Image

ബാല്യകാലസഖി അഭ്രപാളിയിലേക്ക്

Published on 21 July, 2012
ബാല്യകാലസഖി അഭ്രപാളിയിലേക്ക്
തിരുവനന്തപുരം: ബാല്യകാലസഖിക്ക് ചലച്ചിത്രരൂപം നല്‍കാന്‍ പുതുമുഖങ്ങളെ തേടി ശില്‍പശാല. കേരള യൂനിവേഴ്‌സിറ്റി യൂനിയനും അണിയറ ശില്‍പികളും ചേര്‍ന്നാണ് ശില്‍പശാല സംഘടിപ്പിച്ചത്.
കവി ഒ.എന്‍.വി കുറുപ്പ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ തല്ലേറ്റു തഴമ്പിച്ച വിരലുകള്‍ കൊണ്ടെഴുതിയ കഥകളാണ് ബഷീറിന്‍േറതെന്നും നോബല്‍ സമ്മാനത്തിനുവരെ അര്‍ഹതയുള്ള ബാല്യകാലസഖി മലയാളത്തിന്റെ അഭിമാനമാണെന്നും ഒ.എന്‍.വി പറഞ്ഞു. നിലവിലിരുന്ന ഭാഷയെ ചാമ്പലാക്കി ഒരു ശൈലി ബഷീര്‍ ഭാഷക്ക് സമ്മാനിച്ചെന്ന് മുഖ്യാതിഥിയായിരുന്ന മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു.

കെ.പി.എ.സി ലളിത ‘ബഷീര്‍ കഥാപാത്ര രൂപരേഖ’ അനാച്ഛാദനം ചെയ്തു. സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍, തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍, നാടകപ്രവര്‍ത്തകരായ മുരളി മേനോന്‍, ബാലകൃഷ്ണന്‍, നടന്‍ സുരാജ് വെഞ്ഞാറമൂട്, പ്രിന്‍സിപ്പല്‍ ലീലാറാണി, നിര്‍മാതാവ് സജീബ് ഹാഷിം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം വിനീത് ഗോവിന്ദ്, യൂനിയന്‍ വൈസ് ചെയര്‍മാന്‍ എന്‍. പ്രമോദ് എന്നിവര്‍ സംസാരിച്ചു. ഞെരളത്ത് ഹരിഗോവിന്ദന്‍ ബാല്യകാലസഖിയിലെ ഗാനം ഇടയ്ക്കയില്‍ ആലപിച്ചു.

പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാല്യകാലസഖിയില്‍ 30ഓളം പുതുമുഖ താരങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യം. പി.എം.ജിയിലെ സ്റ്റുഡന്റ്‌സ് സെന്ററിലാണ് ശില്‍പശാല. അഞ്ചിനും 30നും ഇടക്ക് പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.

ബാല്യകാലസഖി അഭ്രപാളിയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക