Image

യുഎസ് മാപ്പുപറഞ്ഞു; പാക്കിസ്ഥാന്‍ നാറ്റോപാത തുറക്കുന്നു

Published on 03 July, 2012
യുഎസ് മാപ്പുപറഞ്ഞു; പാക്കിസ്ഥാന്‍ നാറ്റോപാത തുറക്കുന്നു
ഇസ്ലാമാബാദ്: നവംബറില്‍ യു.എസ്. നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 24 പാക് സൈനികരുടെ കുടുംബത്തോട് യു.എസ്. മാപ്പുപറഞ്ഞതിനു പിന്നാലെ അഫ്ഗാനിസ്ഥാനിലേയ്ക്കുള്ള നാറ്റോപാത തുറക്കാന്‍ പാക്കിസ്ഥാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്. പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖറുമായി ഫോണിലൂടെ നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം യുഎസ് സ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ളിന്റനാണ് ഇക്കാര്യം അറിയിച്ചത്. നവംബറിലെ ആക്രമണത്തോടെയാണ് അഫ്ഗാനിലെ നാറ്റോ സേനയ്ക്ക് ആയുധങ്ങളും സാധനസാമഗ്രികളും കൊണ്ടുപോകുന്നതിനുള്ള പാത പാക്കിസ്ഥാന്‍ അടച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൌഹൃദത്തെ ഈ സംഭവം കാര്യമായി ബാധിച്ചിരുന്നു. പാക്കിസ്ഥാന്‍ സൈന്യത്തിനുണ്ടായ നഷ്ടത്തിന് മാപ്പുചോദിച്ചതായും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സന്നദ്ധമാണെന്നും ഹില്ലരി പറഞ്ഞു. കഴിഞ്ഞയാഴ്ച വരെ പാക്കിസ്ഥാനോടു മാപ്പുപറയില്ലെന്നായിരുന്നു യുഎസിന്റെ നിലപാട്. എന്നാല്‍ 2014ഓടെ അഫ്ഗാനില്‍ നിന്നു നാറ്റോസേന പിന്‍മാറുന്ന സാഹചര്യത്തിലാണ് മാപ്പുപറഞ്ഞ് പ്രശ്നപരിഹാരത്തിനു യുഎസ് തയാറായതെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം, പാക്കിസ്ഥാന്‍ നാറ്റോപാത തുറന്നുനല്‍കിയാല്‍ കനത്ത ആക്രമണം നടത്തുമെന്ന് പാക്കിസ്ഥാനി താലിബാന്‍ ഭീകരര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. കഴിഞ്ഞദിവസം രഹസ്യമായി പാക്കിസ്ഥാന്‍ നാറ്റോസേനയ്ക്കു വേണ്ടി വ്യോമപാത തുറന്നുനല്‍കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക