Image

മലയാളത്തിനു ക്ലാസ്സിക്കല്‍ പദവി: ഏട്ടിലാക്കിയ രേഖകള്‍ വിനയായി

പ്രൊഫ. ജോയി ടി. കുഞ്ഞാപ്പു Published on 23 June, 2012
മലയാളത്തിനു ക്ലാസ്സിക്കല്‍ പദവി: ഏട്ടിലാക്കിയ രേഖകള്‍ വിനയായി
നൃപതി ജയിക്ക നീ ... !

  മലയാളത്തിനു ക്ലാസ്സിക്കല്‍ പദവി നല്‍കണമെന്ന ആവശ്യം കേന്ദ്ര സാഹിത്യ അക്കാഡമിയുടെ  സാഹിത്യ ഭാഷാ സമിതി  തള്ളി.  മലയാള ഭാഷയ്ക്കു അത്രയേറെ പഴക്കം ഇല്ലെന്നു വിലയിരുത്തിയാണ് സമിതി ആവശ്യം തള്ളിയത്.  ക്ലാസ്സിക്കല്‍ പദവി ലഭിക്കണമെങ്കില്‍ ഒരു ഭാഷയ്ക്കു 1,500 - 2,000  വര്‍ഷം പഴക്കം വേണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മാനദണ്ഡം.  ഇക്കാര്യം അവകാശപ്പെട്ട്  മലയാള ഭാഷാ വിദഗ്ദ്ധര്‍ അവകാശപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നു ഹൈദരാബാദില്‍ നടന്ന യോഗത്തില്‍ സമിതി വിലയിരുത്തി.   

എന്റെ സ്വതന്ത്ര ലഘു  ഭാഷ്യം: 

മലയാളിയേപ്പോലെ മലയാളവും സ്വന്തം ഉത്ഭവത്തേയും  അസ്തിത്വത്തേയും കുറിച്ചു വ്യാകുലപ്പെടുന്ന അവസ്ഥ.  മലയാള  ചരിത്രകാരന്മാര്‍ ഏട്ടിലാക്കിയ രേഖകള്‍ തന്നെയാണ് ഭാഷയ്ക്കു വിനയായി മാറിയത്. 

അവര്‍ ആദിയിലുണ്ടായ ദ്രാവിഡ ഭാഷാക്കൂട്ടില്‍നിന്ന് വേര്‍തിരിഞ്ഞ പരിശുദ്ധ പരലായി ഭാഷാത്തരുണിയെ  പരിഗണിച്ചെങ്കിലും, സ്വതന്ത്ര  സ്വഭാവമുള്ള നവകന്യകയായാണ് കൈരളിയെ  തുടക്കം തൊട്ടേ ഉയര്‍ത്തിക്കാട്ടിയത്.  സ്വയംഭൂവെന്നു  അഭിമാനിച്ച അഹന്ത ദോഷകരമായി ഭവിച്ചെന്നു മാത്രം! 

മകളുടെ  ചരിത്രം അമ്മയുടെ തുടര്‍ച്ചയെന്ന ജൈവസിദ്ധാന്തം
ക്ലാസ്സിക്കല്‍ പദവി നിര്‍ണ്ണയിക്കുന്ന കമ്മിറ്റിയുടെ മുമ്പില്‍ ഏശാതെ പോയതെന്തേ?  

കേരളത്തിലെ ഔദ്യോഗിക ഭാഷയായി
വിരാജിച്ച
തമിഴ്,  സ്വതന്ത്ര ലിപിയോടെ മലനാട്ടില്‍ നിലനിന്നിരുന്ന കൈരളിയെ ശ്വാസം മുട്ടിച്ചിട്ടുണ്ടായിരിക്കാം.  ലിപിക്കു സംഭവിച്ച പരിണാമദശകള്‍ ഭാഷയുടെ വ്യക്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിവിശേഷം സംജാതമാക്കിയിരിക്കാം.

എന്റെ അഭിപ്രായത്തില്‍ ദ്രാവിഡത്തനിമയും സംസ്കൃതഗരിമയും ഇഴ തൂര്‍ന്നും ഇണ ചേര്‍ന്നും വിലസുന്ന മലയാളം ഇന്ത്യയുടെ ആത്മനെത്തന്നെ ഉള്‍ക്കൊണ്ട ഒരു ഭാഷ തന്നെ.  ഇതിനെ വേണമെങ്കില്‍ അതിപ്രാചീന പാരമ്പര്യം പോലും അവകാശപ്പെടാം.      

എന്നാല്‍ മലയാളത്തിനു മറ്റൊരു മുഖം കൂടിയുണ്ട് - ഇംഗ്ലീഷുപോലെ ആധുനികത്വം പ്രസരിക്കുന്ന ഒരു ഭാവം. രണ്ടു ഭാഷകളും ചരിത്രകാരന്മാരുടെ ഭാഷയില്‍ ഏകദേശം ഒരേ കാലഘട്ടത്തില്‍ ആളിപ്പടരാന്‍ തുടങ്ങി.  യുറോപ്യന്‍ പാരമ്പര്യ സങ്കലനം ഒരു ഭാഗത്തെങ്കില്‍, ഇന്‍ഡോ-ആര്യന്‍ മൂലവും ദ്രാവിഡ ആഴവും കൂടിക്കലര്‍ന്ന സങ്കരം മറുഭാഗത്ത്‌.  ഒരര്‍ത്ഥത്തില്‍ പുതിയ ലോകത്തിന്റെ മുഖഭാവം പേറുന്ന ആധുനികതയെന്ന ആരോപണത്തില്‍ മലയാളികള്‍ സന്തോഷിക്കുകയാണ് വേണ്ടത്! 

ലിംഗവും വചനവും ആഖ്യയെ അനുസരിക്കാത്ത ആഖ്യാതമായ ഭാഷാത്തരുണിയുടെ കര്‍മ്മത്തെ നമിക്കുക!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക