Image

ഞാനും ആ ആനയെ സ്വന്തമാക്കി - മറിയാമ്മ പിള്ള

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 11 July, 2012
ഞാനും ആ ആനയെ സ്വന്തമാക്കി - മറിയാമ്മ പിള്ള
ഹൂസ്റ്റണ്‍: മൂന്നു പതിറ്റാണ്ടുകളിലേറെക്കാലം അമേരിക്കന്‍ മലയാളികള്‍ ദത്തെടുത്ത്‌ വളര്‍ത്തി വലുതാക്കിയ ആ ആന പുരുഷ ഹസ്‌തങ്ങളില്‍ നിന്ന്‌ മോചനം നേടി ഒരു വനിതയുടെ കൈയ്യില്‍ അവസാനം എത്തിച്ചേര്‍ന്നത്‌ ഒരു മഹാത്ഭുതമായി ! ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ പ്രസിഡന്റ്‌ അവരോധിതയായത്‌ സ്‌ത്രീ പ്രാതിനിധ്യം വരുംകാലങ്ങളില്‍ ഫൊക്കാന എന്ന സംഘടനയില്‍ പ്രതിഫലിച്ചു കാണാം എന്ന സന്ദേശം നല്‍കുകയാണ്‌.

അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടന ഫൊക്കാനയുടെ അമരക്കാരിയാകാന്‍ ചിക്കാഗോയില്‍ നിന്നുള്ള ശ്രീമതി മറിയാമ്മ പിള്ള രംഗപ്രവേശം ചെയ്‌തത്‌ തികച്ചും യാദൃശ്ചികമായിരുന്നു എന്നാണ്‌ ജിജ്ഞാസുക്കള്‍?പറയുന്നത്‌. ഫൊക്കാന പോലുള്ള മഹാപ്രസ്ഥാനം നയിക്കുവാന്‍ മറിയാമ്മ പിള്ളയ്‌ക്ക്‌ കഴിയുമോ എന്നും ചില ഉല്‌പതിഷ്‌ണുക്കള്‍ ചോദിച്ചിരുന്നു. പിന്നെ അത്ര പെട്ടെന്ന്‌ പുരുഷമേധാവിത്വം വിട്ടുകൊടുക്കുന്നവരല്ലല്ലോ മലയാളികള്‍ ! ചില ദോഷൈകദൃക്കുകളാകട്ടേ മുറുമുറുത്തു.....നെറ്റി ചുളിച്ചു......ചിക്കാഗോക്കാരെ ഗോബാക്ക്‌ വിളിച്ചു. പക്ഷേ, പതറാതെ സംയമനം പാലിച്ച്‌ മറിയാമ്മ പിള്ള സധൈര്യം മുന്നോട്ടുപോയി !!

ഫൊക്കാനയുടെ പതിനഞ്ചാമത്‌ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ഹൂസ്റ്റണിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ അരങ്ങേറിയതിന്റെ രണ്ടാം ദിവസം നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ തിരക്കിലായിരുന്നു പ്രവര്‍ത്തകരെല്ലാം. അടുത്ത കണ്‍വന്‍ഷന്‍ എവിടെയായിരിക്കും? ആരായിരിക്കും പ്രസിഡന്റ്‌? എന്നീ രണ്ടു ചോദ്യങ്ങളായിരുന്നു എല്ലാവരുടേയും മനസ്സില്‍. വാഷിംഗ്‌ടണ്‍ ഡി.സി.യില്‍ നിന്നുള്ള സനല്‍ ഗോപിനാഥും ചിക്കാഗോയില്‍ നിന്നുള്ള മറിയാമ്മ പിള്ളയുമായിരുന്നു പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍.

ചിക്കാഗോയില്‍ നടത്തിയ രണ്ടു കണ്‍വന്‍ഷനുകള്‍ നഷ്ടത്തിലായിരുന്നു എന്നും, മറിയാമ്മ പിള്ളയ്‌ക്ക്‌ ജനപിന്തുണയില്ലെന്നുമൊക്കെ പലരും അഭിപ്രായങ്ങള്‍ പറയുന്നതു കേട്ടിരുന്നു. പക്ഷേ, സന്ദേഹങ്ങള്‍ക്ക്‌ വിരാമമിട്ടുകൊണ്ട്‌ മറിയാമ്മ പിള്ളയുടെ വിജയം പ്രഖ്യാപിച്ചപ്പോള്‍ അതുവരെ ആകാംക്ഷാഭരിതരായി നിലകൊണ്ടവരുടെ ശ്വാസം നേരെ വീണു.

നറുക്കു വീണത്‌ മറിയാമ്മ പിള്ളയ്‌ക്കാണെന്ന്‌ അറിഞ്ഞതോടെ അതുവരെ വിയോജിപ്പു പ്രകടിപ്പിച്ചവര്‍ പോലും അഭിനന്ദനങ്ങളും അനുമോദനങ്ങളുമായി ചിക്കാഗോക്കാരുടെ `മറിയാമ്മ ചേച്ചിയെ' ആലിംഗനങ്ങള്‍ കൊണ്ട്‌ വീര്‍പ്പുമുട്ടിക്കുന്ന അപൂര്‍വ്വകാഴ്‌ചയും കാണാനിടയായി. സ്‌ത്രീകളുടെ വിജയമായും സ്‌ത്രീശക്തിയായും ചിലരതിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നത്‌ കണ്ടു. അതാണ്‌ ഫൊക്കാന. അഭിപ്രായവ്യത്യാസങ്ങള്‍ക്ക്‌ അവധികൊടുത്ത്‌ എല്ലാവരും വിജയം ആഘോഷിച്ചു.

ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രസിഡന്റായി അവരോധിക്കുന്നത്‌ ഭാവിയില്‍ ഈ സംഘടനയിലെ ചിലരുടെ ഛിദ്രസ്വഭാവങ്ങള്‍ക്ക്‌ അറുതി വരുത്താനും ഐക്യവും മമതയും തിരികെ കൊണ്ടുവരാനും സാധിതമാകുമെന്ന്‌ നമുക്കു പ്രതീക്ഷിക്കാം.

അമേരിക്കയുടെ ഇതരഭാഗക്കാര്‍ക്ക്‌ മറിയാമ്മ പിള്ള അപരിചിതയായിരിക്കാമെങ്കിലും ചിക്കാഗോക്കാര്‍ക്ക്‌ അവര്‍ ചിരപരിചിതയാണ്‌. മലയാളി സ്‌ത്രീകള്‍ക്ക്‌ അഭിമാനിക്കാവുന്ന വ്യക്തിത്വമാണ്‌ മറിയാമ്മ പിള്ളയുടേതെന്ന്‌ ചിക്കാഗോയിലെ മലയാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. പൊതുപ്രവര്‍ത്തന രംഗത്ത്‌ മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും മത-സാമുദായിക രംഗത്തും സാംസ്‌ക്കാരിക രംഗത്തും ഒരുപോലെ ശോഭിക്കുന്ന മറിയാമ്മ പിള്ളയെപ്പോലെയുള്ള സ്‌ത്രീകള്‍ ഫൊക്കാന പോലുള്ള സംഘടനകളുടെ തലപ്പത്ത്‌ വന്നാല്‍ തീര്‍ച്ചയായും ആ സംഘടന പുഷ്ടി പ്രാപിക്കുമെന്ന്‌ ഒരു വിഭാഗം വിശ്വസിക്കുന്നു.

മറിയാമ്മ പിള്ളയുടെ സാന്ത്വനത്തിന്റെ തലോടലേല്‍ക്കാത്തവര്‍ ചുരുക്കമത്രേ. പ്രതിഫലേഛയില്ലാതെ മറ്റുള്ളവരെ സഹായിക്കുന്നവര്‍ വിരളമായ ഇക്കാലത്ത്‌ മറിയാമ്മ പിള്ളയെപ്പോലെയുള്ള വ്യക്തികള്‍ ഫൊക്കാനയുടെ പ്രസിഡന്റു സ്ഥാനത്തേക്ക്‌ വരുന്നത്‌ തികച്ചും അഭികാമ്യമാണെന്നും ഭൂരിഭാഗം പേരും വിശ്വസിക്കുന്നു.

മറിയാമ്മ പിള്ള അഭയം നല്‍കിയിട്ടുള്ള നിരവധി വ്യക്തികളും കുടുംബങ്ങളും ചിക്കാഗോയിലും അമേരിക്കയുടെ വിവിധ മേഖലകളിലുമുണ്ടെന്ന്‌ അവരെ അടുത്തറിയാവുന്നവര്‍ പറയുന്നു. 40 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അമേരിക്കയിലെത്തി കഠിനപ്രയത്‌നത്തിലൂടെ തന്റെ കര്‍മ്മപാത വെട്ടിത്തെളിയിച്ച്‌ മുന്നോട്ടു ഗമിക്കുമ്പോഴും സാമൂഹ്യസേവനം തപശ്ചര്യയാക്കി മാറ്റിയ ചിക്കോഗാക്കാരുടെ മറിയാമ്മ ചേച്ചിയെ അമേരിക്കന്‍ മലയാളികള്‍ ഒന്നടങ്കം ആദരിക്കുന്ന കാലം വിദൂരമല്ല.

വടക്കേ അമേരിക്കയിലങ്ങോളമിങ്ങോളം വസിക്കുന്ന എല്ലാ മലയാളികളുടേയും സാമൂഹിക-സാംസ്‌ക്കാരിക പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ എപ്പോഴും മുന്‍നിരയിലുണ്ടാകുമെന്ന സന്ദേശമാണ്‌ അവര്‍ നല്‌കുന്നത്‌. മലയാളികളുടെ ഐക്യം മാത്രമല്ല ഫൊക്കാനയുടെ ലക്ഷ്യം. കലാപരമായും രാഷ്ട്രീയപരമായും അടുത്ത തലമുറയെ വാര്‍ത്തെടുക്കുക എന്ന ദൗത്യവും ഫൊക്കാനയുടെ പ്രവര്‍ത്തന മേഘലയില്‍ ഉള്‍പ്പെടുന്നു. മറിയാമ്മ പിള്ള കൂട്ടിച്ചേര്‍ത്തു. ജാതി-മത-ദേശ ചിന്തകളില്ലാതെ എല്ലാ മലയാളികളേയും ഒന്നിച്ചണിനിരത്തുകയും, അവരുടെ?കൂട്ടായ പരിശ്രമങ്ങളിലൂടെ നഷ്ടമായ പ്രൗഢിയും പ്രതാപവും തിരിച്ചുകൊണ്ടുവരാനുള്ള ബാധ്യതയും തന്നില്‍ അര്‍പ്പിതമായിരിക്കുകയാണെന്ന്‌ അവര്‍ പറഞ്ഞു.

യുവജനങ്ങളെ നേതൃത്വനിരയിലേക്ക്‌ കൊണ്ടുവരാനും, രഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരികപരമായി അവരെ മുഖ്യധാരയ്‌ലെത്തിക്കാനും മറിയാമ്മ പിള്ള വഹിച്ച പങ്ക്‌ പ്രശംസനീയമാണ്‌.  അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ ചിക്കാഗോയില്‍ അവര്‍ സംഘടിപ്പിച്ച യുവജനോത്സവം. യുവജനങ്ങളുടെ കൂട്ടായ്‌മയുടെ കരുത്ത്‌ വിളിച്ചോതുന്നതായിരുന്നു അത്‌.
ഞാനും ആ ആനയെ സ്വന്തമാക്കി - മറിയാമ്മ പിള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക