Image

വൈകിയെത്തിയ അംഗീകാരത്തിന്റെ നിറവില്‍ നിലമ്പൂര്‍ ആയിഷ

അനില്‍ പെണ്ണുക്കര Published on 20 July, 2012
വൈകിയെത്തിയ അംഗീകാരത്തിന്റെ നിറവില്‍ നിലമ്പൂര്‍ ആയിഷ
മലയാള നാടകവേദിയുടെ നിറസാന്നിദ്ധ്യമായ നിലമ്പൂര്‍ ആയിഷയ്ക്ക് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം ലഭിക്കുമ്പോള്‍ നാല്‍പ്പതു വര്‍ഷം നീണ്ടുനിന്ന സര്‍ഗ്ഗപര്യയ്ക്ക് ലഭിക്കുന്ന ആദരവാകുന്നു ഈ മഹനീയ മുഹൂര്‍ത്തം.

“വൈകിയെത്തിയ വലിയ സന്തോഷമാണിത് നിലമ്പൂരില്‍ “ഈ മലയാളി“യോട് സംസാരിക്കുകയായിരുന്നു നിലമ്പൂര്‍ ആയിഷ. ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ചലച്ചിത്രവിഭാഗത്തില്‍ ആദ്യത്തെ അവാര്‍ഡാണിത്. സംഗീതനാടക അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും മുന്‍പ് ലഭിച്ചിരുന്നു”.

“അഭിനയത്തിന്റെ നാല്‍പതാണ്ടുകള്‍ ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. പ്രതിസന്ധികള്‍, പ്രശ്‌നങ്ങള്‍, നാല്‍പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മുസ്ലീം യാഥാസ്ഥിത കുടുംബത്തില്‍ നിന്ന് ചലച്ചിത്ര/നാടക രംഗത്തേക്ക് ഒരു പെണ്‍കുട്ടി വരിക എന്നത് ആലോചിക്കാന്‍ പോലും കഴിയുമായിരുന്നില്ല. എന്തെല്ലാം പ്രതിസന്ധികള്‍ തരണം ചെയ്താണ് അന്ന് ഒരു കലാകാരിക്ക് രംഗപ്രവേശം ചെയ്യാന്‍ സാധിക്കുക. ഒരു പക്ഷെ കലയെ ദേശീയപ്രസ്ഥാനത്തിന്റെയും, സമരത്തിന്റേയുമൊക്കെ ഭാഗമാക്കിയ ഒരു സ്ഥലം കേരളം പോലെ മറ്റൊന്നില്ല”.

“അവാര്‍ഡുകള്‍ എന്നും ഒരു കലാകാരന്/ കലാകാരിക്ക് ഒരു ഉണര്‍വ്വാണ്. അതില്‍ വിവാദങ്ങള്‍ക്ക് സ്ഥാനമില്ല. വിവാദങ്ങള്‍ ഉണ്ടാക്കുവാന്‍ താല്പര്യമില്ല. മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ച ശ്വേത നല്ല നടിയാണ്. നല്ലൊരു അഭിനേത്രി”.

“ഇന്ന് അഭിനയം ഒരു 'പാഷനാ'ണ്. ഒന്ന് രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കണം, കുറച്ച് സ്റ്റേജ് പ്രോഗ്രാമുകള്‍, പിന്നെ വിവാഹം, കുടുംബം- അങ്ങനെ പോകും കാര്യങ്ങള്‍. അഭിനയം പണ്ടൊരു ജോലി കൂടി ആയിരുന്നു. ഞങ്ങള്‍ക്കത് ജീവിക്കാനുള്ള ഒരു മാര്‍ഗ്ഗംകൂടി ആയിരുന്നു. ഇന്ന് ജീവിക്കാന്‍ ഒരു മാര്‍ഗ്ഗം, പബ്ലിസിറ്റിയ്ക്ക് വേണ്ടി അഭിനയം. ഈ രീതിയൊന്നും ഇനി മാറില്ല. ഒരു പക്ഷേ ഇത് ഇങ്ങനെ തന്നെ പോകുന്നതാവും നന്ന്”.

“നാടകരംഗം ഇന്ന് അത്ര ശാശ്വതമല്ല. പ്രേക്ഷകര്‍ കുറഞ്ഞു. ഒരു വലിയ സമൂഹം ആളുകള്‍ വീടുകളില്‍ മാത്രമായി ഒതുങ്ങുന്നു. അവര്‍ക്കുവേണ്ടിമാത്രം ഉണ്ടാകുന്ന ചില സീരിയല്‍ കഥാപാത്രങ്ങള്‍. അങ്ങനെ നയിക്കപ്പെടുന്ന കുടുംബജീവിതം. ഇതൊക്കെയാണ് ഇന്ന് ആസ്വാദകരുടെ അവസ്ഥ. പിന്നെ എങ്ങനെ നാടകരംഗം നന്നാകും. എങ്കിലും നാടകരംഗത്ത് ചില പരിവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അത് വലിയ പ്രതീക്ഷയ്ക്ക് ഇട നല്‍കുന്നു”. ഇതിനോടകം പന്ത്രണ്ടായിരം വേദികള്‍ അഭിനയിച്ചുതീര്‍ത്ത നിലമ്പൂര്‍ ആയിഷ പറയുന്നു.

നവാഗതനായ സിദ്ധിഖ് കഥയെഴുതി സംവിധാനം ചെയ്ത കുട്ടികളുടെ ചിത്രമായ “ഊമക്കുയില്‍ പാടുമ്പോള്‍” എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിലമ്പൂര്‍ ആയിഷയെ മികച്ച രണ്ടാമത്തെ നടിക്കുള്ള ചലച്ചിത്രപുരസ്‌കാരം തേടിയെത്തുന്നത്.

എങ്കിലും മികച്ച കഥാപാത്രങ്ങള്‍ തേടിയെത്താത്ത നടിമാരുടെ കൂട്ടത്തില്‍ നിലമ്പൂര്‍ ആയിഷ എന്ന നടിയുമുണ്ടായിരുന്നുവെന്ന് കാലം വിളിച്ചുപറയുമെന്നുറപ്പ്. അതിന് തെളിവാണ് ഇപ്പോഴും അഭിനയം ഒരു സപര്യയാക്കി മാറ്റിയ നിലമ്പൂര്‍ ആയിഷയുടെ വലിയ കലാമനസ്.
വൈകിയെത്തിയ അംഗീകാരത്തിന്റെ നിറവില്‍ നിലമ്പൂര്‍ ആയിഷ വൈകിയെത്തിയ അംഗീകാരത്തിന്റെ നിറവില്‍ നിലമ്പൂര്‍ ആയിഷ വൈകിയെത്തിയ അംഗീകാരത്തിന്റെ നിറവില്‍ നിലമ്പൂര്‍ ആയിഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക