Image

സസ്യശാസ്ത്രത്തില്‍ മലയാളി ഗവേഷകര്‍ക്ക് ആഗോള അംഗീകാരം

Published on 14 July, 2012
സസ്യശാസ്ത്രത്തില്‍ മലയാളി ഗവേഷകര്‍ക്ക് ആഗോള അംഗീകാരം
കോട്ടയം: സസ്യവര്‍ഗീകരണത്തിലും അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലും ദേശീയ നേട്ടങ്ങള്‍ സ്വന്തമാക്കുകയാണു ചങ്ങനാശേരി എസ്ബി കോളജിലെ ബോട്ടണി വിഭാഗം തലവന്‍ ഡോ. വി.ടി. ആന്റണിയും അദ്ദേഹത്തിന്റെ കീഴിലുള്ള ഗവേഷണവിദ്യാര്‍ഥികളും. വ്യത്യസ്ത സസ്യകുടുംബങ്ങളെപ്പറ്റി ഗവേഷണം നടത്തി അതിനു ജീന്‍ബാങ്ക് പോലുള്ള ആധികാരിക കേന്ദ്രങ്ങളില്‍നിന്ന് അംഗീകാരം നേടുകയാണ് ഈ ഗവേഷക വിഭാഗം. ഡോ. വി.ടി. ആന്റണിക്കൊപ്പമുള്ള ഗവേഷകരായ ആലപ്പുഴ എസ്ഡി കോളജിലെ അധ്യാപകന്‍ ടി. സുനില്‍കുമാര്‍, ഫാ. ജോസഫ് മണ്ണാപറമ്പില്‍ സിഎംഐ എന്നിവരുടെ പഠനങ്ങള്‍ ജീന്‍ ബാങ്കില്‍ അംഗീകാരം നേടി. 

പെരുകിലം എന്ന സസ്യത്തിന്റെ ജനിതക ഘടനാടിസ്ഥാനത്തിലുള്ള പഠനമാണു സുനില്‍കുമാറിന്റെ സംഭാവന. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ലീ, ഐറീഷ് എന്നിവര്‍ മാത്രമാണു പെരികിലത്തിന്റെ ഗവേഷണത്തില്‍ ജീന്‍ ബാങ്കില്‍ സ്ഥാനം നേടിയിരിക്കുന്നത്. പ്രസവാനന്തര ചികിത്സ, ത്വക്ക് രോഗം, അര്‍ശസ് എന്നിവയ്ക്കു പെരികിലം ഔഷധമാണ്.

തീരപ്രദേശങ്ങളില്‍ കാണുന്ന കിഴങ്ങുചെടിയായ ഐപോമിയ പെസ്‌കാപ്രയെപ്പറ്റിയാണ് ഫാ. ജോസഫ് മണ്ണാംപറമ്പില്‍ ഗവേഷണം നടത്തി ജീന്‍ ബാങ്കില്‍ ഇടം നേടിയത്. അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളി ഇന്‍ഫര്‍മേഷന്റെ ജീന്‍ ബാങ്ക് വെബ് സൈറ്റില്‍ മൂവരുടെയും പേരുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 

ഡോ. വി. ടി. ആന്റണി വിവിധ സര്‍വകലാശാലകളിലെ 15 ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ഗൈഡായി സേവനമനുഷ്ഠിക്കുന്നു. കോട്ടയം ജില്ലയിലെ എല്ലാ സസ്യങ്ങളുടെയും പേരുകള്‍ അടങ്ങിയ ഒരു ഗ്രന്ഥം ഡോ.വി.ടി. ആന്റണി രചിച്ചിട്ടുണ്ട്. സസ്യശാസ്ത്രത്തോടുള്ള ബന്ധത്തില്‍ ഇദ്ദേഹം മകള്‍ക്ക് ഫ്‌ളോറ എന്നാണ് പേരു നല്‍കിയത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക