Image

തോരാത്ത കണ്ണീരില്‍ അന്ത്യയാത്രാമൊഴി

Published on 14 July, 2012
തോരാത്ത കണ്ണീരില്‍ അന്ത്യയാത്രാമൊഴി
തൊടുപുഴ: അച്ഛനും അമ്മയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ആകസ്മിക വേര്‍പാടില്‍ വിറങ്ങലിച്ചുപോയ നാടിന്റെ തോരാത്ത കണ്ണീരില്‍ നാല്‍വര്‍ക്കും അന്ത്യയാത്രാമൊഴി. ഇടുക്കി പഴയരിക്കണ്ടത്തു നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്കു മറിഞ്ഞു മരിച്ച മുട്ടം ശങ്കരപ്പിള്ളി പൊന്തന്‍ വീട്ടില്‍ മ്ലാ ക്കുഴിയില്‍ പരേതനായ മൈക്കിളിന്റെ മകന്‍ ബിജു (40), ഭാര്യ ബിന്ദു( 35), മക്കളായ ആന്‍ജോ മൈക്കിള്‍ ബിജു ( ഒമ്പത്), അക്‌സ ഫിലോ ബിജു (ഏഴ്)എന്നിവരെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മുട്ടം സിബിഗിരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ കുടുംബക്കല്ലറയില്‍ ഒരുമിച്ചു സംസ് കരിച്ചു. ദേവാലയത്തില്‍ നടന്ന പ്രാര്‍ഥനാശുശ്രൂഷയ്ക്കു പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നല്കി. 

പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കുകാണാന്‍ ജനം അണമുറിയാതെ മ്ലാക്കുഴി തറവാട്ടു വീട്ടിലേക്ക് ഒഴുകിയെത്തി. വീട്ടുമുറ്റത്ത് അടുത്തടുത്തായി കിടത്തിയിരുന്ന മാതാപിതാക്കളെയും മക്കളെയും കണ്ടു പലരും മുഖംപൊത്തിക്കരഞ്ഞു. 

വേദന കടിച്ചമര്‍ത്തി ബിജുവിന്റെ മാതാവ് ഫിലോമിന മക്കളുടെ മൃതദേഹത്തിനരികില്‍നിന്നു മാറിയതേയില്ല. വാവിട്ടു നിലവിളിച്ചാണ് ബന്ധുക്കളും സഹപാഠികളും അധ്യാപകരും സുഹൃത്തുക്കളും മൃതദേഹത്തിനരികെ എത്തിയത്. വീട്ടില്‍ നടന്ന സംസ്‌കാരശുശ്രൂഷയ്ക്കു ബിന്ദുവിന്റെ ബന്ധു ഫാ. തോമസ് കുളമാക്കല്‍ കാര്‍മിക ത്വം വഹിച്ചു. മുട്ടം സിബിഗിരി പ ള്ളി മുന്‍വികാരി ഫാ. ജോര്‍ജ് പുതിയപ്പറമ്പില്‍ അനുശോച നസന്ദേശം നല്‍കി. നാല് ആംബുലന്‍സുകളിലാണ് മൃതദേഹങ്ങള്‍ പള്ളിയിലേക്ക് സംവഹിച്ചത്. ആദ്യം ബിജുവിന്റെയും പിന്നാലെ ബിന്ദുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ ദേവാലയത്തിലേക്കു കൊണ്ടുവന്നു. തുടര്‍ന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കാര്‍മികത്വത്തില്‍ പ്രാര്‍ഥനാ ശുശ്രൂഷകള്‍ ആരംഭിച്ചു.

ആന്‍ജോയും അക്‌സയും രൂപതയുടെ പ്രിയപ്പെട്ട മക്കളായിരുന്നുവെന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് ചൂരക്കാട്ട്, ഇടുക്കി രൂപത വികാരി ജനറാള്‍ മോണ്‍. മാത്യു തൊട്ടിയില്‍, വികാരി ഫാ. സെബാസ്റ്റ്യന്‍ എട്ടുപറയില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. 

പാലാ, കാഞ്ഞിരപ്പള്ളി, ഇടുക്കി, കോതമംഗലം രൂപതകളിലെ വൈദികരും സന്യസ്തരുമടങ്ങുന്ന വന്‍ജനാവലി അന്ത്യശുശ്രൂഷകള്‍ക്കെത്തിയിരുന്നു. പരേതരോടുള്ള ആദരസൂചകമായി ഉച്ചമുതല്‍ വൈകുന്നേരം വരെ മുട്ടത്തു കടകള്‍ അടച്ചു വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു. 

തോരാത്ത കണ്ണീരില്‍ അന്ത്യയാത്രാമൊഴി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക