Image

ചമ്പക്കുളം മൂലം വള്ളംകളി: ശ്രീഗണേശന്‍ ചുണ്ടന്‍ ജേതാവ്

Published on 03 July, 2012
ചമ്പക്കുളം മൂലം വള്ളംകളി: ശ്രീഗണേശന്‍ ചുണ്ടന്‍ ജേതാവ്
ആലപ്പുഴ: രാജപ്രമുഖന്‍ ട്രോഫിക്കായി ചമ്പക്കുളത്താറ്റില്‍ നടന്ന ചരിത്രപ്രസിദ്ധമായ മൂലം വള്ളംകളിയില്‍ കൈനകരി സ്റ്റാര്‍ ബോട്ട് ക്ലബ് തുഴഞ്ഞ ജോസഫ് ചാക്കോ ക്യാപ്റ്റനായ ശ്രീഗണേശന്‍ ജേതാക്കളായി. ആവേശകരമായ ഫൈനല്‍ മത്സരത്തിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വില്ലേജ് ബോട്ട്ക്ലബ് കുമരകത്തിന്റെ പി.ഐ. ഏബ്രഹാം ക്യാപ്റ്റനായ ഇല്ലിക്കളം ചുണ്ടനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ശ്രീഗണേശന്‍ ജേതാവായത്. കാവാലം ടൗണ്‍ ബോട്ട്ക്ലബിന്റെ ചെറുതന ചുണ്ടനാണ് മൂന്നാം സ്ഥാനം. 

എ ഗ്രേഡ് വെപ്പ് വള്ളങ്ങളുടെ ഫൈനലില്‍ യുബിസി കൈനകരിയുടെ റണ്‍ ചാക്കോയുടെ നേതൃത്വത്തില്‍ വന്ന വെങ്ങാഴി ജേതാവായി. ജോസ് ഏബ്രഹാം ക്യാപ്റ്റനായ സിബിസി കൈനകരിയുടെ അമ്പലക്കടവന്‍ രണ്ടാമതെത്തി. എ ഗ്രേഡ് ഇരുട്ടുകുത്തി വിഭാഗത്തില്‍ കുട്ടനാട് ബോട്ട്ക്ലബ് മാമ്പുഴക്കരിയുടെ ടി.എ. കുരുവിള ക്യാപ്റ്റനായ തുരുത്തിത്തറ വള്ളവും ബി ഗ്രേഡ് വെപ്പ് വിഭാഗത്തില്‍ ടിബിസി ബോട്ട്ക്ലബിന്റെ രാജു ചെറിയാന്റെ നേതൃത്വത്തിലെത്തിയ പുന്നത്ര പുരയ്ക്കലും ഇരുട്ടുകുത്തി ബി വള്ളങ്ങളുടെ മത്സരത്തില്‍ ജോസഫ് മാത്യു ക്യാപ്റ്റനായ കിഴക്കേ ചേന്നങ്കരി വിസ്മയ ബോട്ട്ക്ലബിന്റെ ഹനുമാന്‍ നമ്പര്‍ വണും ഒന്നാമതെത്തി. 

ചുരുളന്‍ വള്ളങ്ങളുടെ മത്സരത്തില്‍ പ്രവീണ്‍ കെ.പി. നയിച്ച വാര്യേഴ്‌സ് ബോട്ട്ക്ലബ് കുട്ടമംഗലത്തിന്റെ കുറുപ്പു പറമ്പനും വിജയിച്ചു. ചുണ്ടന്‍ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനലില്‍ കൊല്ലം ടൗണ്‍ ബോട്ട്ക്ലബിന്റെ ചമ്പക്കുളവും സെക്കന്‍ഡ് ലൂസേഴ്‌സ് ഫൈനലില്‍ ദേവമാതാ ബോട്ട്ക്ലബ് ചേന്നങ്കരിയുടെ കരുവാറ്റ ശ്രീവിനായകനും ഒന്നാമതെത്തി. വിജയികള്‍ക്ക് മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് ട്രോഫികള്‍ വിതരണം ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക