Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തും

Published on 14 July, 2012
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തും
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥി ഹമീദ് അന്‍സാരിക്കെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ബിജെപി തീരുമാനിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ നിധിന്‍ ഗഡ്കരിയുടെ വസതിയില്‍ ഇന്ന് ചേര്‍ന്ന യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ എന്‍ഡിഎ കക്ഷികളുടെ യോഗം ജൂലൈ 16-ന് ചേരുമെന്ന് ബിജെപി നേതാവ് ആനന്ദ് കുമാര്‍ പറഞ്ഞു. 

എന്നാല്‍ സ്ഥാനാര്‍ഥിയുടെ കാര്യം ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തില്ല. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ജസ്വന്ത് സിംഗിനെയാണ് പാര്‍ട്ടി പരിഗണിക്കുന്നതെന്ന് സൂചനയുണ്ട്. എന്‍ഡിഎ യോഗത്തിന് ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കൂ. 

യുപിഎയുമായി ഇടഞ്ഞ് നില്‍ക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയും ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. യുപിഎ സ്ഥാനാര്‍ഥി ഹമീദ് അന്‍സാരിക്ക് പിന്തുണ നല്‍കുമോ എന്ന കാര്യത്തില്‍ രണ്‌ടോ മൂന്നോ ദിവസത്തിനകം തീരുമാനം എടുക്കുമെന്നാണ് മമത ഇന്ന് പ്രധാനമന്ത്രിയെ അറിയിച്ചിരിക്കുന്നത്. തൃണമൂല്‍ പിന്തുണ കൂടി ലഭിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക