Image

കാലൊച്ച കേള്‍പ്പിക്കാതെ മരണം - മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 09 July, 2012
കാലൊച്ച കേള്‍പ്പിക്കാതെ മരണം - മീട്ടു റഹ്മത്ത് കലാം
ഒരു കുട്ടിയുടെ സ്വാഭാവിക ജനനം സംഭവിക്കുന്നത് ഒന്‍പത് മാസവും ഒന്‍പത് ദിവസവും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്ന് പൂര്‍ണ്ണവളര്‍ച്ച പ്രാപിച്ച ശേഷമാണ്. എന്നാല്‍ മരണം സംഭവിക്കുന്നതിനു മാത്രം നിശ്ചിതമായ ഒരു കാലാവധിയില്ല. കുഞ്ഞുനാളില്‍ പറഞ്ഞുകേട്ട മുത്തശ്ശിക്കഥയില്‍ സ്വര്‍ഗ്ഗത്തിലുള്ള സ്വര്‍ണ്ണമരത്തെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഓരോ ജനനത്തിലും ഓരോ പേരില്‍ ഇലകള്‍ തളിര്‍ക്കുന്ന ആ മരത്തിലെ ഇല കൊഴിയുമ്പോള്‍ ഭൂമിയിലുള്ള എല്ലാം വിട്ട് മറ്റൊരു ലോകത്തേയ്ക്ക് തിരിച്ച് പോകണം എന്ന് കേള്‍ക്കുമ്പോള്‍ അന്ന് പക്ഷേ മരണം എന്താണെന്നും അത് മൂലം ഉറ്റവര്‍ക്കുണ്ടാകുന്ന വേദനയും ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവരുന്ന നികാത്താനാവാത്ത വിടവും ഒന്നും അറിയില്ലായിരുന്നു.

ആ ഇടയ്ക്ക് മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ ജഡം മറ്റു പലരെയും പോലെ കൗതുകത്തോടെ ഞാന്‍ നോക്കിക്കണ്ടിട്ടുണ്ട്. ഇപ്പോഴായിരുന്നെങ്കില്‍ അതിനെനിക്ക് കഴിയുമായിരുന്നില്ല. മരണം എത്രമാത്രം ആഴമുള്ള വേദനയാണെന്ന് തിരിച്ചറിഞ്ഞ ശേഷം അറിയുന്ന ആദ്യ മരണവാര്‍ത്ത അല്‍പക്കത്തുള്ള ഒരു ചേട്ടന്റെയാണ്. ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ പാടുപെടുന്ന പലര്‍ക്കുമിടയില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നത് ഇന്നും ഓര്‍മ്മയില്‍ മായാതെ കിടക്കുന്നു. ആരുടെ കണ്ണുകള്‍ നിറഞ്ഞു കണ്ടാലും കൂടെ കരഞ്ഞു പോകുന്ന വിചിത്രമായ സ്വാഭാവ സവിശേഷതകൊണ്ട് 'ഇമോഷണല്‍ കോഷ്യന്റ്' (EQ) കൂടുതലാണെന്ന് പറഞ്ഞ് എന്നെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. അത് ഒഴിവാക്കാന്‍ മരണവീടുകളില്‍ പോകാതെ കഴിവതും മാറി നിന്നിട്ടും പലപ്പോഴും വീണ്ടും ചേതനയറ്റ ശരീരങ്ങള്‍ കാണേണ്ടതായി വന്നിട്ടുണ്ട്. കൂടെ പഠിക്കുന്നവരുടെ അച്ഛനോ അമ്മയോ മരിച്ചിട്ട് കൂട്ടുക്കാര്‍ക്കൊപ്പം പോകുമ്പോള്‍ പോലും മരിച്ചയാളുടെ മുഖത്ത് നോക്കാതെയും ബന്ധുക്കളുടെ കരഞ്ഞ് കലങ്ങിയ കണ്ണുകള്‍ മനസ്സില്‍ ഒപ്പിയെടുക്കാതെയും ആളുക്കൂട്ടത്തില്‍ ആരും കാണാതെ ഉള്‍വലിയുന്നതുമൊക്കെ EQ ഇഫക്ട് കാരണമാകാം. അങ്ങനെയുള്ള ഞാന്‍ മരണത്തിന്റെ തണുപ്പും മരവിപ്പും ആദ്യമായ് തൊട്ടറിയുന്നത് എന്റെ മുത്തശ്ശന്‍ ഞങ്ങളെ വിട്ടുപോയപ്പോഴാണ്. ഞങ്ങള്‍ക്കിടയിലെ ബന്ധത്തിന്റെ ആഴം കൂട്ടാന്‍ വായന ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. പത്രത്തിലൂടെ ലോകത്തെ നോക്കിക്കണ്ടിരുന്ന മുത്തശ്ശന് കാഴ്ച മങ്ങിത്തുടങ്ങിയപ്പോള്‍ സഹായത്തിനെത്തിയതോടെയാണ് ഞാന്‍ വായനയുടെ ആഴം തിരിച്ചറിയുന്നതും മലയാളത്തെ സ്‌നേഹിച്ചു തുടങ്ങുന്നതും മലയാളത്തെ സ്‌നേഹിച്ചു തുടങ്ങുന്നതും. സ്‌ക്കൂളില്‍ പഠിക്കുമ്പോഴുള്ള ആ ശീലം കോളേജ് ഹോസ്റ്റലില്‍ നിന്നും തിരിച്ചെത്തുമ്പോള്‍ ശനിയും ഞായറും തുടര്‍ന്നു പോന്നിരുന്നു. വേറെ ആര് വായിച്ചു കൊടുത്താലും മുത്തശ്ശന് തൃപ്തി തോന്നിയിരുന്നില്ല.

ഒരു രാത്രി "മുത്തശ്ശന്‍ ആശുപത്രിയിലാണ്, നീ നാളെ വരണം "എന്ന് വീട്ടില്‍ നിന്ന് ഫോണില്‍ കേട്ടപ്പോഴും എന്നെ കാണാനുള്ള ആഗ്രഹം കൊണ്ടാണെന്നേ കരുതിയിരുന്നുള്ളൂ. പിറ്റേ ദിവസം പുറപ്പെടും മുന്‍പേ പത്രത്തിലൂടെ കണ്ണോടിച്ചപ്പോള്‍ ചരമക്കോളത്തില്‍ അപ്രതീക്ഷിതമായി ആ മുഖം കണ്ടശേഷം വീട്ടിലേയ്ക്ക് എങ്ങനെയാണ് എത്തിപ്പെട്ടതെന്ന് ഇപ്പോഴും അറിയില്ല. എന്നും പത്രത്തില്‍ ആ പേജ് കാണാറുണ്ടെങ്കിലും അറിയാവുന്ന ഒരാളുടെ മുഖം കാണുമ്പോള്‍ മനസ്സ് വിങ്ങും. ഒരു വ്യക്തിയ്ക്ക് നമ്മള്‍ ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന സ്‌നേഹമായിരിക്കാം ദുഃഖമായും കണ്ണീരായും അവരുടെ വിയോഗത്തില്‍ ഒഴുകുന്നതെന്ന് അന്നെനിക്ക് മനസ്സിലായി.

മരണവീട്ടില്‍ നൂറ് അഭിപ്രായങ്ങളും ചോദ്യങ്ങളുമായി തടിച്ചുകൂടുന്ന ആള്‍ക്കൂട്ടം സ്ഥിരം കാഴ്ചയാണ്. പിണ്ഡം വച്ച് കൈ കൊട്ടുമ്പോള്‍ എത്തുന്ന ബലിക്കാക്കകളെപ്പോലെ ഞൊടിയിടയില്‍ നാനാദിക്കിലേയ്ക്ക് അവര്‍ പറന്നകലുകയും ചെയ്യും. നാട്ടുവര്‍ത്തമാനങ്ങള്‍ക്കും പരദൂഷണങ്ങള്‍ക്കുമുള്ള വേദിയായി മരണവീടിനെ കാണുന്നവര്‍ക്കിടയില്‍ ഹൃദയത്തിന്റെ ഭാഷയില്‍ സാന്ത്വനത്തിന്റെ തലോടലുമായി എത്തുന്നവര്‍ ചുരുക്കം. ചിലരുടെ മട്ട് കണ്ടാല്‍ അവര്‍ അമൃതം കഴിച്ചിരിക്കുന്നവരും ചിരഞ്ജീവികളുമൊക്കെ ആണെന്നു തോന്നിപ്പോകും. ഇന്നല്ലെങ്കില്‍ നാളെ എല്ലാം ഉപേക്ഷിച്ച് ഞാനും ഇങ്ങനെ കിടക്കും എന്ന ചിന്ത ആര്‍ക്കുമില്ല.

മതഗ്രന്ഥങ്ങളിലും മറ്റു പുസ്തകങ്ങളിലും നിന്നുള്ള അറിവുകള്‍ക്കപ്പുറം മരണാനന്തര ലോകത്തെക്കുറിച്ച് വ്യക്തമായ ധാരണ ആര്‍ക്കുമില്ല. നരകത്തിലെ ശിക്ഷ ലഭിച്ചവരോ സ്വര്‍ഗ്ഗലോകത്തെ സുഖങ്ങള്‍ സായത്വമാക്കിയവരോ ഭൂമിയില്‍ വന്ന് അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചിരുന്നെങ്കില്‍ മനുഷ്യന്റെ പ്രവൃത്തികളില്‍ പോലും മാറ്റം വരുമായിരുന്നു.

ചാള്‍സ് ഡിക്കന്‍സിന്റെ 'ക്രിസ്മസ് കരോളില്‍" കേന്ദ്രകഥാപാത്രങ്ങളായ 'എബനേസര്‍ സ്‌ക്രൂജ്' തന്റെ സ്വപ്നത്തില്‍ ഭൂതം, ഭാവി, വര്‍ത്തമാനം എന്നീ മൂന്ന് ഘട്ടങ്ങള്‍ കാണുന്നുണ്ട്. ഭൂതകാലം അവന് നഷ്ടപ്പെട്ട പലതും ഓര്‍മ്മപ്പെടുത്തുന്നു. വര്‍ത്തമാനകാലത്തിലൂടെ തന്റെ തെറ്റുകള്‍ തിരിച്ചറിയുന്ന സ്‌ക്രൂജ്, ഭാവിയില്‍ കാണുന്നത് ഒരു ശവസംസ്‌ക്കാരച്ചടങ്ങാണ്. ഒരിറ്റ് കണ്ണീര്‍പൊഴിക്കാന്‍ ആരുമില്ലാത്ത അനാഥ ജഡം തന്റേതാണെന്ന് മനസ്സിലായി ഞെട്ടിത്തരിക്കുന്നതിലൂടെ നേട്ടങ്ങളെന്ന് അയാള്‍ കരുതിയ ഒന്നിനും അര്‍ത്ഥമില്ലെന്ന വലിയ പാഠം നല്ല മനുഷ്യനായി ജീവിക്കാനും പണത്തെക്കാള്‍ സ്‌നേഹബന്ധങ്ങള്‍ക്ക് വില കൊടുക്കാനും സ്‌ക്രൂജിന്റെ മനസ്സിനെ പ്രേരിപ്പിക്കുകയും പാകപ്പെടുത്തുകയും ചെയ്യുന്നു.

ഇത്തരം ദൃഷ്ടാന്തം ഓരോരുത്തരുടെ ജീവിതത്തിലും അനിവാര്യമാണ്. എല്ലാവരും ഇത്തരം സ്വപ്നങ്ങള്‍ കാണണമെന്നില്ല. എങ്കില്‍ക്കൂടി ഇഷ്ടപുസ്തകം പോലം ജീവിതത്തെയും ഇടയ്ക്കിടയ്ക്ക് പിറകോട്ടും മുന്‍പോട്ടും മറിച്ചു നോക്കുന്നത് നന്നായിരിക്കും. ഒരര്‍ത്ഥത്തില്‍, മരണമെന്ന സത്യത്തെ മുന്നില്‍ കണ്ട് ജീവിക്കാത്തതായിരിക്കാം മനുഷ്യനില്‍ അഹങ്കാരം എന്ന വികാരം നിലനില്‍ക്കാനുള്ള കാരണം തന്നെ. ഓരോ മരണവും നാം ഒന്നുമല്ല, നമുക്കൊന്നുമില്ല എന്ന തിരിച്ചറിവാണ്.
കാലൊച്ച കേള്‍പ്പിക്കാതെ മരണം - മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക