Image

വെളിച്ചത്തിലേക്കൊരു വാതില്‍

Published on 04 July, 2012
വെളിച്ചത്തിലേക്കൊരു വാതില്‍
സാമൂഹിക തിന്മകള്‍ക്കെതിരെ സന്ദേശവും പ്രതിഷേധവുമായി 'ലൂയി മേരി' കുടുംബം. അതിന് മാധ്യമമാകുന്നതൊരു ഹ്രസ്വചിത്രവും. അതാണ് 'വെളിച്ചത്തിലേക്കൊരു വാതില്‍'.പ്രതിസന്ധിഘട്ടത്തില്‍ പ്രലോഭനങ്ങളുമായെത്തുന്ന സമൂഹവിരുദ്ധരെ ധൈര്യത്തോടെ നേരിടുന്ന പതിനാലുകാരി ബാലാമണിയുടെ കഥ പറയുകയാണ് ചിത്രം. രോഗിണിയായ അമ്മയുടെയും കുഞ്ഞനുജന്റെയും ചുമതലയാണ് അച്ഛന്റെ മരണം അവള്‍ക്കു നല്‍കിയത്. പഠനത്തോടൊപ്പം അയല്‍വീടുകളില്‍ പണിയെടുത്ത് അവരെ സംരക്ഷിക്കുകയും ചെയ്തു അവള്‍. രോഗം മൂര്‍ച്ഛിച്ച് അമ്മയും മരിച്ചതോടെ അവര്‍ അനാഥരായി. സഹായവുമായെത്തിയവരുടെയെല്ലാം മനസ്സിലെ ഗൂഢലക്ഷ്യങ്ങള്‍ അവള്‍ തിരിച്ചറിഞ്ഞു. സ്വയരക്ഷയ്ക്കായി വാക്കത്തിയെടുക്കേണ്ട ഗതികേടുണ്ടായിട്ടും ധൈര്യം കൈവിട്ടില്ല.

കുട്ടികള്‍ക്കായി ഒരുക്കിയ 'വെളിച്ചത്തിലേക്കൊരു വാതിലി'ന്റെ സംവിധാനവും തിരക്കഥയും വിക്ടര്‍ ലൂയി മേരിയുടേതാണ്. നാടകസീരിയല്‍ രംഗത്ത് പരിചയമുള്ള വിക്ടര്‍ തന്നെയാണ് നിര്‍മാണവും ഛായാഗ്രഹണവും നിര്‍വഹിച്ചത്. 'ഗുരുവായൂര്‍ കേശവന്‍' സീരിയലില്‍ ഗജവൈദ്യന്റെ വേഷത്തിലെത്തിയ വിക്ടര്‍ ലൂയി മേരി അമെച്വര്‍ നാടകരംഗത്തും സുപരിചിതനാണ്. തിരുത്തിപ്പറമ്പ് സ്വദേശിയാണ്. 

പ്രധാന കഥാപാത്രങ്ങളായ ബാലാമണിയെയും രാധികയെയും അവതരിപ്പിച്ചത് വിക്ടറിന്റെ സഹോദരന്റെ മക്കളായ വിദ്യ വില്യമും സിംപിള്‍ സെബിയുമാണ്. ചിത്രത്തിലഭിനയിച്ച മൗലാന സ്‌കൂള്‍ ഓഫ് നഴ്‌സിങ് പ്രിന്‍സിപ്പലും വിക്ടറിന്റെ ഭാര്യയുമായ ബെസി, മകന്‍ ജീവന്‍, സിജോയ് ലൂയിസ്, ബാസില്‍ സെബി, ജെറോമി ജോണ്‍സണ്‍, നവോമി ജോണ്‍സണ്‍ തുടങ്ങിയവരും കുടുംബാംഗങ്ങളാണ്. 

ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ചിത്രസംയോജകന്‍ ബീസെഡ് അക്കര, ജീവന്‍ വിക്ടര്‍, സരിന്‍ വില്യം എന്നിവരും 'ലൂയി മേരി'ക്കാര്‍ തന്നെ. സുഹൃത്തുക്കളായ ജോണ്‍ ക്ലാരനെറ്റ്, അനൂപ് ജോണ്‍, ഈവ്‌ലിന്‍ ജോണ്‍, ബേബി ജോണ്‍, റിന്‍സ് കൊള്ളന്നൂര്‍ എന്നിവരും വേഷമിട്ടിട്ടുണ്ട്.

നാടകതിരക്കഥാകൃത്തും സംവിധായകനുമായ സി.എസ്. മുരളീബാബുവിന്റെ ഗ്രാമീണ കൂട്ടായ്മ ആര്യംപാടം റിലീസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. ആഗസ്തില്‍ നടക്കുന്ന ബാലന്‍ കെ.നായര്‍ ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക