Image

'ആഴ്ചയില്‍ ഒരിക്കല്‍പോലും ഫാസ്റ് ഫുഡ് വേണ്ട'

Published on 03 July, 2012
'ആഴ്ചയില്‍ ഒരിക്കല്‍പോലും ഫാസ്റ് ഫുഡ് വേണ്ട'
വാഷിംഗ്ടണ്‍: ആഴ്ചയില്‍ ഒരുതവണ പോലും ഫാസ്റ് ഫുഡ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഫാസ്റ് ഫുഡ് കഴിക്കുന്നവരില്‍ രോഗസാധ്യത 50 ശതമാനമായി ഉയരും. ആഴ്ചയില്‍ നാലോ അതിലധികമോ തവണ ഫാസ്റ് ഫുഡ് തെരഞ്ഞെടുക്കുന്നവരില്‍ 80 ശതമാനം രോഗ ഭീഷണി ഉയര്‍ത്തുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവരില്‍ പ്രമേഹ സാധ്യത 27 ശതമാനം കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിനസോട്ട സ്കൂള്‍ ഓഫ് പബ്ളിക്ക് ഹെല്‍ത്ത് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഫാസ്റ് ഫുഡ് കൂടുതല്‍ അപകടകാരിയായി മാറിക്കൊണ്ടിരിക്കുന്ന വിവരം വെളിപ്പെട്ടത്. പാശ്ചാത്യരീതിയിലുള്ള ഫാസ്റ് ഫുഡുകള്‍ ഇറക്കുമതി ചെയ്യുന്ന ഏഷ്യന്‍രാജ്യങ്ങളിലാണ് പഠനം നടത്തിയത്.

 തിരക്കേറിയ ജീവിതമാണ് ഫാസ്റ് ഫുഡ് എന്ന പുതിയ ആഹാരരീതി വ്യാപകമാവാന്‍ പ്രധാന കാരണം. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഫാസ്റ് ഫുഡ് കൌണ്ടറുകളില്‍ നമുക്ക് മുന്നില്‍ ചൂടോടെ ഭക്ഷണം എത്തുന്നു എന്നതാണ് ക്ഷമയില്ലാത്ത ഇന്നത്തെ തലമുറയ്ക്ക് ഫാസ്റ് ഫുഡ് ഏറെ പ്രിയങ്കരമാവാന്‍ കാരണം. ഫാസ്റ് ഫുഡിന്റെ അമിതമായ ഉപയോഗം പലതരത്തിലുള്ള ജീവിതശൈലീജന്യരോഗങ്ങള്‍ക്ക് കാരണമാകുന്നു. രക്തസമ്മര്‍ദ്ദം , കൊളസ്ട്രോള്‍ , കാന്‍സര്‍ , പ്രമേഹം , ആസ്ത്മ , അല്‍ഷിമേഴ്സ് എന്നീ രോഗങ്ങള്‍ക്ക് ഫാസ്റ് ഫുഡ് ഭക്ഷണങ്ങള്‍ ഒരു പ്രധാനകാരണമാണ്. ഫാസ്റ് ഫുഡില്‍ അമിതമായി ചേര്‍ക്കുന്ന കൃത്രിമനിറങ്ങളും മറ്റ് രാസവസ്തുക്കളും രോഗങ്ങളുടെ വലിയൊരു ലോകത്തിലേക്കാണ് ആളുകളെ തള്ളിവിടുന്നത്. ഇതില്‍ നിന്ന് രക്ഷ നേടാനായി ആഹാരക്രമത്തില്‍ അനുയോജ്യമായ മാറ്റങ്ങള്‍ കൊണ്ടുവരികയാണ് വേണ്ടത്. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുവാനായി പ്രത്യേകം ശ്രദ്ധിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക