Image

സ്വാശ്രയ കോളേജ്: 21 എണ്ണം നിലവാരം കുറഞ്ഞത് എന്ന് റിപ്പോര്‍ട്ട്

Published on 03 July, 2012
സ്വാശ്രയ കോളേജ്: 21 എണ്ണം നിലവാരം കുറഞ്ഞത് എന്ന് റിപ്പോര്‍ട്ട്
കൊച്ചി: സംസ്ഥാനത്ത് സ്വാശ്രയ മേഖലയില്‍ 21 എന്‍ജിനീയറിങ് കോളേജുകള്‍ നിലവാരം കുറഞ്ഞവയെന്നാണ് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യം, യോഗ്യതയുള്ള അധ്യാപകര്‍ എന്നിവ അടിസ്ഥാനമാക്കി സമിതി കോടതിയില്‍ സമര്‍പ്പിച്ചതാണ് ഈ റിപ്പോര്‍ട്ട്. ഇതിനു പുറമേ എല്ലാ കോളേജുകളുടേയും വിജയശതമാനം കൂടി കോടതി വിളിച്ചുവരുത്തി പരിശോധിച്ചിരുന്നു. 

ഇക്കാര്യം കൂടി പരിശോധിച്ചാണ് വിജയശതമാനം കുറഞ്ഞ, നിലവാരമില്ലാത്ത എന്‍ജിനീയറിങ് കോളേജുകള്‍ പൂട്ടുന്ന കാര്യം പരിഗണിക്കാന്‍ ഹൈക്കോടതിയില്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. 

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകള്‍ക്കു കീഴിലുള്ള സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ സന്ദര്‍ശിച്ച് പഠനം നടത്തിയാണ് വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്വാശ്രയ മേഖലയില്‍ ശരാശരി നിലവാരമുള്ള 34ഉം തൃപ്തികരമായ നിലവാരമുള്ള അഞ്ചും നല്ല നിലവാരമുള്ള 21ഉം മികച്ച നിലവാരമുള്ള 26ഉം കോളേജുകളാണുള്ളതെന്നാണ് സമിതിയുടെ വിലയിരുത്തല്‍. 

എം.ജി സര്‍വകലാശാലയിലെ ഏഴും കാലിക്കറ്റ് സര്‍വകലാശാലയിലെ ആറും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ നാലും കേരള സര്‍വകലാശാലയിലെ മൂന്നും കണ്ണൂര്‍ സര്‍വകലാശാലയിലെ ഒന്നും ഉള്‍പ്പെടെയാണ് 21 കോളേജുകളെ സമിതി നിലവാരം കുറഞ്ഞ കോളേജുകളുടെ പട്ടികയില്‍ പെടുത്തിയിട്ടുള്ളത്. 

ഓരോ കോളേജിലേയും അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസ നിലവാരം, യോഗ്യതയുള്ള വേണ്ടത്ര അധ്യാപകര്‍ എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് സമിതി കോളേജുകളുടെ പഠനം നടത്തിയത്. ഇതിന് പുറമേ, 200809, 200910, 201011 അധ്യയന വര്‍ഷങ്ങളിലെ വിജയശതമാനവും കോടതിക്കു മുന്നില്‍ സമര്‍പ്പിക്കപ്പെട്ടു. 

തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്‍ എന്‍ജിനീയറിങ് കോളേജിലെ ഡോ.ജി.രാമചന്ദ്രന്‍, തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിലെ ഡോ.എന്‍.വിജയകുമാര്‍, കോട്ടയം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടിലെ പ്രൊഫ. എം.ടി.രാജപ്പന്‍ പിള്ള, ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ആര്‍.സതികുമാര്‍, കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. പി.എ.സഹീദ, കണ്ണൂര്‍ ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. വി. ഗോപകുമാര്‍, പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എന്‍ജിനീയറിങ് കോളേജിലെ ഡോ.പി.സി.രഘുരാജ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി എ.സുഖി എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങള്‍.


  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക