Image

മതസൗഹാര്‍ദ്ദത്തിന്‌ ഫൊക്കാനയുടെ കര്‍മ്മ പരിപാടി

Published on 02 July, 2012
മതസൗഹാര്‍ദ്ദത്തിന്‌ ഫൊക്കാനയുടെ കര്‍മ്മ പരിപാടി
ഹ്യൂസ്റ്റണ്‍: കേരളത്തില്‍ വളര്‍ന്നുവരുന്ന മതതീവ്രവാദത്തില്‍ പ്രവാസികളുടെ ആശങ്കകളറിയിച്ച മതസൗഹാര്‍ദ്ദ സമ്മേളനം ഇതിനെതിരേ ഫൊക്കാനയുടെ നേതൃത്വത്തില്‍ ബോധവത്‌കരണം നടത്താന്‍ തീരുമാനിച്ചു. എല്ലാ മതസ്ഥരും ഏകോദരസഹോദരങ്ങളെപ്പോലെ ജീവിച്ച പഴയകാലത്തേക്ക്‌ മടങ്ങണമെന്ന ആഹ്വാനവുമായി ഫൊക്കാനയുടെ നേതൃത്വത്തില്‍ കാസര്‍കോട്‌ മുതല്‍ പാറശാല വരെ പ്രചാരണ ജാഥ നടത്തുന്നതുപോലും അഭികാമ്യമാണെന്ന്‌ സെമിനാര്‍ കോര്‍ഡിനേറ്റര്‍ ടി.എസ്‌ ചാക്കോയുടെ നിര്‍ദേശം പങ്കെടുത്തവര്‍ കരഘോഷത്തോടെ അംഗീകരിച്ചു.

ഒരു മതം മറ്റൊന്നിനേക്കാള്‍ മെച്ചമാണെന്ന്‌ പറയുകയും മറ്റു മതങ്ങളെ മോശമായി ചിത്രീകരിക്കുകയും ചെയ്യുമ്പോള്‍ അപസ്വരങ്ങള്‍ ഉടലെടുക്കുമെന്ന്‌ ടി.എസ്‌ ചാക്കോ ചൂണ്ടിക്കാട്ടി. ഇതിനു ശാശ്വത പരിഹാരം നിയമനടപടികളും ശിക്ഷകളും അടിച്ചമര്‍ത്തലുകളുമല്ല, സഹിഷ്‌ണുതയിലും പരസ്‌പര ബഹുമാനത്തിലും അധിഷ്‌ഠിതമായ ബോധവത്‌കരണമാണെന്ന്‌ അദ്ദേഹം പറഞ്ഞു.

ഈ ഭൂമിയിലെ യാത്രക്കാരാണ്‌ നാമെന്ന്‌ എല്ലാവരും ഓര്‍ക്കണമെന്ന്‌ ചിന്തകനും കേരള സര്‍ക്കാരില്‍ അഡീഷണല്‍ സെകട്ടറിയുമായിരുന്ന മണ്ണടി ഹരി പറഞ്ഞു. സ്വയം ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുകയുമാണ്‌ വേണ്ടത്‌. നാം ശ്രേഷ്‌ഠമെന്ന്‌ കരുതുന്ന ധര്‍മ്മത്തെ പുണര്‍ന്ന്‌ ജീവിച്ചാല്‍ ഒരു കുഴപ്പവും വരില്ല. ഇത്തമനായ ക്രിസ്‌ത്യാനിയോ, ഉത്തമനായ മുസ്‌ലീമോ, ഉത്തമനായ ഹിന്ദുവോ ആര്‍ക്കും ഭീഷണിയല്ല. അവര്‍ പരസ്‌പരം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. അമൃതില്‍ അഴുക്കു ചേര്‍ക്കുമ്പോഴാണ്‌ പ്രശ്‌നം. ചിലതു മോശമെന്ന്‌ പറയുമ്പോഴും.

സാമൂഹിക സംഘടനകളുടെ പങ്ക്‌ സമൂഹത്തോടായിരിക്കണം. മനുഷ്യനുവേണ്ടിയാണ്‌ സംഘടന. അങ്ങനെയല്ലാതാകുമ്പോള്‍ അവ തകരുന്നു. എന്തായാലും ശുഭാപ്‌തി വിശ്വാസം പുലര്‍ത്തുന്ന വ്യക്തയാണ്‌ താനെന്ന്‌ അദ്ദേഹം പറഞ്ഞു

മനുഷ്യ സൗഹാര്‍ദ്ദം തന്നെയാണ്‌ മതസൗഹാര്‍ദ്ദമെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ സൗത്ത്‌ വെസ്റ്റ്‌ ഭദ്രാസനാധിപന്‍ അലക്‌സിയോസ്‌ മാര്‍ യൗസേബിയോസ്‌ പറഞ്ഞു. മനുഷ്യബന്ധങ്ങളിലുണ്ടായ അസ്വാരസ്യങ്ങള്‍ സ്‌പര്‍ദ്ദയ്‌ക്ക്‌ കാരണമാകുന്നു.

ഒരേ ജീവബിന്ദുവില്‍ നിന്നാണ്‌ നാം പുറപ്പെടുന്നത്‌. പക്ഷെ ക്രമേണ നാം സ്വാര്‍ത്ഥനാകുന്നു. ഹരിനാമകീര്‍ത്തനം ചൊല്ലുമ്പോള്‍ `ഞാനെന്ന ഭാവം ഉണ്ടാകരുതേ' എന്നാണ്‌ പ്രാര്‍ത്ഥിക്കുന്നത്‌. ഇനി ഞാനെന്ന ഭാവം തോന്നിയാല്‍ തന്നെ എല്ലാം ഞാനാണെന്ന്‌ തോന്നണേ എന്നു പ്രാര്‍ത്ഥിക്കാം. ഇതുതന്നെയാണ്‌ ശ്രേഷ്‌ഠവും. അയല്‍ക്കാരനെ സ്‌നേഹിക്കണമെന്നു പറയുമ്പോള്‍ നിര്‍ദേശിക്കുന്നത്‌.

സാമൂഹിക സംഘടനകള്‍ മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കാനുള്ള വേദിയാകണം- അദ്ദേഹം പറഞ്ഞു.

ഓര്‍ത്തഡോക്‌സ്‌ സഭാ മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ രാജാവ്‌ നന്‌ഗനാണെന്നു പറഞ്ഞ കുട്ടിയുടെ കഥ അനുസ്‌മരിച്ചു. അതുപോലെ തന്നെ സംഘടനകള്‍ക്ക്‌ അപചയം നേരിടുമ്പോള്‍ അത്‌ വിളിച്ചുപറയേണ്ടതുണ്ട്‌.

താന്‍ സഭകളുടെ ദേശീയ കൗണ്‍സില്‍ പ്രസിഡന്റായിരിക്കവേയാണ്‌ ഇന്ത്യയില്‍ മതസൗഹാര്‍ദ്ദം ഹനിക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍ ഉണ്ടായത്‌. ഹിന്ദുത്വ തീവ്രവാദം ശക്തിപ്പെടുന്ന അവസ്ഥ. സംഘര്‍ഷം ഒഴിവാക്കാന്‍ ആര്‍.എസ്‌.എസ്‌ ആസ്ഥാനത്ത്‌ ചെന്ന്‌ ചര്‍ച്ച നടത്തണമെന്ന്‌ തീരുമാനിച്ചു. അതനുസരിച്ച്‌ തങ്ങള്‍ നാഗപ്പൂരില്‍ ആര്‍.എസ്‌.എസ്‌ ആസ്ഥാനത്തു ചെല്ലുന്നതിനു തലേന്നാണ്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമിക്കപ്പെട്ടത്‌. എന്തായാലും സൗഹാര്‍ദ്ദപരമായ ചര്‍ച്ചകള്‍ നടത്തിയ തങ്ങള്‍ വിഭവസമൃദ്ധമായ ഭക്ഷണവും കഴിഞ്ഞാണ്‌ മടങ്ങിയത്‌.

ആര്‍.എസ്‌.എസ്‌ ആസ്ഥാനത്തു പോയതിനു ഏറ്റവും കൂടുതല്‍ എതിര്‍പ്പുണ്ടായത്‌ ക്രൈസ്‌തവ വിഭാഗങ്ങളില്‍ നിന്നു തന്നെയാണ്‌. എങ്കിലും അന്ന്‌ പ്രശ്‌നങ്ങള്‍ തണുപ്പിക്കാന്‍ സന്ദര്‍ശനത്തിനായി.

കേരളം നല്ല ദേശമാണെങ്കിലും ഉള്ളു മുഴുവന്‍ പുഴുത്തിരിക്കുന്ന അവസ്ഥയാണിപ്പോള്‍- അദ്ദേഹം പറഞ്ഞു. തണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറായിരുന്ന ഡോ. അലക്‌സാണ്ടര്‍ കാരയ്‌ക്കല്‍, ടി.എസ്‌ ചാക്കോയുടെ നിര്‍ദേശത്തെ തമാശവത്‌കരിച്ചപ്പോള്‍ സദസില്‍ പൊട്ടിച്ചിരി. കാസര്‍കോട്‌ മുതല്‍ പാറശാല വരെ പുതിയ പ്രസിഡന്റ്‌ മറിയാമ്മ പിള്ളയേയും മറ്റും നടത്തണമെന്നാണ്‌ ചാക്കോച്ചന്റെ നിര്‍ദേശത്തിന്റെ വ്യംഗ്യാര്‍ത്ഥമെന്ന്‌ അദ്ദേഹം പറഞ്ഞു.

പാലിയേക്കര പള്ളിയില്‍ കൊട്ടാരത്തില്‍ നിന്ന്‌ എണ്ണ കൊടുത്തുവിടുകയും, ചന്ദനപ്പള്ളി പള്ളിയില്‍ ഹിന്ദു തറവാട്ട്‌ കാരണവര്‍ അരി കൊടുത്തുവിടുകയുമൊക്കെ ചെയ്യുന്നതാണ്‌ നമ്മുടെ പാരമ്പര്യമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ആ സൗഹാര്‍ദ്ദവും സഹകരണവും ഇപ്പോള്‍ എങ്ങനെ കൈമോശം വന്നുവെന്നദ്ദേഹം ചോദിച്ചു.

ക്രൈസ്‌തവര്‍ പീഡിപ്പിക്കപ്പെടാത്ത ഏക നാടാണ്‌ കേരളമെന്ന്‌ ഡോ. റോയ്‌ തോമസ്‌ അനുസ്‌മരിച്ചു. ഇതേ അനുഭവമാണ്‌ യഹൂദര്‍ക്കും, മുസ്ലീമുകള്‍ക്കും ഉണ്ടായത്‌. മുസ്‌ലീമുകളുടെ വിശ്വാസ തീക്ഷണത കണ്ട്‌ ഓരോ വീട്ടിലും ഒരു കുട്ടിയെ മുസ്‌ലീമായി വളര്‍ത്തണമെന്ന്‌ സാമൂതിരി രാജാവ്‌ പറഞ്ഞുവെന്നുപോലും ചരിത്രമുണ്ട്‌. ചേന്ദമമംഗത്ത്‌ മുസ്‌ലീം-ക്രിസ്‌ത്യന്‍ പള്ളികളും ക്ഷേത്രവും ഒരേ കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്നതിനെ ചരിത്രകാരനായ ചരിത്രകാരനായ ബുക്കാനന്‍ അതിശയകരമെന്നാണ്‌ വിശേഷിപ്പിച്ചത്‌. നദികള്‍ വിവിധ തലങ്ങളിലൂടെ പ്രവഹിക്കുമെങ്കിലും എത്തിച്ചേരുന്നത്‌ കടലിലാണെന്ന സത്യം നാം മറക്കരുത്‌.

മതസൗഹാര്‍ദ്ദത്തിന്‌ മത സംഘടനകളുടെ പങ്ക്‌ എന്ന വിഷയം തീക്കൊള്ളികൊണ്ട്‌ തല ചൊറിയുന്നതുപോലെയാണെന്ന്‌ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ മൊയ്‌തീന്‍ പുത്തന്‍ചിറ പറഞ്ഞു. തൊടുപുഴയില്‍ പ്രൊഫസറുടെ കൈ വെട്ടിയതിനെതിരേ താന്‍ `ഇ മലയാളി'യില്‍ എഴുതിയ ലേഖനത്തിനാണ്‌ ഏറെ ഭീഷണി കിട്ടിയത്‌. മുസ്‌ലീമല്ലാത്തവരുടെ കൈ വെട്ടാമെന്നവര്‍ അതില്‍ പറഞ്ഞിട്ടുണ്ടെന്ന്‌ ചിലര്‍ പറഞ്ഞപ്പോള്‍ അത്‌ എവിടെ എന്നായി താന്‍. അതിനു പക്ഷെ ഉത്തരമില്ലായിരുന്നു.

കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരുന്നതിനു പുരോഹിതര്‍ വലിയ പങ്കുവഹിക്കുന്നു. നടന്ന്‌ ശബരിമലയ്‌ക്കു പോകുന്ന കാലത്ത്‌ തീര്‍ത്ഥാടകര്‍ തൃശൂരിലെ പള്ളി (മോസ്‌ക്‌)യുടെ മുന്നില്‍ നിന്ന്‌ നാളികേരമുടയ്‌ക്കുകയും ശരണം വിളിക്കുകയും ചെയ്യുന്നത്‌ കണ്ട്‌ വളര്‍ന്ന താന്‍ കടുത്ത നിലപാടുകള്‍ പള്ളികള്‍ എടുക്കുന്നതിനെതിരേ പ്രതികരിച്ചിരുന്ന തന്നെ ഇസ്ലാം വിരുദ്ധനായി ചിത്രീകരിക്കാനും ശ്രമമുണ്ടായി- മൊയ്‌തീന്‍ അനുസ്‌മരിച്ചു. 1983-ല്‍ രൂപംകൊണ്ട ഫൊക്കാനയുടെ ആദ്യ സമ്മേളനത്തിനു മുഖ്യമന്ത്രി കെ. കരുണാകരനെ ക്ഷണിച്ചകാര്യം സ്ഥാപക പ്രസിഡന്റ്‌ ഡോ. എം. അനിരുദ്ധന്‍ പറഞ്ഞു. പക്ഷെ നിലയ്‌ക്കല്‍ പ്രശ്‌നം കാരണം അദ്ദേഹം വന്നില്ല. പകരം മന്ത്രി വയലാര്‍ രവിയെ അയച്ചു. ബനഡിക്‌ട്‌ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത, നിത്യചൈതന്യയതി തുടങ്ങിയവരായിരുന്നു പങ്കെടുത്ത പ്രമുഖര്‍. നിലയ്‌ക്കല്‍ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ മതസൗഹാര്‍ദ്ദ സമ്മേളനം ഫൊക്കാനയില്‍ വേണമെന്ന്‌ നിര്‍ദേശിച്ചത്‌ അവരാണ്‌. അത്‌ ഇപ്പോഴും തുടരുന്നു.

ചിക്കാഗോയില്‍ മതസൗഹാര്‍ദ്ദ സമ്മേളനം നടത്തിയപ്പോള്‍ ഹിന്ദുക്കളെ പ്രതിനിധീകരിച്ചത്‌ ഡോ. കരണ്‍ സിംഗായിരുന്നു. ക്രിസ്‌ത്യാനികളെ പ്രതിനിധീകരിച്ചത്‌ അന്തരിച്ച മക്കാറിയോസ്‌ തിരുമേനിയാണ്‌.

കേരളത്തിലെ ഹിന്ദുക്കളുടേയും മുസ്‌ലീമുകളുടേയും പ്രതിനിധി ആരെന്നു ചോദിച്ചപ്പോള്‍ അത്‌ മക്കാറിയോസ്‌ തിരുമേനി ആണെന്ന്‌ താന്‍ പറഞ്ഞു. തന്റെ പ്രസംഗത്തിലുടനീളം കരണ്‍സിംഗ്‌ ആ ഉദാഹരണവും കേരളത്തില്‍ നടമാടുന്ന മതസൗഹാര്‍ദ്ദവുമാണ്‌ എടുത്തുകാട്ടിയത്‌- അദ്ദേഹം അനുസ്‌മരിച്ചു.

ദൈവം മനുഷ്യനെ മാത്രമേ സൃഷ്‌ടിച്ചുള്ളുവെന്ന്‌ നിയുക്ത ഫൊക്കാന പ്രസിഡന്റ്‌ മറിയാമ്മ പിള്ള പറഞ്ഞു. എല്ലാ മതങ്ങളും സ്‌നേഹവും സൗഹാര്‍ദ്ദവുമാണ്‌ പഠിപ്പിക്കുന്നത്‌. കേരളത്തില്‍ മതസൗഹാര്‍ദ്ദം വളര്‍ത്താന്‍ ഫൊക്കാന കഴിയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നവര്‍ പറഞ്ഞു.

ഡോ. എ.കെ.ബി പിള്ളയായിരുന്നു മോഡറേറ്റര്‍. ജോര്‍ജി വര്‍ഗീസ്‌, ഈശോ ജേക്കബ്‌, ഡോ. മാമ്മന്‍ ജേക്കബ്‌, എ.സി. ജോര്‍ജ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. അലക്‌സ്‌ തോമസ്‌ നന്ദി പറഞ്ഞു.
മതസൗഹാര്‍ദ്ദത്തിന്‌ ഫൊക്കാനയുടെ കര്‍മ്മ പരിപാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക