Image

ഗുവാഹതി സംഭവം; സ്ത്രീ സുരക്ഷ ആശങ്കയില്‍

Published on 14 July, 2012
ഗുവാഹതി സംഭവം; സ്ത്രീ സുരക്ഷ ആശങ്കയില്‍
(Madhyamam)
ഗുവാഹതി: ഗുവാഹതിയില്‍ പെണ്‍കുട്ടി ജനമധ്യത്തില്‍ 20തോളം പേരുടെ കൂട്ട അതിക്രമത്തിനിരയായ ഞെട്ടിപ്പിക്കുന്ന സംഭവം രാജ്യത്തെ സ്ത്രീകളുടെ സുരക്ഷക്കുമേല്‍ കടുത്ത ആശങ്കയുയര്‍ത്തുന്നു. സംഭവം നടന്ന് അഞ്ചു ദിവസമായിട്ടും പ്രതികളില്‍ ഭൂരിഭാഗവും പിടിക്കപ്പെട്ടിട്ടില്ല. രാജ്യത്തെ നിയമസംവിധാനങ്ങളെപോലും വെല്ലുവിളിച്ച് ഇവര്‍ വിലസുമ്പോള്‍ ഇത്തരം സംഭവങ്ങളെ എങ്ങനെ നേരിടണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് ജനം.
‘പൊലീസിന്‍െറ അതീവ ബുദ്ധിയോടെയുള്ള പ്രവര്‍ത്തനമാണ് ഇത്തരം ഘട്ടങ്ങളില്‍ വേണ്ടത്. ശരിയായ ആളുകളെ ശരിയായ സ്ഥലത്ത് വിന്യസിക്കേണ്ടതിന്‍െറയും ജനങ്ങളുടെ സഹകരണത്തിന്‍െറയും ആവശ്യമുയരുന്നു’- അണ്ണാ ഹസാരെ സംഘാംഗം കിരണ്‍ ബേദി സംഭവത്തോട് പ്രതികരിച്ചു.
നമ്മള്‍ വാര്‍ത്തകളുടെ തലക്കെട്ടുകള്‍ പിന്തുടരുന്നവര്‍ മാത്രമാവുകയാണെന്ന് ബി.ജെ.പി നേതാവ് സ്മൃതി ഇറാനി പറഞ്ഞു. ഇത്തരം തലക്കെട്ടുകളുടെ ആയുസ് വരെ മാത്രമാണ് നമ്മുടെ രോഷം. രാജ്യത്തെ തെരുവുകളില്‍ ദിനേന പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുകയും ലൈംഗികാതിക്രമത്തിനിരയാവുകയും ചെയ്യുന്നു -അവര്‍ ചൂണ്ടിക്കാട്ടി.
ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ കൊണ്ടുവരണമെന്ന് മനുഷ്യാവകാശ അഭിഭാഷകയായ വൃന്ദ ഗ്രോവര്‍ ആവശ്യപ്പെട്ടു. നിലവിലുള്ള ക്രിമിനല്‍ നിയമം ഭേദഗതി ചെയ്ത് കര്‍ശനവും കുറ്റമറ്റതുമാക്കണമെന്ന് അവര്‍ ആഭ്യന്തരമന്ത്രലായത്തോട് അഭ്യര്‍ഥിച്ചു.
സംഭവം ദേശീയ തലത്തില്‍ തന്നെ ജനരോഷം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. ഇതെത്തുടര്‍ന്ന് അസം സര്‍ക്കാര്‍ നടപടിക്ക് നിര്‍ബന്ധിതമായിരിക്കുയാണ്. സംഭവത്തെക്കുറിച്ച്അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണ സംഘത്തെ മുഖ്യമന്ത്രി തരുണ്‍ ഗാഗോയ് നിയമിച്ചു. പ്രതികള്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്ന് കേന്ദ്ര ആഭ്യന്തരമരന്തി ചിദംബരവും സംസ്ഥാനത്തോട് നിര്‍ദേശിച്ചു.
പ്രതികളുടെ പടങ്ങള്‍ പലയിടങ്ങളിലും ഹോള്‍ഡിങ്ങുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിക്രമങ്ങള്‍ അവിടെ ഉണ്ടായിരുന്ന ന്യൂസ്ലൈവ് ചാനലിന്‍െറ കാമറാമാന്‍ പകര്‍ത്തിയിരുന്നു. ഇത് ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇത്തരമൊരുസംഭവം നടക്കുമ്പോള്‍ തടയാന്‍ ശ്രമിക്കാതെ കാമറയില്‍ പകര്‍ത്തിയതിനെതിരെ ധാര്‍മികരോഷം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, മാധ്യമപ്രവര്‍ത്തകന്‍ തന്‍െറ കാമറ പിന്‍വലിച്ചിരുന്നുവെങ്കില്‍ പ്രതികളെക്കുറിച്ച് യാതൊരു സൂചനയുമുണ്ടാവില്ലായിരുന്നില്ലെന്നും തങ്ങള്‍ ചെയ്തത് പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും ചാനലിന്‍െറ എം.ഡി സയ്യിദ് സാരിര്‍ ഹുസൈന്‍ പറഞ്ഞു. ഉടന്‍ തന്നെ ഇവര്‍ പൊലീസിനെ അറിയിച്ചുവെന്നും ചാനല്‍പ്രവര്‍ത്തകനെ ഇക്കാര്യത്തില്‍ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തടിച്ചുകൂടിയ നിരവധിപേര്‍ മൊബൈലില്‍ പെണ്‍കുട്ടിയെ ആക്രമിക്കുന്ന രംഗം പകര്‍ത്തുന്നുണ്ടായിരുന്നു. ബാറും റെസ്റ്റോറന്‍റുമടങ്ങുന്ന ഹോട്ടലില്‍ സുഹൃത്തുമൊത്ത് ജന്മദിനാഘോഷ പരിപാടി നടത്തുന്നതിനിടെ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് അധികൃതര്‍ അവരോട് സ്ഥലംകാലിയാക്കാന്‍ ആവശ്യപ്പെട്ടുവെന്നും പുറത്തുവന്ന ഇവരെ അവിടെയുണ്ടായിരുന്ന സംഘം കമന്‍റടിക്കുകയും പെണ്‍കുട്ടിയെ കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്നും ആസാം ഡി.ജി.പി ജയന്ത എന്‍. ചൗദധരി പറഞ്ഞു.
ഗുവാഹതി സംഭവം; സ്ത്രീ സുരക്ഷ ആശങ്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക