Image

സംഘട ആനകളുടെ പൂരവും ചില ചേന കാര്യങ്ങളും (ഹാസ്യ വീക്ഷണം)

സുധീര്‍ പണിക്കവീട്ടില്‍ Published on 29 June, 2012
സംഘട ആനകളുടെ പൂരവും ചില ചേന കാര്യങ്ങളും  (ഹാസ്യ വീക്ഷണം)
വീരപ്പന്മാരുള്ള കാടാണെ
വാരികുഴിയുള്ള കാടാണെ
അടിതെറ്റി വീഴല്ലേ സംഘട ആനേ.......

അമേരിക്കയില്‍ മലയാളികളുടെ ഒരു പൂരം കൊടിയേറുന്ന ഈ അവസരത്തില്‍ ഒരു വീരഗാഥ പോലെ വടക്കന്‍ പാട്ടിന്റെ ഈണത്തില്‍ വടക്കെ അമേരിക്കന്‍ മലയാളികള്‍ക്കു മേല്‍ പറഞ്ഞ വരികള്‍ പാടി ആനന്ദിക്കാം. .

വീരപ്പന്മാരുള്ള കാട്ടില്‍ ആനകള്‍ സുരക്ഷിതരല്ല. വാരികുഴികള്‍ ഉള്ള കാടു പിന്നേയും ഭേദമാണ്. കാരണം വീണാല്‍ താപ്പാനകള്‍ വലിച്ചു കയറ്റും. ക്രമേണ വാരികുഴിയില്‍ വീണ ആനയും താപ്പാനയാകുന്നു. പക്ഷെ വീരപ്പന്മാരുടെ കയ്യില്‍ പെട്ടാല്‍ അവര്‍ ആനയുടെ കൊമ്പു മുറിച്ചെടുക്കുന്നു, അതിനായി ആ പാവത്തിനെ കൊല ചെയ്യുന്നു. വീരപ്പന്‍ കൊലചെയ്യപ്പെട്ടപ്പോള്‍ കാട്ടാനകള്‍ക്ക് കരള്‍ നിറയെ ആനന്ദം ഉണ്ടായി കാണും. പക്ഷെ അവരുടെ ആനന്ദ ലബ്ധിക്ക് അല്‍പ്പായുസ്സായിരുന്നു. കാരണം നാഗരികതയുടെ നടപ്പാതയിലൂടെ അവരുടെ പൂര്‍വ്വികരെ ചങ്ങലക്കിട്ട് നടത്തിയിരുന്നവര്‍ തമ്മില്‍ കൊമ്പു കോര്‍ത്ത് ചേരി തിരിഞ്ഞു. രണ്ടാനകളും അവര്‍ വേറിട്ട് എഴുന്നെള്ളുന്ന പൂരങ്ങളും. കാണാന്‍ പോകുന്ന പൂരം!!

പൂരങ്ങളുടെ എണ്ണം കൂടുന്നതില്‍ കുഴപ്പമില്ല. എന്നാലും രണ്ട് ആനകള്‍ വേറിട്ട് നില്‍ക്കുന്നതിനെക്കാള്‍ ഒരുമിച്ച് എഴുന്നെള്ളുന്നത് ഉത്തമം. അമേരിക്കന്‍ ഐക്യ നാടുകള്‍ ഉള്‍കൊള്ളുന്ന ഓരോ സംസ്ഥാനത്തില്‍ നിന്നും വരുന്നന് ആനകളെ ഒരുമിച്ച് എഴുന്നെള്ളിച്ച് പൂരം കേമമാക്കാം. തൃശ്ശൂരിലെ ആറാട്ടുപുഴയില്‍ 41 ദേവന്മാരെ ആനപുറത്ത് എഴുന്നെള്ളിച്ച് പൂരം ആഘോഷിക്കറുണ്ട്. അതേപോലെ ഇവിടേയും ഒരു ആറാട്ടും എഴുന്നുള്ളത്തും.

ആനയാണെങ്കിലും ആമയാണെങ്കിലും ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് സ്വഭാവികമായി ആരും ചിന്തിച്ചുപോകും. എന്നാല്‍ ഓട്ട പന്തയത്തില്‍ ആമ മുയലിനെ വെട്ടിച്ച് കളഞ്ഞ കാര്യം നമ്മള്‍ മറക്കരുത്. രണ്ടാനകള്‍ക്ക് രണ്ട് തോട്ടികള്‍ വേണമെങ്കിലും ( ഇവിടെ തോട്ടിയെന്ന വാക്ക് ചില്ലറ കണ്‍ഫൂഷ്യന്‍ ഉണ്ടാക്കാം, തകഴിയുടെ പുസ്തകത്തിന്റെ പേരിലുള്ള തോട്ടിയല്ല ഇവിടെ ഉദ്ദേശിക്കുന്നതെന്ന് വായനക്കാരെക്കാള്‍ കൂടുതല്‍ എഴുത്തുക്കാരുള്ള അമേരിക്കന്‍ മലയാളികള്‍ക്കറിയാമല്ലോ?) തോട്ടിയെന്ന അധികാര ചിഹ്നത്തിനു പിടിവലി നടന്നാല്‍ ആനകള്‍ വിരണ്ടോടും. വാസ്തവത്തില്‍ തോട്ടിയുപയോഗിക്കാനും ചില പഴക്കങ്ങള്‍, വഴക്കങ്ങള്‍, അറിവുകള്‍ ഒക്കെ ഉണ്ടായിരിക്കണമെന്നു നമുക്കൊക്കെയറിയാം. പാപ്പാന്മാരുടെ നിരക്ഷരത ആനകളെ ബാധിക്കുന്നതായി കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു എന്നു അമേരിക്കയില്‍ നിന്നി റങ്ങുന്ന ഒരു പത്രത്തില്‍ പണ്ട് വായിച്ചതായി ഓര്‍ക്കുന്നു. ഓരോരുത്തരും അവരവര്‍ക്കു പരിചയമുള്ള ആയുധങ്ങള്‍ എടുക്കട്ടെ. വാസ്തവത്തില്‍ ഈ ലോകത്തു സംഭവിക്കുന്നതു ആളുകള്‍ തെറ്റായ ആയുധം കയ്യിലെടുക്കുന്നതു കൊണ്ടുള്ള കുഴപ്പമാണ്. പണിയറിയാത്തതു കൊണ്ടു ആയുധത്തെ കുറ്റം പറയുന്നതിലല്ല.

ആരാണു വീരപ്പന്‍ അല്ലെങ്കില്‍ ആരൊക്കെയാണ് വീരപ്പന്മാര്‍. ആന എവിടെ, കാടു എവിടെ? വാരികുഴികള്‍ ഉണ്ടാക്കുന്നവരും അതില്‍ വീഴുന്ന പാവം ആനകളും പിന്നെ താപ്പാനകള്‍ ആകുന്നവരും എവിടെ? ഓരോ തലമുറയും ഇതിനു ഉത്തരം അന്വേഷിക്കുന്നു. അങ്ങനെ കാലം കഴിഞ്ഞുപോകുന്നു. വീരപ്പന്മാര്‍ കൊല്ലപ്പെട്ടാലും ആനകള്‍ക്ക് സൈ്വര്യമുണ്ടാകണമെന്നില്ല. അവരെ വാരികുഴിയില്‍ വീഴ്ത്തി നാട്ടിലേക്ക് "കെട്ടി' കൊണ്ടു പോകാന്‍ വീര്യമില്ലാത്ത നാടന്‍ അപ്പന്മാര്‍ വരും. എന്നിട്ടവരെകൊണ്ടു പണികള്‍ ചെയ്യിപ്പിക്കുന്നു. അത്തരം ആനകളുടെ പുറത്തെ ഴുന്നുള്ളുന്ന പാപ്പാന്മാരും അവര്‍ പിടിക്കുന്ന തിടമ്പും വെണ്‍കൊറ്റകുടകളും ആനയുടെ നെറ്റിപ്പട്ടവും കണ്ട് രസിക്കുന്ന സാധാരണ മനുഷ്യനു ആനകളുടെ വേദന എങ്ങനെ അറിയാന്‍. സാധാരണ ജനങ്ങള്‍ക്ക് നെറ്റിപട്ടം കെട്ടിയ കൊമ്പന്മാരേയും, അതിന്റെ മേല്‍ തിടമ്പ് പിടിച്ചിരിക്കുന്ന ഭക്തശിരോമണികളെയും കണ്ട് സുഖിക്കാം. കൂട്ടത്തില്‍ പഞ്ചാരി മേളവും. പഞ്ചാരി മേളത്തിനു പറ്റിയ വിദ്വാന്മാരെ കിട്ടാന്‍ വിഷമമാണെങ്കില്‍ പഞ്ചാരയടിക്കാന്‍ മിടുക്കുള്ളവരെ കണ്ടു പിടിക്കാം. പൂരങ്ങളിലെ മുഖ്യ ദൃശ്യം വായില്‍ നോക്കികളും അവരൊ ലിപ്പിക്കുന്ന പഞ്ചാരനീരുമാണല്ലോ ചെറുപ്പത്തില്‍ ധാരാളം പഞ്ചാരയടിച്ചതുകൊണ്ടു മധ്യവയസ്സില്‍ പഞ്ചാരയുടെ ഉപദ്രവമുണ്ടാകുന്നില്ലെന്ന രഹസ്യം മലയാളികള്‍ക്ക് വൈദ്യലോകത്തോടു അഭിമാനപുരസ്സരം വിളിച്ചുപറയാം. അല്ലെങ്കിലും ദൈവം പോലും കാണാത്ത കാര്യങ്ങള്‍ കണ്ട് പിടിക്കുന്നതില്‍ മലയാളി അതി വിദ്ഗ്ധനാണല്ലോ?

ഏതൊ അമ്പലനടയില്‍ കൊടിയേറുന്ന ഉത്‌സവം കണ്ടു നമുക്കു മടങ്ങാം. അവിടെ വില്‍ക്കുന്ന പൊരിയും, ഈന്തപഴവും തിന്നാം. യന്ത്ര ഊഞ്ഞാലില്‍ കയറാം, കാച്ചിയ എണ്ണയുടെ സുഗന്ധമുള്ള പെണ്‍തലകള്‍ മൂക്കു കൊണ്ടു അന്വേഷിക്കാം, കുടമുല്ല പൂചൂടിയ, ചന്ദന പൊട്ടിട്ട സുന്ദരിമാരെ കാണാം, ചട്ടമ്പി ചേട്ടന്മാര്‍ ചീട്ടു കളിക്കുന്നതും അടിയുണ്ടാക്കുന്നതും കണ്ടു രസിക്കാം, കുപ്പിവളകളുടെ കിലുക്കത്തിനു പകരം പൊന്‍വളകളുടെ പുന്നാരങ്ങള്‍ കേട്ട് ആധുനിക കവിതയുണ്ടാക്കാം. പകല്‍ സ്വപ്നങ്ങളുടെ തേരിലേറി പറക്കുന്ന രാജ കുമാരന്മാരേയും, രാജകുമാരിമാരേയും കാണാം. ജരാ-നരകളെ ആധുനിക കണ്ടുപിടുത്തങ്ങളെകൊണ്ട് തോല്‍പ്പിച്ച്് യൗവ്വനശ്രീ പൂണ്ട് നിന്നു ചിത്രഗുപ്തനെ കബളിപ്പിക്കുന്നവരെ കാണാം. വയസ്സിനെ തോല്‍പ്പിച്ച്് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന അവരെ കണ്ട് തിരിച്ചറിയാതെ യമദൂതന്മാര്‍ തിരിച്ചുപോകുന്നു. യമദൂതന്മാര്‍ക്ക് ആളെ തിരിച്ചറിയാതെ മരണം അനശ്ചിതാവസ്ഥയിലേക്ക് നീങ്ങുന്നത് കൊണ്ട് ചിത്രഗുപ്തന്റെ കണക്കുകള്‍ പിഴക്കുന്നു. വെള്ളിതലമുടിയില്ലാത്തവരുടെ ലോകം. പാവം കഷണ്ടികള്‍ക്ക് മാത്രം രക്ഷയില്ല. കൃത്രിമകേശങ്ങള്‍ സൂക്ഷ്മനിരീക്ഷണത്തില്‍ തിരിച്ചറിയപ്പെടുന്നു. കാലത്തിനൊത്ത് കോലം കെട്ടുന്നവരെ കുറ്റപെടുത്തരുതെന്നും നമ്മള്‍ അപ്പോള്‍ ഓര്‍ക്കുന്നു. ഇത്തരം ഉത്സവ മേളങ്ങള്‍ അറിവിന്റെ ഒരു സര്‍വ്വകലാശാലയാകുന്നു.

ബാല്യകാലസഖികളെയോ പണ്ടത്തെ പ്രേമഭാജനങ്ങളെയോ കണ്ടുമുട്ടാം. മുട്ടാം എന്നു എഴുതിയതു മലയാള ഭാഷയുടെ ഒരു പോരായ്മയാണ്. കാണാമെന്നു വിവക്ഷ. കാത്തു സൂക്ഷിച്ചിട്ടും കാക്കച്ചികള്‍ കൊത്തി കൊണ്ടുപോയന്ആ കസ്തൂരി മാമ്പഴങ്ങളെ നോക്കി നെടുവീര്‍പ്പിടാം. കിളിചുണ്ടന്‍ മാമ്പഴമെ, കിളികൊത്താ തേന്‍പഴമെ.... എന്നു പാടിയ യൗവ്വനത്തിന്റെ ഹൃദയ മിടിപ്പുകളെ ഒന്നു കൂടി കാതോര്‍ക്കാം. അത് കേട്ട് ആരെങ്കിലും തിരിഞ്ഞ് നോക്കിയേക്കാം. കഭി കഭി മേരെ ദില്‍ മെ ഖയാല്‍ ആത്താ ഹേ..... അന്തരീക്ഷത്തില്‍ എവിടെയോ ഒരു ഗാനത്തിന്റെ വരികള്‍ ഒഴുകുന്നു. പൂങ്കുയിലുകള്‍ പാടുന്ന ഒരു വസന്താരാമമാണ് യൗവ്വനം. എത്ര പെട്ടെന്നാണു അത് കൈവിട്ടു പോകുന്നത്.

ഇതിനിടയില്‍ ആരെങ്കിലും അമ്പലം വിഴുങ്ങുന്നുണ്ടോ എന്നു എന്തിനു അന്വേഷിക്കുന്നു. ദേവസ്വകാര്യങ്ങളുടെ നടത്തിപ്പുകാര്‍ ചക്കര കുടത്തില്‍ കയ്യിട്ടു എത്ര നേരം നില്‍ക്കും, പകര്‍ച്ച വ്യാധിയുണ്ടാക്കുന്ന ഈച്ചയെ കൊണ്ടു സ്വന്തം വിരല്‍ എന്തിനു വെറുതെ നക്കിക്കുന്നു, സ്വയം നക്കുന്നതു ഉത്തമം.

ഒരു അടിപൊളി പൂരം എന്നു സാധാരണക്കാരനു തോന്നുമെങ്കിലും മലയാളികളുടെ കല- സാഹിത്യ, സാംസ്കാരിക ശാഖകളുടെ വികസനത്തിനായി ഇത്തരം സംഘട ആനകള്‍ പ്രവൃത്തിക്കുന്നുണ്ടല്ലോ. ഇതിന്റെ പ്രവര്‍ത്തനത്തെപറ്റി അന്വേഷിക്കുന്നവരില്‍ എത്ര പേര്‍ ഭാരവാഹികളുടെ പരിഗണനക്കായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നു കൂടി അന്വേഷിക്കേണ്ടതാണു. അഭിപ്രായപ്രകടന സ്വാതന്ത്രം ഭരണഘടന അനുവദിക്കുന്നുണ്ടെങ്കിലും അതു മറ്റുള്ളവര്‍ കേട്ടിരിക്കണമെന്നു അനുശാസിക്കുന്നില്ല. കേള്‍പ്പിക്കുകയും സ്വീകരിപ്പിക്കുകയും ചെയ്യേണ്ടതു പറയുന്നയാളിന്റെ മിടുക്കും സാമര്‍ഥ്യവുമാണ്.

പ്രായം വന്ന ഒരു തലമുറ ത്രിശ്ശങ്കു സ്വര്‍ഗ്ഗത്തില്‍ എന്ന പോലെ ഇവിടെ കഴിയുന്നുണ്ട്. അവര്‍ക്കു നാട്ടില്‍ പോയാല്‍ അനുഭവപെടുന്ന പ്രയാസങ്ങള്‍ ലളിതമാക്കാന്‍ സംഘട ആനകള്‍ക്ക് ശ്രമിക്കാം. പക്ഷെ നാട്ടിലെ രാഷ്ട്രീയം വീരപ്പനെ പോലെ ആനയുടെ കൊമ്പു മുറിക്കില്ലേ. അല്ലെങ്കില്‍ അതിനെ വാരികുഴിയില്‍ വീഴ്ത്തില്ലേ. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ പ്രയാസങ്ങള്‍ അനുഭവപ്പെടുമ്പോള്‍ ഒന്ന് ചിന്നം വിളിക്കാനെങ്കിലും ആനകള്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

അപ്പോള്‍ പിന്നെ നാലു ദിവസം അടിച്ചു പൊളിക്കാം. ചിലവു കഴിച്ചു എന്തെങ്കിലും മിച്ചം വന്നാല്‍ നാട്ടിലെ ഹതഭാഗ്യവാന്മാര്‍ക്കു ദാനം ചെയ്യാം. ഇണകള്‍ ഇട്ടേച്ചുപോയോ, മരിച്ചുപോയൊ, കലഹിച്ചു പിരിഞ്ഞോ ഒറ്റക്കു കഴിയുന്നവര്‍ക്കു വീണ്ടും ജീവിതം എന്ന പുലിവാലു പിടിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനായി ഒരു വേദിയൊരുക്കാം, ഒരു വെബ് സൈറ്റ് ഉണ്ടാക്കാം, സംഘട ആനകളുടെ ആഭിമുഖ്യത്തിലാകുന്നതു കൊണ്ടു സൈറ്റിനു ഒറ്റയാന്‍ ഡോട്ടു കോം എന്നു പേരിടാം. ഇണയുള്ളവര്‍ക്കു ദാമ്പ്യത്യം കൂടുതല്‍ സുഖകര്മാക്കാനുള്ള വിദ്യകള്‍ പറഞ്ഞുകൊടുക്കാം, വയാഗ്ര ഗുളികകള്‍ കരിംചന്തയില്‍ വില്‍ക്കാം. പുരുഷനും സ്ര്തീയും ഒരുമിച്ച് ജീവിക്കുകയെന്നാണു പ്രക്രുതി നിയമം അല്ലാതെ വിവാഹത്തിന്റെ ആവശ്യമില്ലെന്ന ചിന്താഗതിക്കാരോട് അതിന്റെ ഗുട്ടന്‍സ് ചോദിച്ച് മനസ്സിലാക്കാം. അല്ലെങ്കില്‍ തന്നെ വിവാഹങ്ങള്‍ സ്വര്‍ഗത്തില്‍ നടത്തപ്പെടുന്നു. പിന്നെ അത് ഭൂമിയില്‍ ആവര്‍ത്തിക്കേണ്ട കാര്യമില്ല. പലപ്പോഴും ദൈവം യോജിപ്പിച്ചവരെയല്ല മനുഷ്യര്‍ യോജിപ്പിക്കുന്നത്. അതുകൊണ്ടാണു വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍. ജീവിത യാത്രാ മദ്ധ്യേ പലരും അവര്‍ക്കായി ദൈവം സൃഷ്ടിച്ച ഇണയെ കണ്ടെത്തുന്നു. അപ്പോള്‍ കൂടെയുള്ള ഇണകള്‍ ഒരു വിമ്മിഷ്ടമാകുന്നു.

അതുകൊണ്ട് വിവാഹിതരോടു "നിങ്ങള്‍ സംതൃപ്തരാണോ' എന്നു ചോദിക്കാം. ആണെന്നു പറഞ്ഞാല്‍ എങ്ങനെ എന്നു ചോദിച്ചു മനസ്സിലാക്കാം, അല്ലെന്നു പറഞ്ഞാല്‍ പ്ര്ശ്‌നം എവിടെ എന്നു അന്വേഷിക്കാം.

ഭാരതത്തിന്റെ പാരമ്പ്യര്യം നില നിര്‍ത്താന്‍ കന്യകമാര്‍ക്കുവേണ്ടി സ്വയംവര പന്തലുകള്‍ ഒരുക്കാം. വിവാഹത്തിനെത്തുന്ന യുവാക്കളോടു അമ്പെയ്തു കിളിയെ വീഴ്ത്തുകയോ, വില്ലൊടിക്കുകയോ ചെയ്യാന്‍ പറയാതെ അവരുടെ വിദ്യാഭ്യാസ യോഗ്യതയും, സൗന്ദ്യര്യവും, കുലമഹിമയും നോക്കാം. ചുണ്ടെലിയെ വിരലുകള്‍ കൊണ്ട് ചലിപ്പിച്ച് ലോകം മുഴുവന്‍ സഞ്ചരിക്കാനുള്ള ജ്ഞാനമുണ്ടോ എന്നന്വേഷിക്കാം. വിവാഹങ്ങള്‍ സ്വര്‍ഗത്തിലല്ല സംഘട ആനകളില്‍ നടത്തപെടുന്നു എന്നു അമേരിക്കന്‍ മലയാളികള്‍ക്കു ലോകത്തോടു വിളിച്ചു പറയാം. പുരാതന ഭാരതത്തിലെ ഈ സമ്പ്രദായത്തിനു വീണ്ടും പ്രാധാന്യം നല്‍കാം. നാട്ടില്‍ ഒറ്റക്ക് (ഇണ മരിച്ചുപോയ) കഴിയുന്ന മാതാവിനേയോ, പിതാവിനേയോ വാര്‍ദ്ധ്യക്യ ഭവനങ്ങളിലേക്കയച്ച് മരിക്കുന്നതിനുമുമ്പു അവര്‍ക്ക് നരകത്തെകുറിച്ച് (സ്വന്തം വീടല്ലാത്തത് പലര്‍ക്കും സുഖകരമല്ലെന്നര്‍ഥം) ഒരു ഏകദേശ രൂപം കൊടുക്കുന്നതിനു പകരം അവര്‍ക്ക് ഒരൊ ഇണകളെ കണ്ട് പിടിച്ച് കൊടുക്കാം. മനുഷ്യന്‍ ഏകനായിരിക്കുന്നത് കണ്ട് അവനു ദൈവം ഇണയെ സൃഷ്ടിച്ച് കൊടുത്തു, ഇണ മരിച്ചുപോയാല്‍ വേറെ ഇണയെ കണ്ടെത്താമോ എന്ന് പറായാതിരുന്നത് അപ്പോള്‍ മനുഷ്യന്‍ പാപം ചെയ്തിട്ടില്ലാത്തതിനാല്‍ മരണത്തെ പറ്റി ദൈവം ഓര്‍ക്കാത്തത് കൊണ്ടായിരിക്കുമെന്ന് മനുഷ്യര്‍ക്ക് വിശ്വസിക്കാം. മനുഷ്യന്റെ വിശ്വാസ ത്തെക്കാള്‍ ദൈവത്തിന്റെ വഴികള്‍ തന്നെ ശരി.

താലപൊലിയും, ചെണ്ടമേളവും, നൃത്തങ്ങളും, കലാപരിപാടികളും മാത്രം പോര പാല്‍പായസവും, അവിലും അടയും, നെയ്യപ്പവും, നെയ്‌ചോറും, വെള്ളേപ്പവും, കാളയിറച്ചിയും ഉണ്ടാകണം. വിവിധ മതവിശ്വാസികളുടെ ഇഷ്ടഭക്ഷണം അങ്ങനെ വിളമ്പി മത സൗഹാര്‍ദ്ദത്തിന്റെ ഏമ്പക്കം വിടാം.

'കാടും തൊടികളും കനകനിലാവത്തു കൈകൊട്ടി കളിക്കുന്ന നാടു ഇന്നില്ല എന്നു മനസ്സിലാക്കി ഇവിടത്തെ എഴുത്തുകാരെകൊണ്ടു അതെകുറിച്ചു ശോകഗാനങ്ങള്‍ രചിപ്പിക്കാനുള്ള മത്സരങ്ങള്‍ നടത്താം. അവര്‍ എഴുതി കൊണ്ടു വരുന്നതിനു മേന്മ പോരാത്തതു കൊണ്ടു വായിച്ചു കേള്‍ ക്കുമ്പോള്‍ ദുഃഖത്തിനു പകരം കേള്‍വിക്കാരനു കോപം വരുന്നതു നോക്കി രസിക്കാം.

ഇതു വരെ എഴുതിയതു ഒരു എഴുത്തുകാരന്റെ വികല കല്‍പനകളാണു. ഓരോ സംഘടനയുടേയും നേതൃത്വം ഏറ്റെടുക്കുന്ന ഓരൊ ഭാരവാഹിക്കും അഭിമുഖീകരിക്കാന്‍ അനവധി പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വീരപ്പന്മാരുള്ള, വാരികുഴികള്‍ന്ഉള്ള ഒരു കാട്ടിലൂടെ നടക്കുന്ന ആനയോടു അവരെ ഉപമിക്കാം. കാരണം കൂട്ടായ ഒരു പ്രസ്ഥാനത്തിനു പിന്തുണ ആവശ്യമാണക്ലോ. ഒത്തൊരുമയുണ്ടെങ്കില്‍ പലതും എളുപ്പം സാധിക്കാന്‍ ഈ സംഘടനകള്‍ക്കു കഴിയും. എല്ലാവരുടേയും പ്രതീക്ഷകള്‍ക്കൊപ്പം ഒരു പ്രസ്ഥാനത്തിനും പ്രവര്‍ത്തിക്കാന്‍ കഴിയുകയെല്ലെങ്കിലും.. എന്നാലും പൂരങ്ങള്‍ ഗംഭീരമാകാട്ടെയെന്നു അമേരിക്കന്‍ മലയാളികള്‍ക്ക് ആശിക്കാം, ആശംസിക്കാം..

ഐക്യ നാട്ടില് രണ്ടിടത്തുണ്ട് പൂരം
തലയെടുപ്പുള്ള കൊമ്പന്മാരുടെ പൂരം
പൂരം കാണാന്‍ നീയും വായോ ചേട്ടാ..
നീയും വായോ ചേച്ചീ...
സംഘട ആനകളുടെ പൂരവും ചില ചേന കാര്യങ്ങളും  (ഹാസ്യ വീക്ഷണം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക