Image

ഹോക്കി: ഇന്ത്യയെ ബ്രിട്ടന്‍ പൂട്ടി

Published on 15 July, 2012
ഹോക്കി: ഇന്ത്യയെ ബ്രിട്ടന്‍ പൂട്ടി
സാന്റന്‍ഡെര്‍: സ്‌പെയിനില്‍ പ്രത്യേക ക്ഷണിതാക്കളുടെ ത്രിരാഷ്ട്ര ഹോക്കി ടൂര്‍ണമെന്റില്‍ ബ്രിട്ടനോടു ഇന്ത്യ തോല്‍വി വഴങ്ങി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയെ ബ്രിട്ടന്‍ പരാജയപ്പെടുത്തിയത്. കളി തുടങ്ങി മൂന്നാം മിനിറ്റില്‍ മികച്ച ഫിനിഷിംഗിലൂടെ ശിവേന്ദര്‍ സിംഗ് ഇന്ത്യയ്ക്കു ആധിപത്യം നേടിക്കൊടുത്തു. എന്നാല്‍ ഇന്ത്യയുടെ ശക്തിപ്രകടനത്തിനു 14 മിനിറ്റിന്റെ ആയുസ് മാത്രമെ ഉണ്ടായുള്ളു. പതിനേഴാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കിമാറ്റിയ ജെയിംസ് ടിന്‍ഡാല്‍ ബ്രിട്ടനെ ഇന്ത്യയ്‌ക്കൊപ്പമെത്തിച്ചു. 

ആദ്യ പകുതി അവസാനിക്കാന്‍ രണ്ടു മിനിറ്റു ശേഷിക്കേ തുഷാര്‍ ഖാന്‍ദേകര്‍ നടത്തിയ മികച്ച മുന്നേറ്റം ഗോളെന്നുറച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ ബ്രിട്ടന്റെ ഗോളി ജെയിംസ് ഫെയര്‍ തട്ടിയകറ്റി. ഒളിമ്പിക്‌സിനു മുന്നോടിയായി നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ മികച്ചതെന്നു വിശേഷിപ്പിക്കാവുന്ന അവസാന മുന്നേറ്റമായിരുന്നു അത്. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ തന്നെ ആഷ്‌ലി ജാക്‌സണിലൂടെ ബ്രിട്ടന്‍ മുന്‍തൂക്കം നേടി. സ്‌കോര്‍ 2-1. അധികം വൈകാതെ ഹാരി മാര്‍ട്ടിനിലൂടെ ബ്രിട്ടന്റെ ഗോള്‍വേട്ടയ്ക്കു അവസാനമായി. ലണ്ടന്‍ ഒളിമ്പിക്‌സിനു പുറപ്പെടും മുമ്പ് ഇരു ടീമുകളും ഒരിക്കല്‍ കൂടി ഇവിടെ കൊമ്പുകോര്‍ക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക