Image

കോണ്‍ഗ്രസ്സിലേയും സി.പിഎമ്മിലേയും അസംതൃപ്ത ഹിന്ദുക്കളെ തേടി ബി.ജെ.പി

Published on 03 July, 2012
കോണ്‍ഗ്രസ്സിലേയും സി.പിഎമ്മിലേയും അസംതൃപ്ത ഹിന്ദുക്കളെ തേടി ബി.ജെ.പി
കൊച്ചി: കോണ്‍ഗ്രസ്സിലേയും സി.പി.എമ്മിലേയും അസംതൃപ്തരായ ഹിന്ദുക്കളെ പാര്‍ട്ടിയോടടുപ്പിക്കാന്‍ ബി.ജെ.പി പദ്ധതിയിടുന്നു. ഭൂരിപക്ഷ വിഭാഗം കടുത്ത അതൃപ്തിയിലാണെന്നും അത് മുതലെടുത്ത് അവരെ ക്രമേണ പാര്‍ട്ടിയിലേക്ക് കൊണ്ടു വരണമെന്നുമാണ് ബി.ജെ.പി അണികളോട് നിര്‍ദേശിക്കുന്നത്. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനും, പാര്‍ശ്വ വല്‍ക്കരിക്കുന്നതിനും കാരണം കോണ്‍ഗ്രസ്സും സി.പി.എമ്മുമാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നു. 

ഭൂരിപക്ഷ സമുദായത്തെ ഭിന്നിപ്പിക്കുക വഴി കോണ്‍ഗ്രസ്സും അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഹൈന്ദവ ജനതയെ തകര്‍ക്കാന്‍ നീക്കം നടത്തുകയാണ് 1957നു ശേഷം ഇന്നുവരെ മുന്നണികള്‍ സ്വീകരിച്ച രാഷ്ട്രീയ തീരുമാനങ്ങളും സാമ്പത്തിക തീരുമാനങ്ങളും ന്യൂനപക്ഷ പ്രീണനത്തിലും ഭൂരിപക്ഷ വിവേചനത്തിലും ആണ് ചെന്നെത്തിയിട്ടുള്ളത്. 

കേരളത്തിലെ ഭൂരിപക്ഷ ജനത ഇന്ന് സാമ്പത്തിക, വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലും ഭൂസ്വത്തിലും 57 ല്‍ നിന്ന് പിന്നില്‍ പോയിരിക്കുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നു. വിവേചന പരമായ രാഷ്ട്രീയ സാമ്പത്തിക നയങ്ങള്‍ അനുവര്‍ത്തിക്കുകവഴി ഭുരിപക്ഷ സമുദായത്തെ ന്യൂനപക്ഷങ്ങളുടെ വിറകുവെട്ടികളും വെള്ളം കോരികളുമാക്കുന്ന നയമാണ് ഇരുമുന്നണികളും ഇതുവരെ അനുവര്‍ത്തിച്ചുവന്നിട്ടുള്ളതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്നു. 

ഇരുമുന്നണികളിലേയും സാധാരണ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്‍േറയും സി.പി.എമ്മിന്‍േറയും ന്യൂനപക്ഷ കേന്ദ്രീകൃത രാഷ്ട്രീയത്തിന് എതിരാണ്. അവരുടെ ആശങ്ക മനസ്സിലാക്കണമെന്ന് ബി. ജെ. പി കീഴ് ഘടകങ്ങളോട് നിര്‍ദേശിക്കുന്നു. ഇരുപാര്‍ട്ടികളോടും ഉറച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ അതിലെ അണികളുമായി മനുഷ്യത്വപരവും സൗഹാര്‍ദപരവുമായ ആശയ വിനിമയം നടത്താന്‍ കഴിയണമെന്നും അതുവഴി അവരെ ബി. ജെപിയിലേക്ക് അടുപ്പിക്കണമെന്നുമാണ് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിട്ടുള്ളത്. ബി.ജെ.പി സംസ്ഥാനമൊട്ടാകെ മേഖലാ സമ്മേളനങ്ങള്‍ നടത്തിവരികയാണ്. സമ്മേളനങ്ങളിലാണ് പുതിയ രാഷ്ട്രീയ രേഖ ചര്‍ച്ച ചെയ്യുന്നത്. 

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കുമ്പോള്‍ തന്നെ അതിന്റെ ഗുണം കോണ്‍ഗ്രസ്സിന് കിട്ടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ബി.ജെ.പി നിര്‍ദേശിക്കുന്നുണ്ട്. കേരളത്തില്‍ സി.പി.എം ധാര്‍ഷ്ട്യത്തിനെതിരെ ഏറ്റവും കൂടുതല്‍ പൊരുതിയതും ബലിദാനികളുണ്ടാവുകയും ചെയ്തത് ബി.ജെ.പിക്കാണെങ്കിലും, അതിന്റെ രാഷ്ട്രീയ ലാഭം എന്നും കോണ്‍ഗ്രസ്സാണ് നേടിയിട്ടുള്ളതെന്നും പാര്‍ട്ടി വിലയിരുത്തുന്നു. 

ഈ സത്യം തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് നിലപാടിനെ ബി.ജെ.പി ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ്, ബി.ജെ.പിസി.പി.എം സഖ്യം എന്ന വിചിത്രവാദവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുന്നതെന്നും ബി.ജെ.പി അണികളോട് വിശദീകരിക്കുന്നു. ബി. ജെ. പികേരളത്തില്‍ കോണ്‍ഗ്രസ് , ബി. ജെ. പിയുടെ രാഷ്ട്രീയ എതിരാളിയും സി.പി.എം ആദര്‍ശത്തിന്റെ എതിരാളിയുമാണെന്നും രണ്ടുകൂട്ടരുമായും യാതൊരുവിധ സഹകരണവും സാധ്യമല്ലെന്നും രാഷ്ട്രീയ രേഖയില്‍ വ്യക്തമാക്കുന്നു.



  

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക