Image

'എന്തു നഷ്ടം സഹിച്ചും മാധ്യമം നീതിയുടെ പക്ഷത്തു നില്‍ക്കും'

Published on 15 July, 2012
'എന്തു നഷ്ടം സഹിച്ചും മാധ്യമം നീതിയുടെ പക്ഷത്തു നില്‍ക്കും'
സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് എന്ത് നഷ്ടം സഹിച്ചും നിലകൊള്ളുന്നു എന്നതാണ് മാധ്യമത്തെ വ്യത്യസ്തമാക്കുന്നതെന്ന് ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ എം.കെ. മുഹമ്മദാലി. മാധ്യമം കോട്ടയം എഡിഷന്‍ ഓഫിസ് സമുച്ചയം ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ അനാരോഗ്യ പ്രവണതകളെ ചൂണ്ടിക്കാട്ടി തിരുത്താന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മാധ്യമം സ്വീകരിച്ചിട്ടുള്ളത്. മൂല്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുമ്പോള്‍ നഷ്ടവും നേട്ടവും പരിഗണിച്ചിട്ടില്ല. ജനപക്ഷം എന്നതിന്റെ അര്‍ഥം ഒഴുക്കിനനുസരിച്ച് നീന്തുക എന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഹിതകരമായ സത്യങ്ങള്‍ തുറന്നുപറയുക എന്നത് മുഖ്യധാരാ മാധ്യമങ്ങള്‍ കൈയൊഴിയുകയും അത് പറയാന്‍ തയാറുള്ളവര്‍ കടുത്ത വെല്ലുവിളി നേരിടുകയും ചെയ്യുന്ന കാലണിതെന്ന് മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. ലാഭം മാത്രം ലക്ഷ്യമിടുന്ന മര്‍ഡോക്കിയന്‍ മനസ്സിന്റെ കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. അതിനെതിരെ സമീപനം സ്വീകരിക്കുമ്പോള്‍ എന്തുനഷ്ടം വന്നാലും ആ നഷ്ടം സഹിക്കേണ്ടിവരും. പരിമിതികളുണ്ടെങ്കിലും അത്തരമൊരു പ്രയാണത്തിലാണ് മാധ്യമമെന്നും അദ്ദേഹം വ്യക്തമാക്കി.
'ആരോഗ്യമാധ്യമം'പ്രകാശനം, മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡി.ബാബുപോള്‍ സി.എസ്.ഐ സഭാ ബിഷപ് കമ്മിസറി പി.യു. പൗലോസിന് നല്‍കി നിര്‍വഹിച്ചു. അറിവ് വിവേകത്തിലേക്ക് നയിക്കുന്ന മാധ്യമധര്‍മം ഫലപ്രദമായി വിനിയോഗിക്കുന്ന പത്രമാണ് മാധ്യമം എന്ന് ബാബുപോള്‍ അഭിപ്രായപ്പെട്ടു. മോന്‍സ്ജോസഫ് എം.എല്‍.എ, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജില്ലാ പ്രസിഡന്റ് വി.എച്ച്. അലിയാര്‍ മൗലവി , ജമാ അത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം കെ.എ. യൂസുഫ് ഉമരി,ജില്ലാ പ്രസിഡന്റ് ഇ.എ. ബഷീര്‍ ഫാറൂഖി സംസാരിച്ചു. മാധ്യമം ജനറല്‍ മാനേജര്‍ എം.എ. റഹീം സ്വാഗതവും കോട്ടയം റസിഡന്റ് മാനേജര്‍ വി.കെ. അലി നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, നഗരസഭാധ്യക്ഷന്‍ സണ്ണി കല്ലൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക