Image

ചെക്ക് ഇന്‍ എളുപ്പമാക്കാന്‍ വിമാനത്താവളത്തില്‍ കിയോസ്‌ക്കുകള്‍

Published on 18 July, 2012
ചെക്ക് ഇന്‍ എളുപ്പമാക്കാന്‍ വിമാനത്താവളത്തില്‍ കിയോസ്‌ക്കുകള്‍
നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനയാത്രക്കാരുടെ ചെക്ക് ഇന്‍ സുഗമമാക്കാന്‍, കോമണ്‍ യൂസര്‍ സെല്‍ഫ് ചെക്ക് ഇന്‍ കിയോസ്‌ക്കുകള്‍ സ്ഥാപിച്ചു. ആഭ്യന്തര യാത്രക്കാരുടെ ചെക്ക് ഇന്‍ നടപടികള്‍ എളുപ്പത്തിലാക്കാന്‍ ആഭ്യന്തര ടെര്‍മിനലിലാണ് നാല് കിയോസ്‌ക്കുകള്‍ സ്ഥാപിച്ചത്. ടച്ച് സ്‌ക്രീന്‍ സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന കിയോസ്‌ക്കില്‍ നിന്നും യാത്രക്കാര്‍ക്ക് വിമാനത്തിലെ സീറ്റുകളുടെ ലഭ്യത മനസ്സിലാക്കാനും, മറ്റാരുടെയും സഹായമില്ലാതെ കിയോസ്‌ക്കുവഴി ബോര്‍ഡിങ് പാസിന്റെ പ്രിന്റ് എടുക്കാനും കഴിയും. ഹാന്‍ഡ് ബാഗേജ് മാത്രമായി യാത്രചെയ്യുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമാകുന്നത്. സംസ്ഥാനത്ത് കൊച്ചി വിമാനത്താവളത്തില്‍ മാത്രമെ നിലവില്‍ ഈ സംവിധാനമുള്ളൂവെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍ പറഞ്ഞു.

എയര്‍ലൈന്‍ കൗണ്ടറുകളിലെ തിരക്കും നീണ്ട ക്യൂവും ഒഴിവാക്കി യാത്രയ്ക്ക് മുമ്പുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്ന ഈ സംവിധാനം ഇപ്പോള്‍ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേയ്‌സുമാണ്. മറ്റു വിമാന കമ്പനികളും താമസിയാതെ ഈ സംവിധാനം പ്രയോജനപ്പെടുത്തും.

ഏവിയേഷന്‍ കമ്യൂണിക്കേഷന്‍ രംഗത്തെ പ്രമുഖ കമ്പനിയായ സീറ്റയുമായി ചേര്‍ന്നാണ് വിമാനത്താവള കമ്പനി സെല്‍ഫ് ചെക്ക് ഇന്‍ കിയോസ്‌ക്ക് സ്ഥാപിച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ സെല്‍ഫ്, ചെക്ക് ഇന്‍ സംവിധാനത്തിലൂടെ രജിസ്‌റ്റേര്‍ഡ് ബാഗേജുകളും ചെക്ക് ഇന്‍ ചെയ്യാനുള്ള ബാഗ് ഡ്രോപ്പ് സോണ്‍ ഉള്‍പ്പെടെയുള്ള കിയോസ്‌ക്കുകള്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് സിയാല്‍.

ചെക്ക് ഇന്‍ എളുപ്പമാക്കാന്‍ വിമാനത്താവളത്തില്‍ കിയോസ്‌ക്കുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക