Image

പി. മോഹനന്‍ ഫോണ്‍വിളി നടത്താത്തതും തെളിവാകും

Published on 14 July, 2012
പി. മോഹനന്‍ ഫോണ്‍വിളി നടത്താത്തതും തെളിവാകും
കോഴിക്കോട്:ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ അറസ്റ്റിലായ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. മോഹനന്‍, ടിപി കൊല്ലപ്പെട്ട രാത്രി അധികം ഫോണ്‍ വിളികള്‍ നടത്താത്തതും അന്വേഷകര്‍ക്ക് തെളിവാകും. ടിപി വധത്തില്‍ പങ്കില്ലെന്ന് അന്വേഷകര്‍ തിരിച്ചറിഞ്ഞ നേതാക്കള്‍ രാത്രി അന്‍പതിലധികം കോളുകള്‍ നടത്തിയപ്പോള്‍ മോഹനന്‍ വിളിച്ചത് അഞ്ചോ ആറോ പേരെ മാത്രം. പാര്‍ട്ടി പ്രവര്‍ത്തകര്‍ അടക്കമുള്ള ചിലരുടെ ഫോണ്‍ വിളികള്‍ അറ്റന്‍ഡ് ചെയ്തുമില്ല. 

രാത്രി പതിനൊന്നോടെയാണ് ആദ്യ കോള്‍ മോഹനന്റെ മൊബൈല്‍ ഫോണിലേക്ക് വന്നത്. ടിപി കൊല്ലപ്പെട്ടു എന്ന് അറിയിക്കാനായിരുന്നു ഈ കോള്‍. പിന്നീടു വന്ന മിക്ക കോളുകളും മോഹനന്‍ അറ്റന്‍ഡ് ചെയ്തില്ലെന്നു മാത്രമല്ല പുറത്തേക്കു വിളിക്കാതിരിക്കാനും ശ്രദ്ധിച്ചു. അന്വേഷകര്‍ ഇക്കാര്യം ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ മോഹനന്‍ തയാറായില്ല. ചോദ്യം ചെയ്യലില്‍ മോഹനന്‍ കാര്യമായ വെളിപ്പെടുത്തലുകള്‍ നടത്തിയില്ലെങ്കിലും ഇയാള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷകര്‍ പറയുന്നത്. വധ ഗൂഢാലോചനയില്‍ പങ്കുള്ള കൂടുതല്‍ നേതാക്കളുടെ വിവരങ്ങള്‍ മോഹനന്‍ ബോധപൂര്‍വം മറച്ചു വയ്ക്കുകയാണെന്നു സംശയവുമുണ്ട്. 

മോഹനനെ അറസ്റ്റ് ചെയ്ത ദിവസം മുതല്‍ പാര്‍ട്ടി നേതാക്കള്‍ നടത്തിയ സമ്മര്‍ദ നീക്കങ്ങളെക്കുറിച്ചു അന്വേഷണ സംഘം കുറ്റപത്രത്തില്‍ പരാമര്‍ശിക്കും. കുറ്റപത്രം തയാറാക്കുന്ന പ്രവൃത്തി രണ്ടാഴ്ച മുന്‍പു തന്നെ ആരംഭിച്ചിരുന്നു. അറസ്റ്റിലായവരുടെ പങ്കിന്റെ അടിസ്ഥാനത്തില്‍ പ്രതിപ്പട്ടികയില്‍ മാറ്റം വരുത്തും. കൂടുതല്‍ പേര്‍ അറസ്റ്റിലാകാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് അന്വേഷണ സംഘത്തലവന്‍ എഡിജിപി വിന്‍സന്‍ എം. പോളിന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരുന്നുണ്ട്. 

അന്വേഷണ സംഘാംഗങ്ങളെല്ലാം യോഗത്തില്‍ പങ്കെടുക്കും. അതേസമയം, ടിപി കൊല്ലപ്പെട്ട ദിവസം ചൊക്ലിയില്‍ വച്ച് കൊടി സുനിയും സംഘവും വാള്‍ കാട്ടി ഭീഷണിപ്പെടുത്തിയതായി സന്തോഷ് പൊയിലൂര്‍, രാജീവന്‍ വിളക്കോട്ടൂര്‍, കെ.സി. രമേശന്‍ എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കി. അന്നു തന്നെ പാനൂര്‍ സിഐയെ മൂവരും ഇക്കാര്യം അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക