Image

മണി ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരായേക്കും

Published on 03 July, 2012
മണി ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരായേക്കും
 തൊടുപുഴ: വിവാദ പ്രസംഗത്തിന്റെ പേരില്‍ പ്രതിയായ സിപിഎം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി ബുധനാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കും. തൊടുപുഴ ഡിവൈഎസ്പി ഓഫീസിലായിരിക്കും മണി ഹാജരാവുക. ഇതേതുടര്‍ന്ന് നാളെ നടക്കാനിരുന്ന എ.കെ.ദാമോദരന്റെ ചോദ്യം ചെയ്യല്‍ അന്വേഷണ സംഘം മാറ്റി. കേസിലെ നാലാം പ്രതിയാണ് ദാമോദരന്‍. 

അന്വേഷണ സംഘത്തിന്റെ മുന്നില്‍ ഹാജരായി മൊഴി നല്‍കാതെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാന്‍ 10 ദിവസത്തെ സാവകാശം ചോദിച്ചു മാറിനിന്ന സാഹചര്യത്തില്‍ മണിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് നീക്കം ആരംഭിച്ചിരുന്നു. ഇത് മുന്നില്‍ കണ്ടാണ് മണി ഹാജരാകാന്‍ തീരുമാനിച്ചിരിക്കുന്നത്. 

മണി ഒളിവിലാണെങ്കിലും ജില്ലവിട്ടു പോയിട്ടില്ലെന്ന് പോലീസ് കണ്‌ടെത്തിയിട്ടുണ്ട്. മണിക്കു വേണ്ടി വലവിരിച്ചിരിക്കുന്ന അന്വേഷണ സംഘം ഏതു നിമിഷവും കസ്റ്റഡിയിലെടുക്കുമെന്ന സൂചനയുമുണ്ടായിരുന്നു. പത്ത് ദിവസത്തെ അവധിക്കു അപേക്ഷ സമര്‍പ്പിച്ച നിമിഷം തന്നെ രാജാക്കാട് എസ്‌ഐയും സംഘവും മണിയുടെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ മണി ഒളിവില്‍ പോയിട്ടില്ലെന്നാണ് സിപിഎം നേതാക്കളുടെ വിശദീകരണം.

മേയ് 25-നാണു തൊടുപുഴയ്ക്കു സമീപം മണക്കാട് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മണി വിവാദ പ്രസംഗം നടത്തിയത്. ഈ പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ പോലീസ് ആദ്യത്തെ എഫ്‌ഐആര്‍ തയാറാക്കി മണിക്കെതിരേ കേസെടുത്തു. ഐപിസി 302, 119, 108 വകുപ്പുകള്‍ പ്രകാരമാണു മണിക്കെതിരേ കേസെടുത്തത്. 

ഒരു മാസം മുമ്പു മണിയോടു ഹാജരായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് ആദ്യത്തെ നോട്ടീസ് നല്‍കിയെങ്കിലും മണി ഹാജരായില്ല. ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ സാവകാശം നല്‍കണമെന്നായിരുന്നു മണിയുടെ ആവശ്യം. നിരന്തരം അന്വേഷണ സംഘത്തെ കബളിപ്പിച്ചു കൊണ്ടിരിക്കുന്ന മണിയുടെ നിലപാട് അംഗീകരിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക