Image

ഡോ. സാറാഈശോയുടെ 'ഒരിക്കലും നിലയ്ക്കാത്ത സ്പന്ദനം - ഡോ.എന്‍.പി.ഷീല

ഡോ.എന്‍.പി.ഷീല Published on 19 July, 2012
ഡോ. സാറാഈശോയുടെ 'ഒരിക്കലും നിലയ്ക്കാത്ത സ്പന്ദനം - ഡോ.എന്‍.പി.ഷീല
പണ്ടൊക്കെ ചില പഴയ തറവാടിന്റെ അറയില്‍ കെടാവിളക്കു സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. മാണിക്യം പോലുള്ള അപൂര്‍വ്വനിധി രഹസ്യമായി വച്ചുകൊണ്ട് കുടുംബത്തിന്റെ ഐശ്വര്യം മങ്ങാതെ മറയാതെ കാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

അതുപോലെ താന്‍ നിധിപോലെ സൂക്ഷിക്കുന്ന ഓര്‍മ്മകള്‍ക്ക് ജീവിതവ്യഗ്രതകള്‍ക്കിടയിലും രൂപം നല്‍കാന്‍ സമയം കണ്ടെത്തിയ ഡോ. സാറാഈശോ ഓര്‍മ്മയുടെ കോല്‍വിളക്കുമേന്തി ഭൂതകാലത്തിലേക്കു മിഴിതുറക്കുകയും ചെയ്തതിന്റെ പക്വഫലമാണ് 'ഒരിക്കലും നിലയ്ക്കാത്ത സ്പന്ദനം'.

പുസ്തകത്തിലെ ആദ്യത്തെ ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ അതിനടുത്തതു വായിക്കണെമെന്നു തോന്നി. അതുകഴിഞ്ഞപ്പോള്‍ അതിനടുത്തത്, അങ്ങനെയങ്ങനെ ഒരിരുപ്പില്‍ പുസ്തകം തീര്‍ന്നതറിഞ്ഞില്ല. അപ്പോള്‍ ഇതെക്കുറിച്ച് മറ്റുള്ളവരോടു പറയണമെന്ന താല്പര്യത്തിന്റെ ഫലമാണ് ഈ ലേഖനം.

ഡോക്‌ടേഴ്‌സില്‍ എഴുത്തുകാരുണ്ട്. തങ്ങളുടെ മേഖലയിലെ വിഷയങ്ങളായിരിക്കും ഏറെയും. സാഹിത്യാഭിരുചിയും സാഹിത്യരചനയും താരതമ്യേന വിരളം. ജനനി മാസികയില്‍ സാഹിത്യവിഭാഗമാണ് ഡോ.സാറാ ഈശോ കൈകാര്യം ചെയ്യുന്നതെന്നതുതന്നെ അവരുടെ സാഹിത്യാഭിരുചിയുടെ തെളിവാണല്ലോ. ഈ കൃതിയും അതു ശരിവയ്ക്കുന്നു.

മനുഷ്യജീവിതത്തിന്റെ ഗൗരവതരമായ ഉത്തരവാദ്യത്വം, കുടുംബകാര്യങ്ങള്‍, മാസികയുടെ ജോലികള്‍- ആദിയായവയ്ക്കിടയില്‍ സമയം കണ്ടെത്തി, തന്റെ അറിവും അനുഭവങ്ങളും മറ്റുള്ളവരിലേക്കു പകരുക എന്നൊരു സാമൂഹിക പ്രതിബദ്ധത കൂടി തന്റെ ജീവിതദൗത്യമായി നമ്മുടെ ഈ ഡോക്ടര്‍ കരുതുന്നു. പൈതൃകമായി ലഭിച്ച ഈ സവിശേഷ ഗുണത്തെ ലാക്കാക്കി ഈ പുസ്തകത്തിന്റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചുകൊണ്ട് ഡോ.എം.വി. പിള്ള ഇങ്ങനെ പറഞ്ഞതോര്‍ക്കുന്നു; 'വിത്തുഗുണം പത്തുഗുണം'.

ഇതിലെ ആദ്യലേഖനം ഒരു 'ന്‍ക്യൂറബിള്‍ ഓപ്റ്റിമിസ്റ്റായ', ഇന്‍ക്യൂറബിള്‍ ഡിസീസുകാരനായ മാര്‍ക്ക് ലീഡര്‍ എന്ന ചെറുപ്പക്കാരനെക്കുറിച്ചാണ്. മൃത്യൂ ദേവതയുടെ പാദപതനശബ്ദം കേള്‍ക്കുമ്പോഴും അയാള്‍ മറ്റുരോഗികളെ ആശ്വസിപ്പിക്കുന്നതിങ്ങനെ:

“ചിയര്‍ അപ്! ഇറ്റ് കുഡ്ഹാവ് ബീന്‍ വേഴ്‌സ്; ഇതുവരെയുണ്ടായ നല്ല കാര്യങ്ങളോര്‍ത്തു സന്തോഷിക്കൂ. ലിവ് എവരിഡേ ടു ദ ഫുള്ളസ്റ്റ്”.

മരണത്തെ മുഖാമുഖം കാണുമ്പോഴും ഈ ശുഭാപ്തിവിശ്വാസം പുലര്‍ത്താന്‍ നമ്മില്‍ എത്രപേര്‍ക്കു കഴിയും? ഇനി യാതൊരു നീക്കുപോക്കുമില്ലെന്നറിഞ്ഞാലും ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ 'ഒരു മിനിറ്റ് അല്ലെങ്കില്‍ സെക്കന്റുകൂടി' എന്നാഗ്രഹിക്കുന്നവരാണധികവും.

'അമേരിക്കന്‍ അമ്മച്ചി' എന്ന ലേഖനത്തില്‍ പല ഉദ്ദേശ്യങ്ങളാല്‍ ഇറക്കുമതി ചെയ്യപ്പെടുന്ന അമ്മച്ചിമാരുടെയുള്ളില്‍ അലയടിച്ചുയരുന്ന സങ്കടക്കടല്‍ ലേഖിക നമുക്കു കാട്ടിത്തരുന്നു. ഉള്ളിലെരിയുന്ന അമ്മച്ചിയുടെ പ്രസന്നവദനം മാത്രം നാം കാണുന്നു. ഏകാന്തതയില്‍ 'മക്കളേ, എല്ലാം നിങ്ങള്‍ക്കുവേണ്ടി' എന്ന മൗനമന്ത്രം…

ഇതിലെ ഇരുപത്തഞ്ചു ലേഖനങ്ങളെക്കുറിച്ചും പറയണമെന്നുണ്ടെങ്കിലും വിസ്താരഭയം തടസ്സമായി നില്‍ക്കുന്നു. എങ്കിലും ഏതാനും ചിലതിനെക്കുറിച്ചെങ്കിലും പറയാതെ വയ്യ.

നിങ്ങള്‍ കുടിയേറ്റ മലയാളികള്‍ അവശ്യം വായിച്ചറിയേണ്ടുന്ന ഒന്നാണ് 'വേര്‍ ആര്‍ മൈ പേരന്റ്‌സ് ?'എന്ന അഞ്ചാമത്തെ ലേഖനം.

നമ്മുടെ ഇളംതലമുറ ഉറക്കെയും പതുക്കെയും മൗനഭാഷയിലും ചോദിക്കുന്ന ചോദ്യമാണിത്.

“…ഞങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശികളാകാന്‍ നിങ്ങള്‍ക്കു കഴിയുന്നുണ്ടോ? നിങ്ങളുടെ ചെറുപ്പത്തിലുണ്ടായ കഷ്ടപ്പാടുകളുടേയും ഞങ്ങള്‍ക്കു വേണ്ടതെല്ലാം നല്‍കാനായി നിങ്ങള്‍ ബുദ്ധിമുട്ടുന്നതിന്റെയും കണക്കുകള്‍ വിവരിക്കുന്നതിനിടയില്‍ ഞങ്ങളെ മനസിലാക്കാന്‍ നിങ്ങള്‍ക്കു കഴിയാതെ പോയതെന്താണ്?”

ഇങ്ങനെ നീളുന്ന ചോദ്യങ്ങള്‍ക്കു മുമ്പില്‍ സ്തബ്ധരായി നില്‍ക്കുന്ന പുതിയ തലമുറ. വരും തലമുറയുടെ ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയില്‍നിന്നുയിര്‍ക്കൊണ്ട കുറെ ചോദ്യങ്ങള്‍.

ഒരമ്മയുടെ -ഒരായിരം അമ്മമാരുടെ-അങ്കലാപ്പും, വേവലാതിയും, നെടുവീര്‍പ്പും അനുവാചകരെ അനുഭവിപ്പിക്കുന്ന ഒരു ലേഖനം.

എല്ലാവരുടേയും കണ്ണുതുറപ്പിക്കുന്ന ഒരു ലേഖനമാണ് 'ദോഷൈകദൃക്കുകള്‍'. ദോഷം മാത്രം കാണുന്നവരുടെ എണ്ണം നാം സാധാരണ കരുതുന്ന അക്കാദമിക്ക് വിദ്യഭ്യാസം സിദ്ധിക്കുന്തോറും കൂടി വരികയാണ്. അഥവാ അവരുടെയിടയിലാണ് അസൂയയില്‍നിന്നു പിറക്കുന്ന ഈ മാറാരോഗം കൂടുതലായി കണ്ടുവരുന്നത്. ഡോ. സാറാ ഈശോ ഏതാണ്ട് എല്ലാ മേഖലകളിലുമുള്ള ഇത്തരം രോഗികളെ പിടിച്ചു കുടയുന്നുണ്ട്. കുറ്റാനേഷ്വണ വിദഗ്ധര്‍ മനസ്സിരുത്തി വായിക്കേണ്ടുന്ന ഒരു ലേഖനമാണിത്. സ്വന്തം വീട്ടില്‍ ഭാര്യയുണ്ടാക്കുന്ന ഭക്ഷണത്തിനു കുറ്റം മാത്രം പറയുന്ന ഭര്‍ത്താവ് അതേ സാധനം അന്യവീട്ടില്‍ നിന്നു കഴിക്കുമ്പോള്‍ സ്തുതിഗീതം പാടുന്നു! ഇത്തരം കോന്തന്മാരെയും ലേഖിക കണക്കിനു കുടഞ്ഞ് ഇളിഭ്യരാക്കുന്നുണ്ട്. അതു വായിക്കുമ്പോള്‍ നാമറിയാതെ ഒരു മന്ദസ്മിതം ചുണ്ടില്‍ വിരിയും.

നമ്മുടെ സിരാപടലങ്ങളെപ്പോലും മരവിപ്പിക്കുന്ന ഒന്നാണ് 'ആന്‍ഡ്രിയായുടെ ദുരന്തം'. ഉച്ചിവച്ച കൈകൊണ്ട് ഉദകക്രിയ ചെയ്യുന്ന ഒരമ്മ.  ഏഴു വയസ്സില്‍ താഴെയുള്ള തന്റെ അഞ്ചുമക്കളെ അവര്‍ വകവരുത്തുന്നു. മനഃപൂര്‍വ്വമല്ല; 'പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍' എന്ന മാരകരോഗം വരുത്തിവച്ച വിന. ഡോക്ടറായ ലേഖിക ഈ രോഗത്തിന്റെ ലക്ഷണങ്ങളും പ്രതിവിധിയും നമ്മെ മനസിലാക്കുന്നു.

'അസൂയ! അസൂയ' എന്ന ലേഖനവും(12) 'വാക്കുകള്‍ കൂരമ്പുകളാകുമ്പോള്‍' എന്ന ലേഖനവും(18) ചേര്‍ത്തുവായിക്കാവുന്നതാണ്. പ്രിയംവദിക്കാന്‍ കൂട്ടാക്കാതെ മൃദുലമായ നാവ് അസ്ഥികളെ തകര്‍ക്കാനാണ് പലരും ഉപയോഗിക്കുന്നത്. മധുരവചനം പോയിട്ട് ഒന്നു ചിരിക്കാനോ കുറഞ്ഞപക്ഷം ഒന്നുപുഞ്ചിരി തൂകാന്‍  പോലുമോ മടിക്കുന്ന ഇക്കാലം! ഇത്തരം ബലംപിടുത്തക്കാര്‍ക്ക് സ്‌ട്രെസ്സിനു ചികിത്സ തേടാന്‍ സമയമുണ്ട്. വെറുതെയല്ല, പരിഷ്‌കൃത സമൂഹം 'ചിരിക്ലബ്ബുകള്‍' സ്ഥാപിച്ച് സ്‌ട്രെസ് നിവാരണത്തിനു കോപ്പുകൂട്ടുന്നത്.  പൊള്ളച്ചിരിയും കള്ളച്ചിരിയും അഭ്യസിച്ച് ഒരു ആരോഗ്യസംരക്ഷണം!

ലേഖികയുടെ സ്വകാര്യജീവിതത്തിലെ അനുഭവങ്ങളും ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മിസിസ് കെ.എം. മാത്യൂ, സ്വന്തം പിതാവ് മോസസ് സാര്‍; രണ്ടും അവരുടെ വ്യക്തിമാഹാത്മ്യത്തിലേക്കു ടോര്‍ച്ചടിച്ച് കാട്ടുന്നവയാണ്. ലേഖികയുടെ പ്രിയപ്പെട്ട ഇച്ചാച്ചി, തന്റെ മകളുടെ സ്വഭാവത്തെയും ജീവിതത്തെയും കരുപ്പിടിപ്പിച്ച വ്യക്തിയാണ്. സര്‍വ്വാദരണീയനായ അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനം ആദ്യം കൊടുക്കേണ്ടതായിരുന്നുവെന്ന് ആ ലേഖനം വായിച്ചപ്പോള്‍ തോന്നി. ഇതിലെ എല്ലാ ലേഖനങ്ങളെയും തൊട്ടുതലോടാനുള്ള സാവകാശം ഇല്ലാത്തതിന്റെ കാരണം മുമ്പു സൂചിപ്പിച്ചു കഴിഞ്ഞു.

ലാളിത്യത്തിന്റെ അന്തസ്സും ഓജസ്സുമുള്ള ലേഖനങ്ങള്‍ എന്നൊരു ബഹുമതി ഇതിനുണ്ട്. അതിനു കാരണം, പദങ്ങളും പദസംയോഗങ്ങളും അനുവാചകരില്‍ ഉന്മേഷം പകരുന്ന ശൈലിയാകയാലാണെന്നതു ഞാന്‍ കരുതുന്നു. ന്യൂനതകളില്ലാതെ ഇന്ത ഉലകില്‍ ഒന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ലല്ലോ. ഇതിലെ 'ചെയ്യുവാന്‍ ', 'കാണുവാന്‍ ', 'പോകുവാന്‍ ' തുടങ്ങിയവയിലെ 'വാനു'കള്‍ ഒഴിവാക്കിയാല്‍ അത്രയും സ്ഥലവും സമയവും ലാഭം 'പറയാനും' എളുപ്പം.

ജീവിതത്തെക്കുറിച്ചുള്ള സൂക്ഷമ നിരീക്ഷണത്തിന്റെ സ്ഫുരണങ്ങളാണ് ഇതിലെ എല്ലാ ലേഖനങ്ങളും. ആകയാല്‍ ഒരു കാര്യം തീര്‍ച്ച. ഈ പുസ്തകം കയ്യിലെടുക്കുന്ന ആരുംതന്നെ ഇതിലെ പേജുകള്‍ അലസമായി മറിച്ചു കളയുകയില്ല. തന്റെ മുടക്കുമുതല്‍ -സമയവും പണവും- പാഴായിപ്പോയി എന്നു ഖേദിക്കേണ്ടിവരികയുമില്ല.

ഇനിയും ഇത്തരം സാര്‍ത്ഥക-സോദ്ദേശ്യ ലേഖനങ്ങള്‍ക്ക് ഡോ. സാറാ ഈശോ ജന്മം നല്‍കട്ടെ എന്നാശംസിക്കുന്നു!



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക