Image

ലാലിന് പിന്നാലേ മമ്മൂക്കയും ചാനല്‍ റിപ്പോര്‍ട്ടറാകുന്നു

Published on 15 July, 2012
ലാലിന് പിന്നാലേ മമ്മൂക്കയും ചാനല്‍ റിപ്പോര്‍ട്ടറാകുന്നു
ലാലിന് പിന്നാലേ മമ്മൂക്കയും ചാനല്‍ റിപ്പോര്‍ട്ടറാകുന്നു. ദീപന്‍ സംവിധാനം ചെയ്യുന്ന 'ന്യൂസ്‌മേക്കറി'ലാണ് മമ്മൂട്ടി ചാനല്‍ റിപ്പോര്‍ട്ടറായി വേഷമിടുന്നത്. ഗുജറാത്തുകാരിയായ നികേഷാ പട്ടേലാണ് നായിക. ദ്രുതഗതിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രം ഓണത്തിന് പ്രദര്‍ശനത്തിനെത്തിക്കാനാണ് അണിയറക്കാരുടെ ശ്രമമെന്നറിയുന്നു. ജോഷി സംവിധാനം ചെയ്യുന്ന 'റണ്‍ ബേബി റണ്ണി'ല്‍ മോഹന്‍ലാലും ചാനല്‍ റിപ്പോര്‍ട്ടറുടെ വേഷത്തിലാണ്. ഓണത്തിനാവും ഈ ചിത്രവും തിയേറ്ററുകളിലെത്തുക. 

അടുത്തിടെയായി മമ്മൂട്ടി ചിത്രങ്ങള്‍ക്ക് പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല. അതിനാല്‍ 'ന്യൂസ് മേക്കറി'നു വേണ്ടി ഏറെ കരുതലോടെയാണ് മമ്മൂട്ടിയും ദീപനും നീങ്ങുന്നതെന്നാണ് വിവരം. 'ന്യൂസ്‌മേക്കറു'ടെ കഥ കേട്ട മമ്മൂട്ടി തന്റേതായ ചില തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുകയും അതനുസരിച്ച് തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2010 ല്‍ എസ്.ജെ.സൂര്യ സംവിധാനം ചെയ്ത 'പുലി'യെന്ന തെലുങ്കു ചിത്രത്തില്‍ പവന്‍ കല്ല്യാണിന്റെ നായികയായഭിനയിച്ചുകൊണ്ടാണ് നികേഷ അഭിനയരംഗത്ത് ഹരിശ്രീ കുറിക്കുന്നത്. തെലുങ്ക് കൂടാതെ കന്നഡയിലും തമിഴിലും നികേഷ തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. പൃഥ്വിരാജിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന 'മുംബൈ പോലീസി'ലും നികേഷയെയാണ് നായികയായി കരാര്‍ ചെയ്തിട്ടുള്ളതെന്ന് കേള്‍ക്കുന്നു. ഗുജറാത്തുകാരായ മാതാപിതാക്കളുടെ മകളായി ബ്രിട്ടനില്‍ ജനിച്ച നികേഷ മികച്ച മോഡലും കൂടിയാണ്. 

നേരത്തെ പൃഥ്വിരാജിനെ നായകനാക്കി 'പുതിയ മുഖം', 'ഹീറോ' എന്നീ ചിത്രങ്ങളൊരുക്കിയിട്ടുള്ള സംവിധായകനാണ് ദീപന്‍. ഷാജി കൈലാസിന്റെ അസിസ്റ്റന്റായിരുന്ന ദീപന്റെ ആദ്യ സംവിധാനസംരംഭമായ 'പുതിയ മുഖം' വിജയം നേടിയപ്പോള്‍ 'ഹീറോ' വന്‍ ബോക്‌സ് ഓഫീസ് പരാജയമാണ് ഏറ്റുവാങ്ങിയത്. 

മമ്മൂട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റും മേക്കപ്പ്മാനുമായ ജോര്‍ജ്ജാണ് സില്‍സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ ന്യൂസ്‌മേക്കര്‍ നിര്‍മ്മിക്കുന്നത്. മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് രതീഷ് വേഗയുടേതാണ് സംഗീതസംവിധാനം. വിനോദ് ഗുരുവായൂരിന്റേതാണ് തിരക്കഥ.

ലാലിന് പിന്നാലേ മമ്മൂക്കയും ചാനല്‍ റിപ്പോര്‍ട്ടറാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക