Image

ഫോണ്‍ ഇല്ലാത്ത വീട്ടമ്മയുടെ പേരില്‍ 25 കണക്ഷനുകള്‍

Published on 14 July, 2012
ഫോണ്‍ ഇല്ലാത്ത വീട്ടമ്മയുടെ പേരില്‍ 25 കണക്ഷനുകള്‍
മരട്: മത്സ്യവില്പനക്കാരിയായ വീട്ടമ്മയുടെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഉപയോഗിച്ച് 25 വ്യാജ മൊബൈല്‍ സിം കാര്‍ഡുകള്‍ വിതരണം ചെയ്തതായി കണെ്ടത്തല്‍. പനങ്ങാട് നടുത്തുരുത്തി സ്വദേശിനി ജഗത ഗോപി (43) യുടെ വോട്ടര്‍ ഐഡി കാര്‍ഡ് ഉപയോഗിച്ചാണ് ഇത്രയധികം സിംകാര്‍ഡുകള്‍ സ്വകാര്യ മൊബൈല്‍ കമ്പനികളില്‍നിന്നു പലരായി കൈവശപ്പെടുത്തിയത്. വ്യാജ വിലാസങ്ങളില്‍ മൊബൈല്‍ കണക്ഷനുകള്‍ കൈവശപ്പെടുത്തുന്നതു വ്യാപകമാവുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ടെലികോം എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിലാണു സംഭവം പുറത്തുവന്നത്.

എറണാകുളം ഭാഗത്തു വിവിധ കമ്പനികളുടെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ രേഖകള്‍ പരിശോധിച്ചപ്പോഴാണു ജഗതയുടെ പേരില്‍ സ്വകാര്യ ടെലികോം കമ്പനി 25 സിം കാര്‍ഡുകള്‍ വിതരണം ചെയ്തതായി കണെ്ടത്തിയത്. ഇതേത്തുടര്‍ന്ന് ഇവരെ നോട്ടീസ് നല്കി വിളിച്ചുവരുത്തുകയായിരുന്നു. ഒരു മൊബൈല്‍ സിം കാര്‍ഡ് പോലും സ്വന്തം പേരിലില്ലെന്ന് അവര്‍ അധികൃതരെ അറിയിക്കുകയും എഴുതി നല്കുകയും ചെയ്തു. തുടര്‍ന്നാണു തന്റെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചു നിരവധി പേര്‍ മൊബൈല്‍ കണക്ഷനുകള്‍ കൈവശപ്പെടുത്തിയിരിക്കുന്നുവെന്ന് അധികൃതരില്‍നിന്ന് അറിഞ്ഞത്. ഇതേത്തുടര്‍ന്ന് അന്വേഷണനടപടികള്‍ ആവശ്യപ്പെട്ടു ജഗത പനങ്ങാട് പോലീസില്‍ പരാതി നല്കുകയായിരുന്നു. 

വീട്ടമ്മയുടെ പരാതിയുടെയും എന്‍ഫോഴ്‌സമെന്റ്് ഉദ്യോഗസ്ഥരുടെ കൈവശമുള്ള രേഖകളുടെയും അടിസ്ഥാനത്തില്‍ വ്യാജ സിംകാര്‍ഡുകള്‍ കൈവശപ്പെടുത്തിയ സംഭവത്തില്‍ പനങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വീട്ടമ്മയുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചു തരപ്പെടുത്തിയ മൊബൈല്‍ നമ്പറുകളില്‍ പലതും ഇപ്പോള്‍ ഉപയോഗത്തിലില്ലെന്നു പോലീസിന്റെ പരിശോധനയില്‍ വ്യക്തമായി. നമ്പരുകളിലൊന്നു കൊല്ലം കടയ്ക്കാവൂരുള്ള ഒരു സ്ത്രീയുടേതാണ്. കൂടുതല്‍ അന്വേഷണത്തിനായി കേസ് കൊച്ചിയിലെ സൈബര്‍ സെല്‍ ഏറ്റെടുത്തിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക