Image

സമ്പദ് വളര്‍ച്ച പൊതുതെരഞ്ഞെടുപ്പിനു ശേഷമെന്നു സ്റ്റാന്‍ ചാര്‍ട്ട്

Published on 14 July, 2012
സമ്പദ് വളര്‍ച്ച പൊതുതെരഞ്ഞെടുപ്പിനു ശേഷമെന്നു സ്റ്റാന്‍ ചാര്‍ട്ട്
മുംബൈ: ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ച ഇനി ഒമ്പതുശതമാനത്തിലേക്കു തിരികെ എത്തണമെങ്കില്‍ പൊതുതെരഞ്ഞെടുപ്പു കഴിയണമെന്നു ആഗോള ബാങ്കായ സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേര്‍ഡിന്റെ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതുവരെ ആറുശതമാനത്തില്‍ താഴെ മാത്രമായിരിക്കും വളര്‍ച്ചാനിരക്ക്. ദക്ഷിണേന്ത്യയിലെ 125 കോര്‍പറേറ്റ് പങ്കാളികള്‍ക്കിടയിലാണു സ്റ്റാന്‍ ചാര്‍ട്ട് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 72% സ്ഥാപനങ്ങളും വളര്‍ച്ചാനിരക്ക് ആറുശതമാനത്തില്‍ താഴെയായിരിക്കുമെന്നാണു പറഞ്ഞത്. 20% സ്ഥാപനങ്ങള്‍ അഞ്ചു ശതമാനത്തില്‍ താഴെയാണു പ്രതീക്ഷിക്കുന്നത്.

2009 ലാണു രാജ്യം ഒമ്പതുശതമാനം വളര്‍ച്ചാനിരക്ക് നേടിയത്. 2016നു മുമ്പ് ഇതേ നിരക്കിലേക്കു തിരികെ എത്തുമെന്ന് 86% പേര്‍ അഭിപ്രായപ്പെട്ടു. 80% പേര്‍ 2014 നും 2016നും ഇടയ്ക്ക് ഈ വളര്‍ച്ച പ്രതീക്ഷിക്കുന്നു. 2014 ല്‍ നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പിനു ശേഷം രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ മാറുമെന്നും അതു കൂടുതല്‍ വളര്‍ച്ചയ്ക്കു വഴിതെളിക്കുമെന്നും സ്റ്റാന്‍ ചാര്‍ട്ട് പറയുന്നു.

ഈ സാമ്പത്തികവര്‍ഷം 7.6% വളര്‍ച്ചാനിരക്കാണു കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ സര്‍വേ റിപ്പോര്‍ട്ടില്‍ 6.2% ആണ് പ്രതീക്ഷ. വിദേശ വ്യാപാരത്തിലുണ്ടായിരിക്കുന്ന മാന്ദ്യം കറന്റ് അക്കൗണ്ട് കമ്മി വര്‍ധിക്കാനിടയാക്കിയിട്ടുണ്ട്. റിസര്‍വ്ബാങ്കിന്റെ അടുത്ത അവലോകന യോഗത്തില്‍ അരശതമാനം പലിശ കുറയ്ക്കുമെന്നു 66% പേര്‍ പ്രതീക്ഷിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക