Image

വി. ഗോപാലഭാഗവതര്‍ അന്തരിച്ചു

Published on 14 July, 2012
വി. ഗോപാലഭാഗവതര്‍ അന്തരിച്ചു
തൃശൂര്‍: പ്രശസ്ത കര്‍ണാട്ടിക് സംഗീതജ്ഞന്‍ വി. ഗോപാലഭാഗവതര്‍(87) അന്തരിച്ചു. 1925 ഡിസംബര്‍ അഞ്ചിന് പുഷ്പഗിരി അഗ്രഹാരത്തില്‍, തൃശൂര്‍ നഗരസഭാംഗവും വ്യാപാരപ്രമുഖനുമായിരുന്ന എന്‍.എസ്. വൈദ്യനാഥയ്യരുടെയും ജാനകി അമ്മാളുടെയും പുത്രനായാണ് ജനനം. അമ്മയാണ് ആദ്യ ഗുരു. തുടര്‍ന്ന്, സംഗീതപ്രതിഭ അയിലൂര്‍ അഖിലേശ്വര ഭാഗവതരുടെ ശിഷ്യത്വം സ്വീകരിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പാസായി. 1957ല്‍ ഗുരുകുല സമ്പ്രദായത്തില്‍ സംഗീതപഠനത്തിനായി തൃശിനാപ്പിള്ളിയിലെ ആഗോള പ്രശസ്തനായ എം.കെ. കല്യാണകൃഷ്ണ ഭാഗവതരുടെ ശിഷ്യത്വം സ്വീകരിച്ചു. 

മദ്രാസ് സര്‍ക്കാരിന്റെ സംഗീതബിരുദം നേടി നഗരത്തില്‍ തിരിച്ചെത്തിയ ഭാഗവതര്‍ സംഗീതവേദികളില്‍ നിറസാന്നിധ്യമായി. 1960ല്‍ പ്രവര്‍ത്തനമാരംഭിച്ച ശ്രീത്യാഗബ്രഹ്മ സംഗീതസഭയുടെ സ്ഥാപകരില്‍ പ്രമുഖനും ഏറെക്കാലം സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു. സംഗീതത്തോടൊപ്പം സാമൂഹ്യസേവനരംഗത്തും സജീവമായി. 

കേരള ബ്രാഹ്മണസഭ ടൗണ്‍ യൂണിറ്റ് വൈസ് പ്രസിഡന്റായ ഭാഗവതര്‍ പുഷ്പഗിരി ബ്രാഹ്മണ സമൂഹം മുന്‍ പ്രസിഡന്റ്, ബ്രാഹ്മണ സമാജം മുന്‍ ഡയറക്ടര്‍, നടന നികേതനം സംഗീത വിദ്യാലയത്തിലെ സംഗീതവിഭാഗം മേധാവി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രദീപ് സോമസുന്ദരം അടക്കം നിരവധി ശിഷ്യഗണങ്ങളുണ്ട്. 

മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, മേയര്‍ ഐ.പി. പോള്‍ തുടങ്ങി നിരവധിപ്പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. സംസ്‌കാരം പൂങ്കുന്നം ബ്രാഹ്മണ ശ്മശാനത്തില്‍ നടത്തി.

ടി.എസ്. വിജയലക്ഷ്മിയാണു ഭാര്യ. മക്കള്‍: ജി. ബാലസുബ്രഹ്മണ്യന്‍ (ഹിന്ദുസ്ഥാന്‍ ലിവര്‍, മുംബൈ), ജി. ജാനകി, ജി. സീതാലക്ഷ്മി, ജി. പത്മ, ജി. സീതാരാമന്‍ (കല്യാണ്‍ ജുവലേഴ്‌സ്, തൃശൂര്‍), മരുമക്കള്‍: ഉമ, വെങ്കിടാചലം, പത്മനാഭന്‍, കുമാര്‍, സീതാലക്ഷ്മി.

വി. ഗോപാലഭാഗവതര്‍ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക