Image

35 സര്ക്കാര് സ്കൂളുണ്ടായാല് സമുദായത്തിന് നഷ്ടമോ?

ഡോ. കെ ടി ജലീല് Published on 15 July, 2012
35 സര്ക്കാര് സ്കൂളുണ്ടായാല് സമുദായത്തിന് നഷ്ടമോ?
കേരളീയസമൂഹം പൊതുവിദ്യാഭ്യാസത്തോടും വൈജ്ഞാനിക കേന്ദ്രങ്ങളോടും സ്വീകരിച്ച സമീപനം സമാനതകളില്ലാത്തതാണ്. ആരാധനാലയങ്ങള് പോലും ഈ ആവശ്യത്തിലേക്ക് അവര് വിട്ടുനല്കി എന്നുപറഞ്ഞാല് ഇന്ന് അവിശ്വസനീയമായി തോന്നും. തുമ്പയിലെ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രൊഫ. വിക്രം സാരാഭായി അനുയോജ്യമായ സ്ഥലം തേടി എത്തിയപ്പോഴുണ്ടായ സംഭവം "അജയ്യമായ ആത്മചൈതന്യം" എന്ന പുസ്തകത്തില് ഡോ. എ പി ജെ അബ്ദുല്കലാം പരാമര്ശിക്കുന്നുണ്ട്. പ്രൊഫ. വിക്രം സാരാഭായി തുമ്പയിലെത്തിയപ്പോള് കണ്ടത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകളും പുരാതനമായ ക്രിസ്ത്യന് ചര്ച്ചും അതോടുചേര്ന്നുള്ള ബിഷപ് ഹൗസുമായിരുന്നു.
ചര്ച്ചും ബിഷപ് ഹൗസും ഉള്പ്പെടെയുള്ള സ്ഥലമായിരുന്നത്രേ ബഹിരാകാശഗവേഷണ കേന്ദ്രത്തിന് ലഭ്യമാകേണ്ടത്. ഈ സ്ഥലം വിട്ടുകിട്ടാന് നടപടി സ്വീകരിക്കാന് പലരോടും അദ്ദേഹം പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. ഇതിനിടയിലാണ് ആരോ അദ്ദേഹത്തോട് തിരുവനന്തപുരം ബിഷപ് ആയിരുന്ന റവ. ഡോ. പീറ്റര് പെരേരയെ കാണാന് ആവശ്യപ്പെട്ടത്.
ഇതനുസരിച്ച് ബിഷപ്പിനെ കണ്ടു. വിക്രം സാരാഭായിയുടെ ആവശ്യം കേട്ടപ്പോള് ഫാദര് പെരേര ചിരിച്ചു. എന്നിട്ട് ഞായറാഴ്ച രാവിലെ പള്ളിയിലെത്താന് പറഞ്ഞു. പിറ്റേദിവസം രാവിലെ അദ്ദേഹം പള്ളിയിലെത്തി. പ്രാര്ഥനയ്ക്കുശേഷം വിക്രം സാരാഭായിയെ പീറ്റര് പെരേര മുന്നിലേക്ക് വിളിച്ചു. അദ്ദേഹത്തെ ചൂണ്ടി പെരേര വിശ്വാസികളോടായി പറഞ്ഞു, ഈ നില്ക്കുന്നത് ഇന്ത്യയിലെ വലിയ ഒരു ശാസ്ത്രജ്ഞനാണ്. ഇദ്ദേഹം വന്നത് നമ്മുടെ പുരാതനമായ ചര്ച്ചും ബിഷപ് ഹൗസും നമ്മുടെ നാടിനുവേണ്ടി ആരംഭിക്കാന് പോകുന്ന ബഹിരാകാശ ഗവേഷണകേന്ദ്രം സ്ഥാപിക്കാന് വിട്ടുനല്കണമെന്ന് അഭ്യര്ഥിക്കാനാണ്. ഒരു നല്ല സംരംഭത്തിനുവേണ്ടി ഇവ വിട്ടുകൊടുക്കുന്നതില് നിങ്ങള്ക്ക് എതിര്പ്പുണ്ടാകില്ലല്ലോ? അനുകൂലസ്വരത്തില് എല്ലാവരും ആമേന് പറഞ്ഞു. ആ ശബ്ദം ആ പള്ളിയില് മാത്രമല്ല, ഇന്ത്യ മുഴുവനുമാണ് പ്രതിധ്വനിച്ചതെന്ന് ഡോ. കലാം രേഖപ്പെടുത്തിയിട്ടുണ്ട്.
അങ്ങനെ വിട്ടുനല്കപ്പെട്ട ചര്ച്ചിലാണ് ആദ്യത്തെ റോക്കറ്റ് അസംബ്ലിങ് നടന്നത്. ബിഷപ് ഹൗസിലാണ് ഈ യജ്ഞത്തില് വ്യാപൃതരായിരുന്ന ശാസ്ത്രജ്ഞര് താമസിച്ചത്. മഹത്തായ ഒരു ദൗത്യനിര്വഹണത്തിന് ആരാധനാലയം പോലും വിട്ടുനല്കാന് സന്നദ്ധമായ ചരിത്രം അത്യപൂര്വ സംഭവങ്ങളില് ഒന്നായിരിക്കും. ഇന്ന് ഒരു ചര്ച്ചിന്റെയോ, മുസ്ലിം പള്ളിയുടെയോ, ക്ഷേത്രത്തിന്റെയോ ഒരുപിടി മണ്ണെങ്കിലും പൊതുവിദ്യാലയമോ വൈജ്ഞാനിക കേന്ദ്രമോ സ്ഥാപിക്കാന് ആരെങ്കിലും വിട്ടുനല്കുമോ? വിട്ടുകിട്ടണമെന്ന് അഭ്യര്ഥിക്കാന് ആര്ക്കെങ്കിലും ധൈര്യമുണ്ടാകുമോ? ഇക്കാര്യം ഓര്ത്തത് ഏരിയ ഇന്റന്സീവ് പ്രോഗ്രാം അനുസരിച്ച് മുസ്ലിം സാന്ദ്രീകൃതമേഖലയില് കേന്ദ്രസര്ക്കാരിന്റെ സഹായത്തോടെ ആരംഭിച്ച 41 സ്കൂളില് 35 എണ്ണത്തിന് എയ്ഡഡ് പദവി നല്കിയതിനോടനുബന്ധിച്ച് ഉണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്. 2012 ജൂണ് 13ന് ചേര്ന്ന മന്ത്രിസഭായോഗത്തില് ഇപ്പോള് പ്രവര്ത്തിക്കുന്ന സ്കൂളുകള് സര്ക്കാര് സ്കൂളുകളാക്കി മാറ്റുമെന്ന് തീരുമാനിച്ചതായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റില് പ്രസിദ്ധീകരിച്ചു. ഈ സ്ഥാപനങ്ങളില് ജോലി ചെയ്യുന്ന 238 അധ്യാപക, അനധ്യാപക ജീവനക്കാര്ക്ക് 2003 മുതലുള്ള എല്ലാ ആനുകൂല്യവും നല്കുമെന്നും വെബ്സൈറ്റില് വന്നു. മുഖ്യമന്ത്രി അന്നേദിവസം വൈകിട്ട് വാര്ത്താസമ്മേളനം നടത്തിയപ്പോള് 35 സ്കൂള് സര്ക്കാര് സ്കൂളുകളാക്കാന് തീരുമാനിച്ചതായി പറയുകയും ചെയ്തു. എന്നാല്, മന്ത്രിസഭ തീരുമാനിച്ചെന്നു പറയുന്ന, സര്ക്കാര് സ്കൂളുകളാക്കാന് തീരുമാനിച്ച 35 സ്കൂളിന് എയ്ഡഡ് പദവി നല്കുമെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയില് പറഞ്ഞു. മുഖ്യമന്ത്രി അപ്പോള് തന്നെ മന്ത്രിയെ തിരുത്തി. പിറ്റേദിവസം മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞു. എന്നാല്, അന്തിമതീരുമാനം ധനവകുപ്പിന്റെ അഭിപ്രായം അറിഞ്ഞശേഷം അറിയിക്കുമെന്നും കൂട്ടിച്ചേര്ത്തു. മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയാണ് ലക്ഷ്യമെങ്കില് എയ്ഡഡ് അല്ലാതെ ഇപ്പോള് പ്രവര്ത്തിക്കുന്ന 35 സ്കൂള് സര്ക്കാര് സ്കൂളാക്കുന്നതിനെ സ്വാഗതം ചെയ്യുകയും അതിനുള്ള സൗകര്യമൊരുക്കുകയുമാണ് വേണ്ടിയിരുന്നത്. അനാഥാലയങ്ങളുടെ സ്ഥലവും കെട്ടിടവും സര്ക്കാരിന് വിട്ടുകൊടുക്കാന് മതപരവും സാങ്കേതികവുമായ ബുദ്ധിമുട്ടുണ്ടെന്ന വാദമുയര്ത്തി, എയ്ഡഡ് പദവി വാങ്ങി ലക്ഷങ്ങള് കോഴവാങ്ങി അധ്യാപകരെ നിയമിക്കാന് വെമ്പുന്ന "സമുദായസ്നേഹി"കളോട് ഒരു കാര്യം ചോദിക്കാം. എത്രയോ സര്ക്കാര് വിദ്യാലയങ്ങള് പള്ളിക്കമ്മിറ്റികളുടെയും സ്വകാര്യ വ്യക്തികളുടെയും സ്ഥലങ്ങളിലും കെട്ടിടങ്ങളിലും വാടകയ്ക്ക് പ്രവര്ത്തിക്കുന്നുണ്ട്. ഇവരാരും ഈ സ്വത്തുക്കള് സര്ക്കാരിന്റെ പേരില് എഴുതിക്കൊടുത്തതായി അറിവില്ല. എഐപിയിലെ 35 സ്കൂളും നിലവില് പ്രവര്ത്തിക്കുന്ന സ്ഥലങ്ങളില് തന്നെ വാടക നിശ്ചയിച്ച് സര്ക്കാര് സ്കൂളുകളായി പ്രവര്ത്തിക്കുകയും ഭാവിയില് നിയമനങ്ങള് പിഎസ്സിയിലൂടെ ആകുകയും ചെയ്താല് പാവപ്പെട്ട മുസ്ലിങ്ങള്ക്ക് നഷ്ടപ്പെടാന് ഒന്നുമില്ല. നേടാന് മാത്രമേയുള്ളൂ. നഷ്ടപ്പെടാനുള്ളത് വിദ്യാഭ്യാസം കച്ചവടമാക്കിയ സമുദായത്തിലെ വരേണ്യര്ക്കാണ്. ഓര്ഫനേജ് കമ്മിറ്റികള് നടത്തുന്ന ഇത്തരം സ്കൂളുകളില് ഇപ്പോള് പ്രവര്ത്തിക്കുന്ന 238 അധ്യാപകരില് ബന്ധപ്പെട്ട അനാഥാലയങ്ങളില് പഠിച്ച് യോഗ്യത നേടിയ എത്ര പേരെയാണ് നിയമിച്ചിട്ടുള്ളത്? പ്യൂണ് തസ്തികയിലെങ്കിലും ഒരാളെ നിശ്ചയിച്ചിട്ടുണ്ടെന്ന് നെഞ്ചത്ത് കൈവച്ചുപറയാനാകുമോ? തങ്ങളുടെ സ്ഥാപന സമുച്ചയത്തില് സര്ക്കാര്സ്ഥാപനം തലയുയര്ത്തി നില്ക്കുന്നത് ആ സ്ഥാപനത്തിന് കളങ്കമല്ല, അതിന്റെ യശ്ശസ് ഉയര്ത്തുകയേ ചെയ്യൂ. സര്ക്കാരിന്റെ ഒളിച്ചുകളിയാണ് വിഷയം വഷളാക്കിയത്. സര്ക്കാര് സ്കൂളെന്ന് പൊതുജനങ്ങളോടും എയ്ഡഡ് സ്കൂളെന്ന് മാനേജ്മെന്റുകളോടും പറയുന്ന ഇരട്ടത്താപ്പാണ് സര്ക്കാര് ഇക്കാര്യത്തില് സ്വീകരിച്ചത്. ആനപ്പുറത്ത് പോകണം, അങ്ങാടിയിലൂടെ ആകണം, നാട്ടുകാരാരും കാണാനും പാടില്ല, ഇങ്ങനെയൊരു ഒളിച്ചുകളിയാണ് ഇക്കാര്യത്തില് സര്ക്കാര് നടത്തിയത്. അഞ്ചാംമന്ത്രി വിവാദമുയര്ത്തിയ സാമുദായിക ധ്രുവീകരണത്തിന് ശക്തിപകരാന് മാത്രമേ തങ്ങള് പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന് സര്ക്കാര് സ്കൂളുകള് വേണ്ട എയ്ഡഡ് മതിയെന്ന വാദം ഉപകരിച്ചുള്ളൂ. വിദ്യാഭ്യാസമന്ത്രിയും പാര്ടിയും വടി കൊടുത്ത് അടിവാങ്ങി. കേരളത്തില് ഏറ്റവും കൂടുതല് സര്ക്കാര് സ്കൂളുകള് പ്രവര്ത്തിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ഇവ വന്നതാകട്ടെ 1967ലെ രണ്ടാം ഇ എം എസ് മന്ത്രിസഭയില് സി എച്ച് മുഹമ്മദുകോയ വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്തും. സി എച്ച് ജീവിച്ചിരുന്നെങ്കില് ഈ എയ്ഡഡ് വാദികളെ സെക്രട്ടറിയറ്റില് നിന്ന് ആട്ടിയോടിക്കുമായിരുന്നു. വിദ്യാഭ്യാസക്കച്ചവടത്തിന് അവസരം നിഷേധിക്കപ്പെട്ടതിലുള്ള ഈര്ഷ്യ കാണിക്കേണ്ടത് മറ്റുള്ളവരുടെമേല് കുതിര കയറിയിട്ടല്ല. സമുദായസ്നേഹത്തിന്റെ മേലങ്കിയണിഞ്ഞ് പുരപ്പുറത്തു കയറി ഒച്ചവയ്ക്കുന്നവര് സ്വന്തം രാഷ്ട്രീയതാല്പ്പര്യത്തിനും തങ്ങളോട് ഒട്ടിനില്ക്കുന്നവരുടെ സാമ്പത്തിക താല്പ്പര്യത്തിനുമപ്പുറം കഴിഞ്ഞ ഒന്നര ദശകത്തിനിടയില് എന്തുനിലപാടാണ് എടുത്തത്? തങ്ങളെ എതിര്ക്കുന്ന സ്വസമുദായത്തിലെ സംഘടനകളെ തീവ്രവാദപ്പട്ടികയിലാക്കാന് കിണഞ്ഞ് ശ്രമിച്ചത് ഏത് സമുദായസ്നേഹത്തിന്റെ പേരിലായിരുന്നു? ഇരുനൂറ്റമ്പതോളം സ്വസമുദായ അംഗങ്ങളുടെ ഇ മെയില് ചോര്ത്താന് യുഡിഎഫ് സര്ക്കാര് തീരുമാനിച്ചപ്പോള് മൗനത്തിന്റെ വാല്മീകത്തിലൊളിച്ചത് സമുദായസ്നേഹത്തിന്റെ ഏത് വകുപ്പ് അനുസരിച്ചായിരുന്നു? ഒരു ലക്ഷത്തോളം മുസ്ലിം സമുദായത്തിലെ ചെറുപ്പക്കാരെ ഭീകരവാദത്തിന്റെ ചാപ്പകുത്തി കല്ത്തുറുങ്കിലടച്ച് പുറംലോകം കാണിക്കാത്ത ഭരണകൂട ഭീകരതയ്ക്കെതിരെ ചെറുവിരലെങ്കിലും അനക്കാന് ഇവരെന്തേ ശ്രമിക്കാതിരുന്നത്? സമുദായസ്നേഹത്തിന്റെ പച്ചയണിഞ്ഞവര് സ്വന്തം താല്പ്പര്യങ്ങളുടെ തടവുകാരായി മാറിയതും, എതിര്ചേരിയില് നില്ക്കുന്ന സമുദായ സംഘടനകളെ അവഗണനയുടെ ചാട്ടവാര്കൊണ്ട് പ്രഹരിച്ചതും പീഡിപ്പിച്ചവര് മറന്നാലും ഇരകള്ക്ക് മറക്കാനാകില്ല. കഴിഞ്ഞ എല്ഡിഎഫ് സര്ക്കാര് മലബാറിലെ എല്ലാ സര്ക്കാര്, എയ്ഡഡ് ഹൈസ്കൂളും ഹയര് സെക്കന്ഡറിയാക്കി ഉയര്ത്തിയപ്പോള് നന്ദിവാക്കെങ്കിലും പറയാന് എന്തിന് ഇവര് പിശുക്ക് കാണിച്ചു. ചരിത്രത്തിലാദ്യമായി മദ്റസ അധ്യാപകര്ക്ക് ക്ഷേമനിധിയും കോളേജുകളില് പഠിക്കുന്ന പതിനായിരത്തോളം പാവപ്പെട്ട മുസ്ലിം വിദ്യാര്ഥിനികള്ക്ക് 5000 മുതല് 10,000 രൂപവരെ സ്കോളര്ഷിപ്പും നല്കാന് എല്ഡിഎഫ് സര്ക്കാര് തീരുമാനിച്ചപ്പോള് അവയും ഇക്കൂട്ടരാല് തമസ്കരിക്കപ്പെട്ടു. തങ്ങള്ക്കുവേണ്ടി എന്തെങ്കിലും നന്മകള് ചെയ്യുന്നവരെ കൃതജ്ഞതയോടെ നോക്കി ചിരിക്കാനുള്ള സന്മനസ്സ് പോലും ഈ "സമുദായസ്നേഹി"കള് കാണിക്കാതിരുന്നത് അങ്ങേയറ്റം ഖേദകരംതന്നെ. കഴിഞ്ഞ ഒരുവര്ഷം വിദ്യാഭ്യാസരംഗത്ത് വിവാദങ്ങളുടെ പെരുമഴക്കാലമായിരുന്നു. മകന്റെ ജൂബിലി മിഷന് ഹോസ്പിറ്റലിലെ പിജി അഡ്മിഷനില് അത് തുടങ്ങി. കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയുടെ കസേരയില് നിന്ന് മകന്റെ പിതാവ് മാത്രമായി അന്ന് അദ്ദേഹം ചുരുങ്ങി. പിന്നീട് കലിക്കറ്റ് സര്വകലാശാലയുടെ വിസി നിയമനവുമായി ബന്ധപ്പെട്ട തര്ക്കവിതര്ക്കങ്ങളായിരുന്നു. സര്ക്കാര് നിയമിച്ച വിസിയും സിന്ഡിക്കറ്റും സര്വകലാശാലയുടെ ഏക്കര് കണക്കിന് ഭൂമി നിര്ലോഭം സ്വകാര്യട്രസ്റ്റുകള്ക്ക് തീറെഴുതാന് തീരുമാനമെടുത്തപ്പോഴും കേരളം കിടുങ്ങി. ഗംഗാ എന്നുപേരിട്ട വീട്ടില് താമസിക്കുന്നത് വലിയ അപരാധമായി വിദ്യാഭ്യാസമന്ത്രി കരുതിയപ്പോള് വീണ്ടും അദ്ദേഹം പരിഹാസ്യനായി. കഴുത്തില് കത്തിവച്ച് വാങ്ങിയ അഞ്ചാം മന്ത്രിസ്ഥാനവും, നയമില്ലായ്മ കൊണ്ടും ബുദ്ധിപൂര്വമായ നീക്കങ്ങളുടെ അഭാവം കൊണ്ടും സ്വയംവരുത്തിവച്ച വിനകള്ക്ക് സമുദായം മുഴുവന് വിലകൊടുക്കേണ്ടിവരുന്നത് ദൗര്ഭാഗ്യകരമാണ്.
അഴിമതിക്കും വിദ്യാഭ്യാസക്കച്ചവടത്തിനും എതിരായി പ്രതികരിക്കുന്ന സ്വസമുദായത്തിലുള്ളവരെ അര ബിജെപിയും മുഴു ബിജെപിയുമായി ചിത്രീകരിച്ച് വിരട്ടാമെന്ന ഭാവത്തിനു മുന്നില് തല കുനിച്ച് കൊടുക്കാന് ഭീരുക്കള്ക്ക് കഴിഞ്ഞേക്കും. പക്ഷേ, പൊതുജീവിതവും സാമുദായികപ്രവര്ത്തനവും "വയറ്റുപിഴപ്പാ"ക്കാത്തവരെ ഇത്തരം ഉമ്മാക്കി കാട്ടി ഭയപ്പെടുത്താമെന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കില് അവര്ക്ക് തെറ്റി. സമുദായം കാര്യങ്ങളെ, കാര്യകാരണസഹിതം നിരീക്ഷിക്കാനും സ്വയംവിമര്ശത്തിന് വിധേയമാക്കാനും പഠിച്ചിരിക്കുന്നെന്ന് ഓര്ക്കുന്നത് നന്നാകും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക