Image

ദ്രോഗ്ബയ്ക്ക് ചൈനയില്‍ ആവേശ സ്വീകരണം

Published on 15 July, 2012
ദ്രോഗ്ബയ്ക്ക് ചൈനയില്‍ ആവേശ സ്വീകരണം
ബെയ്ജിംഗ്: ഇംഗ്ലീഷ് ടീം ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടം ചൂടിച്ച ഐവറി കോസ്റ്റ് താരമായ ദിദിയന്‍ ദ്രോഗ്ബ ചൈനീസ് ഫുട്‌ബോളില്‍ ആവേശം നിറയ്ക്കാന്‍ മൈതാനത്തേയ്ക്ക്. ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ് ഷാങ്ഹായ് ഷെന്‍ഹുവയുമായി രണ്ടരവര്‍ഷത്തെ കരാറിലെത്തിയ ദ്രോഗ്ബ ഇന്നലെ ഷാങ്ഹായിലെത്തിയപ്പോള്‍ ക്ലബ് ആരാധകര്‍ വന്‍ സ്വീകരണമാണ് നല്‍കിയത്. നൂറുകണക്കിനു ആരാധകരാണ് ദ്രോഗ്ബയെ സ്വീകരിക്കാന്‍ ഷാങ്ഹായിയിലെ പുഡോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തടിച്ചുകൂടിയത്. പതിനാറു ടീമുകളടങ്ങിയ ചൈനീസ് സൂപ്പര്‍ ലീഗില്‍ പതിമൂന്നാം സ്ഥാനത്താണ് ഷെന്‍ഹുവ ടീം. ഇത്തവണ ചാമ്പ്യന്‍പട്ടം സ്വപ്നം കണ്ടാണ് ദ്രോഗ്ബയെ മോഹവിലയ്ക്കു ഷെന്‍ഹുവ ദത്തെടുത്തത്. 

ഒരാഴ്ചയില്‍ മൂന്നു ലക്ഷം ഡോളറാണ് ദ്രോഗ്ബയ്ക്കു ഷെന്‍ഹുവ ടീം പ്രതിഫലം നല്‍കുക. ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ ശേഷം ക്ലബ്ബ് വിട്ട ദ്രോഗ്ബയുടെ കൂടുമാറ്റം എവിടേയ്‌ക്കെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. ചെല്‍സിയില്‍ ദ്രോഗ്ബയുടെ മുന്‍ സഹതാരമായിരുന്ന നിക്കൊളാസ് അനെല്‍ക്കയും ഷെന്‍ഹുവ ടീമിന്റെ ഭാഗമാണ്. ദ്രോഗ്ബ- അനെല്‍ക്ക കൂട്ടുകെട്ട് ഷെന്‍ഹുവയ്ക്കു സൂപ്പര്‍ ലീഗില്‍ ചാമ്പ്യന്‍പട്ടം നേടിക്കൊടുക്കുമെന്നാണ് ക്ലബ്ബ് അധികൃതരുടെ പ്രതീക്ഷ. അതോടൊപ്പം ഈ കൂട്ടുകെട്ട് ചൈനീസ് സൂപ്പര്‍ ലീഗിലേയ്ക്കു കൂടുതല്‍ കാണികളെ ആകര്‍ഷിക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നു. ചെല്‍സിക്കായി 341 കളിയില്‍ നിന്നു 157 ഗോള്‍ നേടിയ ദ്രോഗ്ബ, ഷെന്‍ഹുവയില്‍ പതിനൊന്നാം നമ്പര്‍ ജേഴ്‌സിയിലായിരിക്കും മൈതാനത്ത് ഇറങ്ങുക. അര്‍ജന്റീനയുടെ മുന്‍ താരം സെര്‍ജിയോ ബാറ്റിസ്റ്റയാണ് ഷെന്‍ഹുവയുടെ കോച്ച്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക