Image

ഗുവാഹാട്ടി സംഭവം: ആസൂത്രകന്‍ മാധ്യമപ്രവര്‍ത്തകനെന്ന് ആരോപണം

Published on 14 July, 2012
ഗുവാഹാട്ടി സംഭവം: ആസൂത്രകന്‍ മാധ്യമപ്രവര്‍ത്തകനെന്ന് ആരോപണം
ഗുവാഹാട്ടി:ഗുവാഹാട്ടിയില്‍ കൗമാരക്കാരിയെ അപമാനിച്ച സംഭവം ദൃശ്യങ്ങള്‍പുറത്തുവിട്ട വാര്‍ത്താചാനലിന്റെ ലേഖകന്‍ ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി വിവരാവകാശ പ്രവര്‍ത്തകന്‍ രംഗത്ത്. അതിനിടെ നാല്‍പ്പതോളം പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതെന്ന് ദൃക്‌സാക്ഷി വെളിപ്പെടുത്തി. പോലീസെത്തി പെണ്‍കുട്ടിയെ ജീപ്പില്‍ കയറ്റിയ ശേഷവും ആക്രമണമുണ്ടായെന്നും ദൃക്‌സാക്ഷി പറഞ്ഞു. 

സംഭവം കൈകാര്യം ചെയ്തതില്‍ പോലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായി അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് സമ്മതിച്ചു. പെണ്‍കുട്ടിയെ അപമാനിച്ച യുവാക്കളെ 48 മണിക്കൂറിനകം പിടികൂടണമെന്ന് പോലീസിന് അന്ത്യശാസനം നല്‍കിയതായി അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് മുഖ്യമന്ത്രി പോലീസിന് അന്ത്യശാസനം നല്‍കിയത്. സംഭവം അന്വേഷിക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ സംഘം ഗുവാഹാട്ടിയിലെത്തി. 

തിങ്കളാഴ്ച രാത്രിയാണ് ഗുവാഹാട്ടിയിലെ ക്രിസ്ത്യന്‍ബസ്തി പ്രദേശത്തെ ബാറിന് വെളിയില്‍ 17 വയസ്സുള്ള പെണ്‍കുട്ടി അപമാനിക്കപ്പെട്ടത്. പെണ്‍കുട്ടിക്ക് ചുറ്റും കൂടിയ ഒരു സംഘം യുവാക്കള്‍ വസ്ത്രം ഉരിയുകയും മര്‍ദിക്കുകയും ചെയ്തു. തിരക്കേറിയ റോഡിലായിരുന്നു സംഭവം. പ്രാദേശിക ചാനല്‍ ലേഖകന്‍ ഷൂട്ട് ചെയ്ത ഇതിന്റെ ദൃശ്യങ്ങള്‍ യുട്യൂബ് വഴി പ്രചരിച്ചതോടെ സംഭവം രാജ്യശ്രദ്ധ നേടി. 

സംഭവം ക്യാമറയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനാണ് ഇത് ആസൂത്രണം ചെയ്തതെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ അഖില്‍ ഗൊഗോയ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഇദ്ദേഹത്തിന്റെ സുഹൃത്തായ മാധ്യമപ്രവര്‍ത്തകനാണ് ഈ വിവരം നല്‍കിയതെന്നും ഗൊഗോയ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് ചാനല്‍ സംപ്രേഷണം ചെയ്തത്. ഇതിന്റെ പൂര്‍ണരൂപം ലേഖകന്റെ കൈയിലുണ്ട്. യഥാര്‍ഥ പതിപ്പെന്ന് പറഞ്ഞ് ചില ദൃശ്യങ്ങള്‍ ഗൊഗോയ് പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

എന്നാല്‍, ഗൊഗോയിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ചാനലിന്റെ എഡിറ്റര്‍ സയിദ് സഹീര്‍ ഹുസൈന്‍ പറഞ്ഞു. ചാനല്‍ ലേഖകന്‍ യാദൃച്ഛികമായി സംഭവസ്ഥലത്തുണ്ടായിരുന്നു. അദ്ദേഹം ക്യമാറാമാനെ വിളിച്ച് അവിടേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇരുവരും ചേര്‍ന്ന് സംഭവം പകര്‍ത്തി. അപമാനത്തിനിരയായ പെണ്‍കുട്ടിയെ രക്ഷിക്കാനും വിവരം പോലീസില്‍ അറിയിക്കാനും ഇരുവരും ശ്രമിച്ചു  ഹുസൈന്‍ അവകാശപ്പെട്ടു. 

സംഭവസ്ഥലത്തിന് അടുത്തായതിനാലാണ് ചാനല്‍ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തതെന്നും തത്സമയം സംപ്രേഷണം ചെയ്യാതെ പിറ്റേന്നാണ് പുറത്തുവിട്ടതെന്നും ചാനല്‍ വക്താവ് പറഞ്ഞു.

പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ചാനല്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെന്ന് സ്ഥാപിക്കാന്‍ പുതിയ ദൃശ്യങ്ങള്‍ ചാനല്‍ ശനിയാഴ്ച പുറത്തുവിട്ടു. ആള്‍ക്കൂട്ടത്തോട്, രണ്ടുപേര്‍ നിര്‍ത്തൂ എന്നും ഒറ്റയ്ക്ക് പോകരുത്, പോലീസ് ഉടന്‍വരും, അവര്‍ക്കൊപ്പം പോകൂ എന്നും പെണ്‍കുട്ടിയോട് പറയുന്ന ശബ്ദമുള്‍പ്പെട്ടതാണ് പുതിയ വീഡിയോ.

അതേസമയം, ഗൊഗോയ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചതും യഥാര്‍ഥ പതിപ്പല്ല. വീഡിയോ ദൃശ്യത്തില്‍ കൃത്രിമം നടന്നിട്ടുണ്ട്. അതിനാല്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് അസമിലെ ഇലക്‌ട്രോണിക് മീഡിയ ഫോറം അസോസിയേഷന്‍ അധ്യക്ഷന്‍ നവ ഠാകുരിയ പറഞ്ഞു.

നാല്‍പ്പതോളം പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ അപമാനിച്ചതെന്നും അവരില്‍ നിന്ന് കുട്ടിയെ രക്ഷിച്ചത് താനാണെന്നും ദൃക്‌സാക്ഷിയും പ്രാദേശിക ദിനപ്പത്രത്തിന്റെ പത്രാധിപരുമായ മുകുള്‍ കാലിത പറഞ്ഞു. സംഭവം നടന്ന് 15 മിനിറ്റിന് ശേഷമാണ് കാലിത സ്ഥലത്തെത്തിയത്. രക്ഷിക്കൂ എന്ന് കരഞ്ഞുകൊണ്ട് പെണ്‍കുട്ടി ഓടിവന്ന് കാലില്‍ വീണു. കുട്ടി അര്‍ധനഗ്‌നയായ നിലയിലായിരുന്നു. നാല്‍പ്പതോളം പേര്‍ പിന്നാലെ ഓടി വരുന്നുണ്ടായിരുന്നു  കാലിത പറഞ്ഞു. 

സംഭവത്തിലുള്‍പ്പെട്ട നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി എമിലി ചൗധരിയുടെ കീഴില്‍ ഏകാംഗ കമ്മീഷനെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. 

പെണ്‍കുട്ടിയെ അപമാനിച്ച സംഭവം അപമാനകരവും വെറുപ്പുളവാക്കുന്നതുമാണെന്ന് കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ അപമാനിക്കുന്നത് തടയാന്‍ കടുത്ത നിയമം കൊണ്ടുവരുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക