Image

നിധിശേഖരം: കണക്കെടുപ്പ്‌ അടുത്തയാഴ്‌ച; പരസ്യപ്പെടുത്തില്ല

Published on 23 July, 2011
നിധിശേഖരം: കണക്കെടുപ്പ്‌ അടുത്തയാഴ്‌ച; പരസ്യപ്പെടുത്തില്ല
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത അമൂല്യ നിധിശേഖരത്തിന്റെ കണക്കെടുപ്പിനും മൂല്യാടിസ്‌ഥാനത്തിലുള്ള തരംതിരിക്കലിനുമായി സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധ സമിതി അടുത്തയാഴ്‌ച ആദ്യവട്ട ചര്‍ച്ചകള്‍ നടത്തി നടപടികള്‍ തീരുമാനിക്കും. ഇതുസംബന്ധിച്ച്‌ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയ പശ്ചാത്തലത്തില്‍ വിശദമായ പദ്ധതി തയാറാക്കുകയെന്നതാവും സമിതി ആദ്യം ചെയ്യുക. സമിതിയുടെ ചെലവ്‌ സംസ്‌ഥാന സര്‍ക്കാരും ക്ഷേത്ര ട്രസ്‌റ്റും ചേര്‍ന്നു വഹിക്കണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്‌.

അതിനിടെ സമ്പത്തിന്റെ വിപണി വില എത്രയെന്ന്‌ വിദഗ്‌ധ സമിതി കണക്കുകൂട്ടിയാലും സുരക്ഷാ കാരണങ്ങളാല്‍ അതു പരസ്യപ്പെടുത്തില്ല. വിപണി വില നിര്‍ണയിക്കാന്‍ ദേശീയ മ്യൂസിയം ഡയറക്‌ടര്‍ ജനറല്‍ സി.വി. ആനന്ദബോസിന്റെ നേതൃത്വത്തിലുള്ള സമിതിയോടു സുപ്രീം കോടതിയുടെ വ്യക്‌തമായ നിര്‍ദേശമില്ല. എന്നാല്‍, സമ്പത്ത്‌ ഇന്‍ഷുര്‍ ചെയ്യേണ്ടതുണ്ടെങ്കില്‍ വില നിര്‍ണയം ആവശ്യമാണ്‌. രാജ്യത്തെ ദേശീയ മ്യൂസിയങ്ങളിലുള്ള വസ്‌തുക്കളുടെയെല്ലാം വില നിര്‍ണയിച്ചിട്ടുണ്ട്‌. അവയെല്ലാം ഇന്‍ഷുര്‍ ചെയ്‌തിട്ടുമുണ്ട്‌. എന്നാല്‍, നിര്‍ണയിക്കപ്പെട്ടിട്ടുള്ള വില രഹസ്യമാണ്‌.

നിലവറകളിലെ സമ്പത്തിലുള്‍പ്പെടുന്ന ലോഹ നിര്‍മിത വസ്‌തുക്കളുടെ വിപണി വില നിര്‍ണയിക്കുന്നത്‌ ചരിത്രപരവും പുരാവസ്‌തുപരവും കലാപരവുമായ മൂല്യത്തിന്റെയും തൂക്കത്തിന്റെയും അടിസ്‌ഥാനത്തിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക