന്‌ നക്ഷത്രമെണ്ണുന്ന ഔസേപ്പുട്ടിയുടെ മൂക്കി!േല്‍ത്തന്നെ അതു ചെന്നലച്ചുവീണിരിക്കുന്നു. ഔസേപ്പുട്ടി ഞെട്ടിയുണര്‍ന്ന്‌ ചാടിയെണീറ്റു. പത്രം നിലത്തു കിടക്കുന്നു. മൂക്കിന്റെ ദ്വാരഭാഗം മുറിഞ്ഞ്‌ രക്തം കിനിഞ്ഞു. പത്രത്തിലാണ്‌ രക്തബിന്ദുക്കള്‍ പതിക്കുന്നത്‌. കറങ്ങുന്ന കണ്ണുകളാല്‍ അയാള്‍ അപ്പോഴും തപ്പിത്തിരയുന്നു. ആദ്യത്തെ വാര്‍ത്തയേത്‌?

ആദ്യത്തെ...

അന്തരം

ലക്ഷക്കണക്കിന്‌ ദൃഷ്ടാക്കളുടെ കലര്‍പ്പറ്റ ആരാധന പിടിച്ചുപറ്റിയ സുമുഖനും ചെറുപ്പക്കാരനുമായ ടെലിവിഷന്‍ നടന്‍ അശ്വിന്‍കുമാര്‍.

അശ്വിന്‍കുമാറിന്റെ അനശ്വരകഥാപാത്രം: ശ്രീരാമന്‍. ശ്രീരാമന്റെ ചൈതന്യധന്യമായ ജീവിതം. ഇത്ര യഥാര്‍ത്ഥമായി ടെലിവിഷനില്‍ പകര്‍ത്തുവാന്‍ വേറെ ആരെക്കൊണ്ടും ആവുമെന്ന്‌ തോന്നുന്നില്ല. അത്ര പ്രഗത്ഭമായ അഭിനയം.

പുറത്തിറങ്ങി നടക്കുമ്പോള്‍ മുത്തശ്ശികള്‍ അശ്വിന്‍കുമാറിന്റെ മുന്നില്‍ സാഷ്ടാംഗപ്രണാമം നടത്തി; പണക്കാരായ കുടവയറ!ാര്‍ നോട്ടുകെട്ടുകള്‍ വിതറി; പ്രസരിപ്പുള്ള കുട്ടികള്‍ ജയ്‌ശ്രീറാം എന്നുറക്കെ പാടിക്കൊണ്ട്‌ ചുറ്റും തുള്ളിച്ചാടിക്കളിച്ചു.

കാലം പോയി. ഭരണകൂടത്തിന്റെ ചുക്കാന്‍ തിരിക്കുന്നവര്‍ വേറെ നട!ാരെ ടി.വിയില്‍ അവതരിപ്പിച്ചു. അശ്വിന്‍കുമാര്‍ വിസ്‌മൃതിയിലേക്ക്‌ നീങ്ങി.

കലാരംഗത്ത്‌ ഇതൊക്കെ നിത്യസംഭവം. അവസാനം വളരെക്കാലത്തെ പരിശ്രമത്തിനുശേഷം ചെറിയ ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ സിഗരറ്റുകമ്പനിക്കാര്‍ അശ്വിന്‍കുമാറിനെ ക്ഷണിച്ചു.

ചിത്രം പുറത്തിറങ്ങിയ ദിവസം തുച്ഛമായ പ്രതിഫലം വാങ്ങാന്‍ അയാള്‍ നിരത്തിലൂടെ നടക്കുന്നു. പരസ്യം ടി.വിയില്‍ കണ്ട ആളുകള്‍ അയാളെ തിരിച്ചറിഞ്ഞു. ശ്രീരാമന്‍ സിഗരറ്റു വലിക്കുകയോ? ക്ഷുഭിതരായ ജനം അശ്വിന്‍കുമാറിനെ വളഞ്ഞു. പൊതിരെ തല്ലിവിട്ടു. അഭിനയത്തി ല്‍ നിന്ന്‌ അയാള്‍ക്ക്‌ വിടപറയേണ്ടിവന്നത്‌ ഇങ്ങനെയത്രേ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക