Image

മാഡ് ഡാഡ്

Published on 20 July, 2012
മാഡ് ഡാഡ്
സിനിമയില്‍ സ്ത്രീകള്‍ കടന്നുവരാന്‍ മടിച്ചുനില്‍ക്കുന്നത് ഇപ്പോഴും സാങ്കേതിക രംഗത്താണ്. ഏതാനുംപേര്‍ മാത്രമാണ് ഈ രംഗത്ത് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് സംവിധാനരംഗത്തേക്ക് രേവതി വര്‍മ്മ കടന്നുവരുന്നത്. മലയാളത്തിലെ തന്റെ കന്നി സംരംഭമായ മാഡ് ഡാഡ് എന്ന ചിത്രത്തിലൂടെ സംവിധാനവും ഈ ചിത്രത്തിന്റെ തിരക്കഥാ രചനയും രേവതി വര്‍മ നിര്‍വഹിക്കുന്നു. 

ഒരു തമിഴ് ചിത്രം, നിരവധി പരസ്യചിത്രങ്ങള്‍ ഇത്രയും അനുഭവപാഠവുമായിട്ടാണ് രേവതി വര്‍മ്മ മലയാളസിനിമയിലും ശക്തമായ തന്റെ സാന്നിധ്യം അറിയിച്ചിരിക്കുന്നത്.

അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ രസകരവും ഒപ്പം ഹൃദയസ്പര്‍ശിയുമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

ബാലതാരമായും പിന്നീട് മികച്ച കോമ്പിയറായും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നസ്‌റിയ നസ്‌റിന്‍ ഈ ചിത്രത്തിലൂടെ നായികാ പദവിയിലെത്തുന്നു.

മധ്യതിരുവിതാംകൂറിലെ സമ്പന്നമായ ഒരു ക്രൈസ്തവ കുടുംബത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. അതുകൊണ്ടുതന്നെ ഈ നാടിന്റെ സംസ്‌കാരത്തിനും ആചാരരീതികള്‍ക്കുമെല്ലാം ഈ ചിത്രത്തില്‍ ഏറെ സ്ഥാനവുമുണ്ട്.

ലാലാണ് ഇതിലെ കേന്ദ്രകഥാപാത്രമായ പാലച്ചുവട്ടില്‍ ഗീവര്‍ഗീസ് കുര്യാക്കോസ് ഈശോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മകള്‍ മരിയയെ നസ്‌റിയായും അവതരിപ്പിക്കുന്നു. ഇവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈ അച്ഛന്റെയും മകളുടെയും റിലേഷന്‍ഷിപ്പ് പ്രത്യേകതരത്തിലാണ്. ചിലപ്പോള്‍ ഒരു പ്രത്യക സ്വഭാവാരനാകും ഈ പാലച്ചുവട്ടില്‍ കുര്യാക്കോസ് ഈശോ. ഈശോയുടെ ഭാര്യ അന്നമ്മ. ഒരു തമിഴ് ബ്രാഹ്മണസ്ത്രീയായിരുന്നു അവര്‍. പ്രണയിച്ചു വിവാഹം കഴിച്ചതോടെ അവര്‍ അന്നമ്മയായി മാറി. മകള്‍ മരിയയ്ക്ക് അടുപ്പം മുഴുവനും അപ്പനോടാണ്. അപ്പന് മകളും.

മരിയ പഠനം കഴിഞ്ഞെത്തുന്നതോടെയാണ് കഥാവികസനം. അവളുടെ മനസില്‍ ഒരു യുവാവ് സ്ഥാനംപിടിച്ചു. ബോണി. ഈ ബന്ധം ഈ അപ്പന്റെയും മകളുടെയും ബന്ധത്തില്‍ വിള്ളില്‍ ഉളവാക്കുന്നു. ഇവിടെ മരിയ പുതിയ തീരുമാനത്തിലേക്കും കടക്കുന്നു. മാഡ് ഡാഡിലൂടെ പറയാന്‍ ശ്രമിക്കുന്നതും ഇതാണ്. മേഘനാ രാജാണ് അന്നമ്മയായി എത്തുന്നത്.

ജനാര്‍ദ്ദന്‍, ലാലു അലക്‌സ്, വിജയരാഘവന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്.

ഡോ. റസിയാ എന്ന കഥാപാത്രത്തിന്റെ സാന്നിധ്യമാണ് ഈ ചിത്രത്തിന്റെ കഥാഗതിയില്‍ ഏറെ വ്യതിയാനം വരുത്തുന്നത്. പത്മപ്രിയയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സലിംകുമാര്‍, ശ്രീജിത് വിജയ്, ഐശ്വര്യ, ശാരി, ലക്ഷ്മിപ്രിയ എന്നിവരും നാടകരംഗത്തെ ബാലു ആര്‍ നായര്‍, തൊമ്മന്‍, ജയരാജ് അമ്പാടി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, രേവതി വര്‍മ്മ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് അലക്‌സ് പോളാണ്. പ്രദീപ് നായരാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- ജോണ്‍കുട്ടി, കലാസംവിധാനം- രാജീവ് നായര്‍, പ്രോജക്ട് ഡിസൈനര്‍- അനില്‍ മാത്യു, പ്രൊഡ. കണ്‍ട്രോളര്‍- വിനോദ് കാലടി.

പി.എന്‍.വി അസോസിയേറ്റ്‌സിന്റെ ബാനറില്‍ പി.എന്‍. വേണുഗോപാല്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

മാഡ് ഡാഡ്മാഡ് ഡാഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക