Image

ബ്ലാക്ക് കോഫി

Published on 18 July, 2012
ബ്ലാക്ക് കോഫി
മലയാളസിനിമയില്‍ ഒരു സംഘം ബോളിവുഡ് ശില്‍പികള്‍ കടന്നുവരുന്ന ചിത്രമാണ് ബ്ലാക്ക് കോഫി. സഞ്ജയ് ദത്തിനെ നായകനാക്കി ബോളിവുഡ് ചിത്രമൊരുക്കിയ മലയാളിയായ സോജന്‍ ജോസഫാണ് ഈ ചിത്രം സംവിധാനംചെയ്യുന്നത്. ആലപ്പുഴയില്‍ ചിത്രീകരണമാരംഭിച്ച ഈ ചിത്രം ആലപ്പുഴയിലും മൂന്നാറിലുമായി ചിത്രീകരണം പൂര്‍ത്തിയാകും.

പയ്യന്‍സ് എന്ന ചിത്രത്തിനുശേഷം കമ്മുവടക്കന്‍ ഫിലിംസിന്റെ ബാനറില്‍ നൗഷാദ് കമ്മുവടക്കനാണ് ഈ ചിത്രം നിര്‍മിക്കുന്നത്. പ്രധാനമായും യുവത്വത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് ഈ ചിത്രത്തെ അണിയിച്ചൊരുക്കുന്നത്. പ്രശസ്ത ബോളിവുഡ് നായിക മാധുരി ബാനര്‍ജിയാണ് ഈ ചിത്രത്തില്‍ നായികയായി എത്തുന്നത്.

മേരിക്കുണെ്ടാരു കുഞ്ഞാടിന് പ്രിയദര്‍ശന്‍ ഒരുക്കിയ ഹിന്ദി പതിപ്പിലെ നായികയാണ് മാധുരി ബാനര്‍ജി. വീരേന്ദ്ര തിവാരി എന്ന ബോളിവുഡ് ഛായാഗ്രാഹകന്റെ സാന്നിധ്യവും ഈ ചിത്രത്തിലുണ്ട്.

മുംബൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി യുവമിഥുനങ്ങള്‍ ഹണിമൂണ്‍ ട്രിപ്പിനായാണ് കേരളത്തിലെത്തുന്നത്. രാഹുലും നിഖിതയും. അവര്‍ ആലപ്പുഴയിലെ മനോഹരമായ ഒരു റിസോര്‍ട്ടിലായിരുന്നു താമസം. ഇവരുമായി ചുറ്റുന്നത് റിസോര്‍ട്ടിലെ ഡ്രൈവറായ നരേന്ദ്രനാണ്. ഇവരുടെ ധാരാളിത്തംകണ്ട് നരേന്ദ്രന്‍ അമ്പരന്നു.

നരേന്ദ്രന്റെ ഭാര്യ സുമിയുമായും നിഖിത ഏറെ അടുത്തു. വളരെ കഷ്ടപ്പെട്ടു ജീവിക്കുന്ന ഇവരുടെ കുടുംബത്തെ രാഹുല്‍- നിഖിത ജീവിതം പലപ്പോഴും അമ്പരപ്പിക്കുന്നതായിരുന്നു. അതിനിടയില്‍ നിഖിത സുമിയുടെ മനസിലേക്കും പല മേഹനസ്വപ്നങ്ങളും എറിഞ്ഞുകൊടുത്തു. ഇത് പ്രത്യേകിച്ചും സുമിക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതായിരുന്നു. ഇതിനിടയിലാണ് രാഹുല്‍ നല്‍കിയ ഒരു ഓഫര്‍ നരേന്ദ്രനെ ഞെട്ടിച്ചത്. നരേന്ദ്രന്റെ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്കെല്ലാം ശാശ്വതമായ പരിഹാരം നേടാന്‍ ഇതു ധാരാളം. പക്ഷേ, അതു പ്രാവര്‍ത്തികമാക്കുക. അവന്റെ ജീവിതം ആത്മസംഘര്‍ഷത്തിലേക്ക് നയിക്കപ്പെടുകയായിരുന്നു. ഒടുവില്‍ അവന്‍ ഒരു തീരുമാനത്തിലെത്തിച്ചേരുകയാണ്. ആ തീരുമാനമെന്ത്? അത്യന്തം സസ്‌പെന്‍സ് നിറഞ്ഞ രംഗങ്ങളിലൂടെയാണ് ഈ ചിത്രത്തെ സംവിധായകന്‍ സോജന്‍ ജോസഫ് അണിയിച്ചൊരുക്കുന്നത്. ഇവിടെ നരേന്ദ്രനെ സിദ്ധാര്‍ഥ് ഭരതന്‍ അവതരിപ്പിക്കുന്നു. പുതുമുഖം ശ്രദ്ധ സുമിയെ അവതരിപ്പിക്കുന്നു. നിഷാന്ത് സാഗറാണ് രാഹുലിനെ അവതരിപ്പിക്കുന്നത്. മാധുരി ബാനര്‍ജി നിഖിതയെയും അവതരിപ്പിക്കുന്നു.

തിലകന്‍, ജിജോയ്, ചെമ്പില്‍ അശോകന്‍, ജോളി ഈശോ, ഷൈന്‍, ടോം ചാക്കോ, ഷാലിന്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. രാജേഷ് കെ. നാരായണനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. റോയി പുറമടത്തിന്റെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് മിഥുന്‍ ഈശ്വറാണ്.കമ്മുവടക്കന്‍ ഫിലിംസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

ബ്ലാക്ക് കോഫിബ്ലാക്ക് കോഫി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക