Image

പരിചയത്തിലെ അപരിചിതത്വം - മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 18 July, 2012
പരിചയത്തിലെ അപരിചിതത്വം - മീട്ടു റഹ്മത്ത് കലാം
മനസ്സില്‍ തട്ടുന്ന വാചകങ്ങള്‍ ഡയറില്‍ കുറിക്കുന്ന ശീലം പണ്ടേ ഉള്ളതാണ്. കഴിഞ്ഞ നാളുകളിലേയ്ക്ക് ഒന്ന് തിരിഞ്ഞുനോക്കാനുള്ള ആഗ്രഹത്തില്‍ ആ താളുകളിലൂടെ കണ്ണോടിച്ചപ്പോള്‍ കണ്ട ഒരു വാചകമാണ്- 'ഇന്ന് അപരിചിതരായവരാണ് നാളെ നിങ്ങളുടെ സുഹൃത്തുക്കള്‍'. ഒറ്റവായനയില്‍ അതിന്റെ അര്‍ത്ഥം മനസ്സിലായില്ല. ഡയറിയില്‍ എഴുതിയിടാന്‍ മാത്രം എന്തായിരുന്നിരിക്കാം അതില്‍ അന്ന് കണ്ടതെന്ന ചോദ്യം എന്റെ മനസ്സിന്റെ പുനര്‍ചിന്തനത്തിന് വഴിയൊരുക്കി. പിന്നെ ഓര്‍മ്മയുടെ ഓളപ്പരപ്പില്‍ ഒന്നു മുങ്ങിത്താഴ്ന്നു. ജനിച്ചു വീണ നാള്‍ മുതലുള്ള ഓരോ കാര്യങ്ങള്‍(ചിലതൊക്കെ കേട്ടറിവുകളാണ്) നിര്‍ത്താതെയങ്ങനെ സിനിമ കാണും പോലെ കൃത്യമായ എഡിറ്റിങ്ങോടെ സീന്‍ ബൈ സീനായി മിഴികളെ തലോടി മെല്ലെ നീങ്ങിക്കൊണ്ടിരുന്നു.

ശരിയാണ്, പരിചിതമല്ലാത്ത ലോകത്ത് ഒരു പരിചയവുമില്ലാത്ത കുറേ ആളുകളെ ആദ്യമായി കണ്ടപ്പോള്‍ മനസ്സ് പകച്ചിരിക്കാം. പ്രത്യേകമായി ആരും പരിചയപ്പെടുത്താതെ തന്നെ അമ്മയുടെ നേര്‍ക്ക് തിരിഞ്ഞു ഒന്ന് ചിരിച്ചുകൊണ്ടടുത്തത് ജീവന്‍ നിലനിര്‍ത്താനും വിശപ്പടക്കാനും ആ വ്യക്തിയെ ആശ്രയിക്കാതെ കഴിയില്ലെന്ന ബോധം ജന്മനാ മനുഷ്യനില്‍ ഉള്ളതുകൊണ്ടാകാം. ആദ്യ പരിചയപ്പെടല്‍ തന്നെ സംരക്ഷണത്തിന്റെ വാഗ്ദാനമായി മാറുമ്പോള്‍ അമ്മയിലൂടെ അച്ഛനെയും ബന്ധങ്ങളുടെ ഒരു ലോകം തന്നെയും സ്വന്തമാകുമ്പോള്‍ സ്വാഭാവികമായി പരിചയപ്പെടലിന്റെ സുഖവും ആവശ്യകതയും മനസ്സില്‍ വേരുറപ്പിക്കും. തുടര്‍ന്ന് സ്‌ക്കൂള്‍ ജീവിതത്തിലേയ്ക്ക് കാല്‍വെയ്ക്കുമ്പോള്‍ ഒറ്റപ്പെടല്‍ വേദനയാകുന്ന സമൂഹജീവിയായ മനുഷ്യന്‍ ഒരുള്‍പ്രേരണപോലെ കൂടെ പഠിക്കുന്നവരുമായി അടുക്കുന്നു, സുഹൃത്തുക്കളാകുന്നു. ഒരു ദിവസത്തെ പരിചയം മുതല്‍ പത്തു വര്‍ഷങ്ങള്‍ക്കുമേല്‍ പരിചയമുണ്ടായിരുന്ന മുഖങ്ങള്‍ മിന്നിമറയുമ്പോള്‍ പലരും ഇപ്പോള്‍ എവിടെയായിരിക്കും എന്നായി ചിന്ത. എല്ലാവരെയും ഓര്‍ത്തെടുക്കാനുള്ള സൂപ്പര്‍ മെമ്മറി ബ്രെയിനൊന്നും അല്ലെങ്കിലും പേര് കേട്ടാല്‍ ആളെ ഓര്‍മ്മ വരും. ക്ലാസ്സ് ടീച്ചര്‍ 'അറ്റന്‍ഡന്‍സ'് എടുക്കുമ്പോള്‍ പേരുകള്‍ മനഃപാഠമാക്കുന്ന ഹോബി സഹായകമായി എന്ന് തോന്നുന്നു.

പരിചയം എന്ന വാക്കിന്റെ അര്‍ത്ഥം ഒരാളെ കണ്ട് വിളിപ്പേരോ വീട്ടുപേരോ കൊണ്ട് തിരിച്ചറിയാനുള്ള കഴിവ് മാത്രമല്ലെന്ന് കോളേജ് ഹോസ്റ്റലിലെ ജീവിതമാണ് പഠിപ്പിച്ചത്. കുറച്ചുപേരെയെങ്കിലും അടുത്തറിയാനും സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാനും കഴിഞ്ഞ നല്ല നാളുകള്‍. അപ്പോഴും ഡേ സ്‌ക്കോളര്‍സിനെ ക്കുറിച്ചുള്ള അറിവ് നന്നേ കുറവായിരുന്നു. ഒരു പരിധി വരെ വിനോദയാത്രകളും കലോത്സവങ്ങളുമൊക്കെ സൗഹൃദങ്ങള്‍ ബലപ്പെടുത്തും. അത് അങ്ങനെയാണല്ലോ, കൂട്ടായ്മകളും ഒത്തുചേരലുകളും സ്‌നേഹത്തിന്റെ ആഴം കൂട്ടുന്ന മരുന്നാണ്.

ഇനി അപരിചിതരെക്കുറിച്ച് പറയാം. വീട്ടില്‍ നിന്ന് ഹോസ്റ്റലിലേയ്ക്കുള്ള ബസ് യാത്രകളിലാണ് പരിചയമില്ലാത്ത മുഖങ്ങള്‍ അധികമായി കണ്ടിരുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള പ്രാപ്തി എനിക്കായി എന്ന തോന്നല്‍ വീട്ടുകാര്‍ക്കുണ്ടാകാന്‍ ഒന്നരവര്‍ഷമെടുത്തു. അപ്പോഴേയ്ക്കും ബസിലിരുന്ന് ഉറങ്ങരുത്, അപരിചിതരെ എങ്ങനെ നേരിടണം മുതലായ അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് മനസ്സിലൊരുധാരണയായി. പത്രവാര്‍ത്തകള്‍ ശ്രദ്ധിക്കുന്ന കൂട്ടത്തിലായതുകൊണ്ട് മുന്‍കരുതലെന്നോണം അപരിചിതരായ സഹയാത്രികരോട് ശരിയായ പേര് പോലും വെളിപ്പെടുത്താന്‍ ധൈര്യപ്പെട്ടിട്ടില്ല. സൗമ്യയുടെ കൊലപാതകവും മയക്കുമരുന്ന് ചേര്‍ത്ത മിഠായി നല്‍കിയുള്ള മോഷണവുമൊക്കെ വായിച്ചറിഞ്ഞതോടെ നിരപരാധികളെയും പലപ്പോഴും സംശയത്തോടെ നോക്കിയിട്ടുണ്ട്. വല്ലാതെ ദാഹിച്ചിരുന്നപ്പോള്‍ ഗുരുവായൂര്‍ അമ്പത്തില്‍ പോകാന്‍ എന്റെയൊപ്പം യാത്രചെയ്തിരുന്ന ഒരു മധ്യവയസ്‌ക 'തിളപ്പിച്ചാറിയ വെള്ളമാണ്, മോള് കുടിച്ചോ' എന്ന് പറഞ്ഞ് സ്‌നേഹത്തോടെ നീട്ടിയിട്ടും വേണ്ടെന്ന് പറയേണ്ടി വന്നത് അതേ ഭയം കൊണ്ട് മാത്രമാണ്.

മണിക്കൂറുകളോളം സംസാരിച്ചാലോ ഇടപഴകിയാലോ മനസ്സിലാക്കാന്‍ കഴിയാത്ത മനുഷ്യര്‍ക്കിടയില്‍ വളരെ ചുരുങ്ങിയ നേരം കൊണ്ട് ആദരവ് പിടിച്ചു പറ്റിയ കുറച്ചു പേരെ കണ്ടുമുട്ടിയ അനുഭവങ്ങളുമുണ്ട്. അപകടത്തിന്റെ മുള്‍മുനയില്‍ നിന്ന് എങ്ങുനിന്നോ വന്ന് രക്ഷകനായ പേരറിയാത്ത ഒരങ്കിളും സ്റ്റോപ്പ് മാറി ഇറങ്ങി വഴിതെറ്റിയപ്പോള്‍ പേടിച്ചുനിന്നയെന്നെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ച ഓട്ടോ ഡ്രൈവറും ഒക്കെ നന്മ മരിച്ചിട്ടില്ലെന്ന ആശ്വാസം പകര്‍ന്നതോടൊപ്പം പരിചയം എന്ന വാക്കിന് ജീവിതത്തില്‍ എന്ത് പ്രസക്തിയാണുള്ളതെന്ന ചോദ്യവും ജനിപ്പിക്കുന്നു.

കണ്‍മുന്‍പില്‍ അപകടം നടന്നിട്ട് ശ്രദ്ധിക്കാതെ പോകുമ്പോഴും രക്തദാനം ചെയ്യാന്‍ വൈമനസ്യം കാണിക്കുമ്പോഴും പലരും പറയുന്ന ന്യായമുണ്ട് 'ഒരു പരിചയവുമില്ലാത്തവര്‍ക്കായി എന്തിനാണ് ഞാന്‍ എന്തെങ്കിലും ചെയ്യുന്നത്' എന്ന്. പരിചയപ്പെടല്‍ എന്നത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്. പരിചിതര്‍ അപരിചിതരാകാനും അപരിചിതര്‍ പരിചിതരാകാനും അധികം സമയം വേണ്ട. നമ്മള്‍ പലരെയും പരിചയപ്പെടുന്നു. പക്ഷേ ചിലരോടെ മനസ്സുകൊണ്ടൊരു അടുപ്പം ഉണ്ടാകുന്നുള്ളൂ. ചിലപ്പോള്‍ സമാനതകള്‍, മറ്റു ചിലപ്പോള്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ ആ ബന്ധത്തിന്റെ കണ്ണികള്‍ അടുപ്പിക്കുന്നു. പരിചയം എന്നതില്‍ വിശ്വാസം സമന്വയിക്കുമ്പോള്‍ മാത്രമേ ഒരിക്കലും പിരിയാന്‍ കഴിയാത്ത  ആത്മബന്ധം ഉടലെടുക്കൂ. എന്റെ ലേഖനം വായിച്ച പരിപയം മാത്രം വെച്ച് അഭിനന്ദിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞും മെയില്‍ അയച്ചിട്ടുള്ള നൂറോളം വരുന്ന അപരിചിതര്‍ക്കിടയില്‍ മൂന്ന്-നാല് പേരുമായി അത്തരത്തിലൊരു ആത്മബന്ധമുണ്ട്. അക്ഷരങ്ങള്‍ക്ക് അപരിചിതരെ പരിചിതരാക്കി മാറ്റാനുള്ള ശക്തിയുണ്ടെന്നത് ചിലര്‍ക്ക് അത്ഭുതമായി തോന്നിയേക്കാം, വിചിത്രമായ ഒന്നും തന്നെ അതിലില്ലെങ്കില്‍ പോലും. അങ്ങനെയല്ലാത്ത ബന്ധങ്ങള്‍ എപ്പോള്‍ വേണമെങ്കിലും 'ഗുഡ്‌ബൈ' പറഞ്ഞകന്നേക്കാം എന്ന ഭീക്ഷണിയുടെ നിഴലിലായിരിക്കും. ഇടവേള വരുമ്പോള്‍ മാഞ്ഞുപോകാതെ എത്രകാലം കഴിഞ്ഞ് സംസാരിച്ചുതുടങ്ങിയാലും പരിഭവമില്ലാതെ നേരത്തേതിനാക്കാള്‍ സ്‌നേഹത്തോടെ സംസാരിക്കാന്‍ കഴിയുന്നത് ദൈവാനുഗ്രഹമാണ്. 'ക്ലാസ്‌മേറ്റ്‌സ്' എന്ന സിനിമയിലേതുപോലെ മറന്നുതുടങ്ങിയ സൗഹൃദങ്ങള്‍ പുതുക്കാന്‍ കഴിയുക വലിയ ഭാഗ്യമാണ്. അതിന്റെ തുടര്‍ച്ചയെന്നോണം കോളേജുകളിലും മറ്റും ഇപ്പോള്‍ ഗെറ്റ് തുഗേതറുകള്‍ സംഘടിപ്പിക്കുന്നത് നല്ല ലക്ഷണമാണ്. ഓരോ ദിവസവും പരിചയപ്പെടുകളിലൂടെയും പരിചയം പുതുക്കലിലൂടെയുമാണ് കടന്ന് പോകുന്നത്. അത് കൊണ്ട് സഹായഹസ്തം നീട്ടാന്‍ ഒരിക്കലും പരിചയം മാനദണ്ഢമാക്കരുത്. ഇന്ന് ആരുമല്ലാത്ത ഒരാള്‍ നാളെ നമ്മുടെ എല്ലാമായി മാറിയെന്ന് വരാം. ഇതൊക്കെ തന്നെയാകാം ഡയറിയില്‍ കുറിച്ചിട്ട ആ വാക്കുകളില്‍ ഒളിഞ്ഞു കിടന്ന അര്‍ത്ഥം.


പരിചയത്തിലെ അപരിചിതത്വം - മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക