Image

പ്രവാസി കുടുംബ സംഗമം കുട്ടിക്കാനം മരിയന്‍ കോളജില്‍

Published on 12 July, 2012
പ്രവാസി കുടുംബ സംഗമം കുട്ടിക്കാനം മരിയന്‍ കോളജില്‍
തിരുവനന്തപുരം: ഇടുക്കി ജില്ലയില്‍ തേയിലത്തോട്ടങ്ങളുടെയും കോടമഞ്ഞു നിറഞ്ഞ മലനിരകളുടെയും സംഗമസ്ഥാനമായ കുട്ടിക്കാനത്ത് പ്രവാസി മലയാളികള്‍ക്കായി ഒരു അപൂര്‍വ കുടുംബ സംഗമത്തിന് വേദി ഒരുങ്ങുന്നു. കുട്ടിക്കാനം മരിയന്‍ കോളജാണ് ഈ കുടുംബസംഗമത്തിന് ഓഗസ്റ്റ് 10 മുതല്‍ 12 വരെ തീയതികളില്‍ സാക്ഷ്യം വഹിക്കുന്നത്.

ഇരുപതിലേറെ വിദേശ രാഷ്ട്രങ്ങളില്‍ നിന്നുള്ള നൂറ്റിയന്‍പതോളം പ്രവാസി കുടുംബങ്ങള്‍ക്കാണ് ഇവിടെ ഒത്തുചേരാന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. കേരളത്തിനും ഇന്ത്യയ്ക്കു പുറത്തും താമസിക്കുന്ന ഏതു വിദേശ മലയാളിക്കും കുടുംബസമേതം പ്രവേശനം ഉണ്ടെന്നുള്ളതാണ് മേളയുടെ പ്രത്യേകത.

വിവിധതരം സന്ദര്‍ഭങ്ങളില്‍ വിദേശത്ത് ജോലി ചെയ്യുന്ന നമ്മുടെ മലയാളി സഹോദരങ്ങള്‍ക്ക് അവരുടെ ഉത്തരവാദിത്തങ്ങളില്‍ നിന്നും വിട്ടുമാറി മനസ്സുകളെ ഉന്മേഷഭരിതമാക്കി അവരവരുടെ കര്‍മരംഗങ്ങളിലേക്ക് തിരിച്ചുപോകുവാന്‍ കുട്ടിക്കാനം സഹായിക്കുമെന്ന് സംഘാടകര്‍ പറയുന്നു.

കേരള ജലവിഭവ മന്ത്രി പി.ജെ. ജോസഫും കുടുംബവും നയിക്കുന്ന സംഗീത സന്ധ്യയും സിനിമാതാരവും കേരള സംഗീത - നാടക അക്കാദമി മുന്‍ ചെയര്‍മാന്‍ മുകേഷിന്റെ നര്‍മസല്ലാപവും മുന്‍ സാംസ്‌കാരിക വകുപ്പുമന്ത്രി എം.എ. ബേബി, കെടിഡിസി ചെയര്‍മാന്‍ വിജയന്‍ തോമസ് എന്നിവരുമായുള്ള ചോദ്യോത്തരവേളയും സംഗമത്തിന് മാറ്റുകൂട്ടുമെന്ന് സംഘാടകര്‍ കൂട്ടിച്ചേര്‍ത്തു. 

പുതിയ പാചകമുറകള്‍ പഠിക്കുവാനും അത് മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും വീട്ടമ്മമാര്‍ക്ക് ഇവിടെ അവസരം ലഭിക്കുന്നു. തേയിലത്തോട്ടങ്ങളിലൂടെയുള്ള സൈറ്റ് സീയിങ്ങും ഫൊട്ടോഗ്രഫിയും ഈ സംഗമത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ആസ്വദിക്കാം. ചെറിയ കുട്ടികള്‍ക്ക് ഫണ്‍ സോണും മുതിര്‍ന്നവര്‍ക്ക് കരിയര്‍ കൗണ്‍സലിങ്ങും ഉണ്ടായിരിക്കും. ഗൃഹാതുരത ഉണര്‍ത്തുന്ന ചലച്ചിത്രഗാന മല്‍സരവും കലാസന്ധ്യയും കുടുംബസംഗമത്തിന് മികവു പകരുന്നു. ബിസിനസ് സംരംഭക ചര്‍ച്ചകള്‍ക്കും അവസരം ഉണ്ടായിരിക്കുന്നതാണ്. 

പാശ്ചാത്യഭക്ഷണവും നാടന്‍ ഭക്ഷണവും വിദേശ മലയാളികളുടെ വിവിധ തലമുറകളുടെ അഭിരുചിക്കനുസരിച്ച് ഒരുക്കുന്നു.  വളരെ മിതമായ നിരക്കിലുള്ള താമസ സൗകര്യങ്ങള്‍ ഓരോ കുടുംബത്തിനും തിരഞ്ഞെടുക്കാന്‍ പറ്റുന്ന വിധത്തില്‍ ലഭ്യമാണ്. ഒരു കുടുംബത്തിന് രണ്ട് രാത്രിയും മൂന്നു പകലും 1800 രൂപ മുതല്‍ 10, 000 വരെയുള്ള റിസോര്‍ട്ടുകളാണ് താമസത്തിന് ഒരുക്കിയിരിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു. തേയിലയും സുഗന്ധ വ്യഞ്ജനങ്ങളും വിലകുറച്ച് വാങ്ങാവുന്ന സ്‌റ്റോളുകള്‍ പ്രവാസി കുടുംബങ്ങള്‍ക്ക് അനുഗ്രഹമായിരിക്കും.

മലയാളികളുടെ മനോഭാവ മാറ്റത്തിനായി പ്രവര്‍ത്തിക്കുന്ന കോളജ് വിദ്യാര്‍ഥിനികളുടെ കൂട്ടായ്മയായ ഓള്‍ട്ട്യൂസാണ് കുട്ടിക്കാനം സംഗമത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്.

പ്രവാസി കുടുംബ സംഗമത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹമുള്ളവര്‍ ബന്ധപ്പെടുക
വേള്‍ഡ് മലയാളി കൗണ്‍സില്‍
സന്ദീപനി സ്‌കൂള്‍ ടിസി 11/ 2194
കനകക്കുന്ന് പാലസ് റോഡ്
ആര്‍.കെ.വി ലെയിന്‍
മ്യൂസിയം ജംക്ഷന്‍
തിരുവനന്തപുരം: 695 033
ഫോണ്‍: 0471 2479110
95622441817
ഇമെയില്‍: nrkfest@gmail.com

പ്രവാസി കുടുംബ സംഗമം കുട്ടിക്കാനം മരിയന്‍ കോളജില്‍പ്രവാസി കുടുംബ സംഗമം കുട്ടിക്കാനം മരിയന്‍ കോളജില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക