Image

എട്ടാമത്‌ അമല അവാര്‍ഡ്‌ സായിഗ്രാമത്തിന്‌

ജോയിച്ചന്‍ പുതുക്കുളം Published on 28 July, 2011
എട്ടാമത്‌ അമല അവാര്‍ഡ്‌ സായിഗ്രാമത്തിന്‌
ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡ സംസ്ഥാനത്തെ മിയാമി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന `അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ ലൗവ്‌ ആന്‍ഡ്‌ അക്‌സപ്‌റ്റന്‍സ്‌ (അമല)' എന്ന ജീവകാരുണ്യ സംഘടന, കേരളത്തെ സാമൂഹ്യ ജീവകാരുണ്യ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന വ്യക്തികളേയും സ്ഥാപനങ്ങളേയും ആദരിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനുമായി വര്‍ഷംതോറും നല്‍കിവരുന്ന അമല അവാര്‍ഡിന്‌ ജീവകാരുണ്യ സേവന രംഗത്ത്‌ സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന തിരുവനന്തപുരം ആസ്ഥാനമായുള്ള ശ്രീ സത്യസായി ഓര്‍ഫനേജ്‌ ട്രസ്റ്റിനെ തെരഞ്ഞെടുത്തു.

സംസ്ഥാന കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ്‌ അബ്‌ദുള്‍ ഗഫൂര്‍ ചെയര്‍മാനും, തേവര എസ്‌.എച്ച്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത്‌ സി.എം.ഐ, മുന്‍ ആരോഗ്യവകുപ്പ്‌ ഡയറക്‌ടര്‍ ഡോ. പി. വിജയലക്ഷ്‌മി മേനോന്‍, അമല അവാര്‍ഡ്‌ കമ്മിറ്റി കോര്‍ഡിനേറ്റര്‍ എം.പി. ആന്റണി എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ്‌ അവാര്‍ഡ്‌ നിശ്ചയിച്ചത്‌.

കെ.എന്‍. ആനന്ദകുമാര്‍ നേതൃത്വം നല്‍കുന്ന ശ്രീ സത്യസായി ഓര്‍ഫനേജ്‌ ട്രസ്റ്റ്‌, സൗജന്യ ഡയാലിസിസ്‌ കേന്ദ്രങ്ങള്‍, സായി നികേതനുകള്‍, തോന്നയ്‌ക്കലിലെ സായിഗ്രാമം എന്നിവ വളരെ ശ്രദ്ധയാകര്‍ഷിക്കുന്നതായി കമ്മിറ്റിയംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

ഓഗസ്റ്റ്‌ ആദ്യവാരത്തില്‍ തിരുവനന്തപുരത്ത്‌ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ്‌ സമ്മാനിക്കും. അമല അസോസിയേഷനുവേണ്ടി എം.പി. ആന്റണി (അവാര്‍ഡ്‌ കമ്മിറ്റി കോര്‍ഡിനേറ്റര്‍), ജോയി കുറ്റിയാനി (പബ്ലിസിറ്റി) എന്നിവര്‍ ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
എട്ടാമത്‌ അമല അവാര്‍ഡ്‌ സായിഗ്രാമത്തിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക