Image

കടക്കെണിയിലകപ്പെട്ടുപോയവര്‍ - കൊച്ചേച്ചി

കൊച്ചേച്ചി Published on 12 July, 2012
കടക്കെണിയിലകപ്പെട്ടുപോയവര്‍ - കൊച്ചേച്ചി
അമേരിക്കയില്‍ ജൂണ്‍ അവസാനത്തോടെ വേനലവധി ആരംഭിക്കും. പിന്നെ രണ്ടു മാസം കുട്ടികള്‍ക്ക് അവധി ആഘോഷിക്കാനുള്ള അവസരമാണ്. ആ സമയത്തേക്ക് മാതാപിതാക്കളും അവധിയെടുക്കാനുള്ള ഒരുക്കത്തിലായിരിക്കും. കുഞ്ഞുങ്ങളോടൊപ്പമായിര്കകാനും ഒത്താല്‍ ഒരു യാത്ര പോകാനുമുള്ള ഒരുക്കം. തിരക്കേറിയ ജീവിതത്തിന്റെ പിരമുറുക്കത്തിന് ഒരയവു ലഭിക്കുന്നത് സ്വന്തം നാട്ടിലെ അന്തരീക്ഷത്തിലായിരിക്കുമെന്നു വിശ്വസിക്കുന്നവരാണധികവും.

സ്വന്തക്കാര്‍ക്കുള്ള സാധനങ്ങളും വലിയ പെട്ടികളുമൊക്കെയായി എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങുമ്പോള്‍ മുതല്‍ മനസ്സിന്റെ അയവും പണത്തിന്റെ ധാരാളിത്തവും പ്രകടമായിത്തുടങ്ങും. ടാക്‌സിക്കാരനും ഹോട്ടലിലുമൊക്കെയായി ആ ധാരാളിത്തം അവിടം മുതല്‍ പുരോഗമിക്കും. വീട്ടിലും നാട്ടിലും കൈകയയച്ചു പണം ചെലവാക്കുന്നത് കണ്ട് അത്ഭുതം കൂറുന്ന മിഴികളുമായി നില്‍ക്കുന്ന സാധാരണക്കാര്‍, അമേരിക്കയില്‍ ഒന്നു ചെന്നു പെട്ടാല്‍ മതി പിന്നെ ജീവിതത്തില്‍ എന്നും സുഖമായിരിക്കുമെന്നു ചിന്തിച്ചു പോകുന്നു. ഇവിടെ പറ്റാത്ത ധാരാളിത്തമാണ് അവിടെ കാണിക്കുന്നതെന്ന് ഈ പാവം ജനങ്ങളുണ്ടോ അിറയുന്നു. (എല്ലാവരെയും ഇവിടെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നോര്‍ക്കുക)

അമേരിക്കയിലോ ലണ്ടനിലോ എന്തിന് കേരളത്തിന് വെളിയില്‍ പോയാല്‍ പോലും ധനികനാകാം എന്നൊരു ചിന്ത സാധാരണക്കാരിലുണ്ടാക്കുന്നത് പ്രവാസികളാണ്. ആണ്ടിലൊരിക്കല്‍ പോയി അടിച്ചു പൊളിക്കുന്നത് കണ്ട് അല്ലെങ്കില്‍ പൊങ്ങച്ചം കാണിക്കുന്നത് കണ്ട് അവര്‍ പ്രവാസത്തെ ഇഷ്ടപ്പെട്ടുപോവുകയാണ്. എങ്ങനെയെങ്കിലും അമേരിക്കയിലോ ലണ്ടനിലോ ജോലിക്കയ്ക്കണമെന്ന ഉദ്ദ്യേശത്തോടു കൂടി ഉള്ളതു വിറ്റും കടം വാങ്ങിയും കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങി. നേഴ്‌സിംഗ് മേഖല വിദേശനാണ്യത്തിന് പറ്റിയ മാര്‍ഗ്ഗമാണെന്ന് ഒട്ടുമിക്കപേരും തിരിച്ചറിഞ്ഞതോടു കൂടി നഴ്‌സിംഗ് സ്ഥാപനങ്ങള്‍ നാട്ടില്‍ ഉടനീളം പൊട്ടിമുളച്ചു. 2000 ത്തിനുശേഷം ആണ്‍കുട്ടികളും ധാരാളമായി ഈ രംഗത്തേക്കുവന്നു. തിരുവനന്തപുരം സ്വദേശിനി രജനി ആത്മഹത്യചെയ്തതിനു ശേഷം വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തില്‍ കൂടുതല്‍ ഇളവുകളുണ്ടായി. നേഴ്‌സിംഗ് കോഴ്‌സുകള്‍ക്കു പുറമെ ഇതര തൊഴിലധിഷ്ഠിത മേഖലകളിലും വായ്പാ സൗകര്യങ്ങള്‍ ലഭ്യമായി. പക്ഷെ തിരിച്ചടയ്ക്കുമ്പോള്‍ നിയമം കര്‍ശനമായിത്തുടങ്ങി. പഠിച്ചിറങ്ങുമ്പോഴേക്കും എടുത്ത പണത്തിന്റെ ഇരട്ടി തിരിച്ചടയ്‌ക്കേണ്ട ഗതികേട്. വിദേശത്തു ജോലി കിട്ടാതായാല്‍, നാട്ടിലെ ജോലികൊണ്ട് ഉപജീവനത്തിനുപോലും തികയാതെയാകും. അങ്ങനെ കടക്കെണിയിലായ ഒത്തിരി കുടുംബങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്.

കേരളത്തില്‍ ധാരാളം ജോലി സാദ്ധ്യതകളുണ്ട്. എന്നാല്‍ ഉയര്‍ന്ന വിദ്യാഭ്യാസ് യോഗ്യതയുള്ളവര്‍ സാധാരണ ജോലിചെയ്യാന്‍ വിമുഖരാണ്. അത്തരം ജോലികള്‍ ഇതരസംസ്ഥാനത്തുള്ളവര്‍ കൈയേറിക്കൊണ്ടിരിക്കുന്നു. ഇന്ന് സാധാരണ ജീവിതത്തിന് ഹിന്ദിയും അറിഞ്ഞിരിക്കണമെന്ന ഗതി വന്നിരിക്കുന്നത് അതുകൊണ്ടാണ്.

പാടവും പറമ്പും നോക്കി നല്ല ഭക്ഷണവും കഴിച്ച് ഉള്ളതുകൊണ്ട് സന്തോഷമായി ജീവിച്ച കൃഷിക്കാരന്റെ ജീവിതത്തിലേക്ക്, പ്രവാസികളുടെ ജാഡ ഒരു പരിധിവരെ ദുരന്തം വിതച്ചിട്ടില്ലെ? എവിടെയായാലും ജീവിതം സുഖദുഃഖസമ്മിശ്രമാണ് എന്ന പാഠം പ്രവാസികള്‍ക്കല്ലെ കൊടുക്കാന്‍ പറ്റുക? ധാരാളിത്തം കാട്ടി അവരുടെ സ്വസ്ഥത കൂടി നശിപ്പിക്കാതിരിക്കുന്നതല്ലെ നല്ലത്.
കടക്കെണിയിലകപ്പെട്ടുപോയവര്‍ - കൊച്ചേച്ചി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക